കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ജീവിക്കാന്‍ അനുവദിക്കില്ല, സുധാകരന്റെ കൊലവിളി പ്രസംഗത്തില്‍ ഞെട്ടി പ്രവര്‍ത്തകര്‍
കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിമതര്‍ക്കെതിരായ കെ സുധാകരന്റെ കൊലവിളി പ്രസംഗത്തില്‍ ഞെട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് സുധാകരന്റെ ഭീഷണി. തടി വേണോ ജീവന് വേണോയെന്ന് ഓര്‍ക്കണമെന്നും സുധാകരന് ഭീഷണിപ്പെടുത്തി.
സഹകരണ ബാങ്കിനെ ചില കോണ്‍ഗ്രസുകാര്‍ ജീവിക്കാനുള്ള മാര്‍ഗമായി മാറ്റുകയാണ്. അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണംപിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ല. കോണ്‍ഗ്രസുതന്നെ അധികാരത്തില്‍വരും. പിന്നില്‍നിന്ന് കുത്തിയവരെ വെറുതേവിടില്ല. കണ്ണൂരിലെ സഹകരണ ബാങ്കുകള്‍ അടികൂടിയാണ് പിടിച്ചെടുത്തത്. എതിര്‍ക്കേണ്ടത് എതിര്‍ക്കണം, അടിക്കേണ്ടത് അടിക്കണം, കൊടുക്കേണ്ടത് കൊടുക്കണം. അതിനു മാത്രമേ വിലയുള്ളൂവെന്നും സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. തടി വേണോ ജീവന് വേണോ എന്ന് ഓര്‍ക്കണം. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബിജെപിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ്. അത് അനുവദിക്കില്ലെന്നും സുധാകരന് പറഞ്ഞു.
ചേവായൂര്‍ സഹകരണബാങ്കിനെ മറ്റൊരു കരുവന്നൂര്‍ ബാങ്ക് ആക്കിമാറ്റാന്‍ സമ്മതിക്കില്ല.അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണംപിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ലെന്നും കോണ്‍ഗ്രസുതന്നെ അധികാരത്തില്‍വരുമെന്നും പിന്നില്‍നിന്ന് കുത്തിയവരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച വിഷയമാണ് ചേവായൂരിലെ സഹകരണ ബാങ്ക് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായത്. ചേവായൂര്‍ സഹകരണബാങ്ക് ചെയര്മാന് ജി.സി. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ 53 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍നിന്ന് രാജിവെച്ചിരുന്നു. സുധാകരന്റെ ഭീഷണി പ്രവര്‍ത്തകരെ അമ്പരപ്പിച്ചു. സംയമനത്തിലൂടെ കൈകാര്യം ചെയ്യേണ്ട വിഷയം കെപിസിസി പ്രസിഡന്റ് കൊലവിളിയില്‍ എത്തിച്ചതോടെ പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് വിമതര്‍.