സുധാകരന്റെ ലക്ഷ്യം പിണറായി ഇരിക്കുന്ന മുഖ്യമന്ത്രി കസേര, ഓളമുണ്ടാക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നാകും എന്ന് കരുതപ്പെട്ട കണ്ണൂരില്‍ പ്രചരണത്തിന് ആവേശമില്ല.
 

കണ്ണൂര്‍: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നാകും എന്ന് കരുതപ്പെട്ട കണ്ണൂരില്‍ പ്രചരണത്തിന് ആവേശമില്ല. കെപിസിസി പ്രസിഡന്റും സിറ്റിങ് എംപിയുമായ കെ സുധാകരനും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും നേര്‍ക്കുനേര്‍ വരുന്ന മണ്ഡലത്തില്‍ പ്രതീക്ഷിച്ച ഓളമില്ലെന്നാണ് ജനങ്ങളുടെ പ്രതികരണം.

പതിറ്റാണ്ടുകളോളമായി സുധാകരന്‍ സിപിഎമ്മിനെതിരെ നേര്‍ക്കുനേര്‍ പൊരുതുന്ന മണ്ഡലത്തില്‍ ഇതാദ്യമായിട്ടായിരിക്കും പ്രചരണ രംഗത്ത് ഇത്രയും ആവേശം കുറയുന്നത്. ജയരാജന്മാരില്‍ ഒരാള്‍ സുധാകരനുമായി ആദ്യമായി നേരിട്ട് കൊമ്പുകോര്‍ക്കുമ്പോള്‍ ഇരട്ടിയിലധികമായിരിക്കും തെരഞ്ഞെടുപ്പ് ആവേശമെന്ന് കണക്കുകൂട്ടിയിരുന്ന അണികള്‍ക്ക് നിരാശയാണ് ഫലം.

സ്ഥാനാര്‍ത്ഥിയെ നേരത്തെ തന്നെ തെരഞ്ഞെടുത്ത് മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം കൊണ്ടുപിടിച്ച പ്രചരണം ആരംഭിച്ചിരുന്നു. എന്നാല്‍, മത്സരിക്കാന്‍ ഒട്ടും താത്പര്യമില്ലെന്ന് പരസ്യമായി അറിയിച്ചിട്ടും സുധാകരനെ നിര്‍ബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ജയരാജനെതിരെ ജയിക്കാന്‍ സുധാകരന് മാത്രമേ സാധിക്കൂയെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടതും.

സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടും എതിരാളികള്‍ക്കെതിരെ പഴയ വീറോടെ പൊരുതാന്‍ സുധാകരന് താത്പര്യമില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും കെപിസിസി പ്രസിഡന്റ് സ്ഥാനത്തെ സ്ഥിരതയുമാണ് സുധാകരന്‍ ആഗ്രഹിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയസാധ്യതയുണ്ടെന്നും അങ്ങിനെയെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്തെത്താമെന്നും അദ്ദേഹം കരുതുന്നു. പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കില്‍ തനിക്കും ആകാമെന്നാണ് സുധാകരന്റെ കണക്കുകൂട്ടല്‍.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സുധാകരന്‍ ആവശ്യമുന്നയിച്ചത്. എന്നാല്‍, സുധാകരന്റെ സാന്നിധ്യം മറ്റു മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ അഭിപ്രായം. കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിച്ചാണ് ഒടുവില്‍ കണ്ണൂരില്‍ മത്സരിപ്പിച്ചതും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പികെ ശ്രീമതി ടീച്ചര്‍ക്കെതിരെ 94,559 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സുധാകരന്റെ വിജയം. യുഡിഎഫ് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിലെ സമാന സാഹചര്യം നിലവില്ല. അതുകൊണ്ടുതന്നെ കണ്ണൂരില്‍ കടുത്ത പോരാട്ടമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കണ്ണൂരില്‍ സുധാകരന്റെ മെല്ലെപ്പോക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. രണ്ടാംഘട്ട പ്രചരണം ആരംഭിക്കുമ്പോഴേക്കും സിപിഎമ്മിനൊപ്പമെത്താമെന്നും അവര്‍ കണക്കുകൂട്ടുന്നു.