നാട്ടിലെ കച്ചവടം കാട്ടി അമേരിക്കയില്‍ നിന്നും കടം വാങ്ങിയ അദാനിക്ക് പണി കിട്ടിത്തുടങ്ങി, 734 മില്യണ്‍ ഡോളര്‍ കരാര്‍ റദ്ദാക്കി കെനിയ, ഇന്ത്യയിലെ സാധാരണക്കാരെ പിഴിഞ്ഞുണ്ടാക്കിയത് സഹസ്രകോടികള്‍
ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അദാനിയുടെ ഓഹരികള്‍ കുപ്പുകുത്താനിടയാക്കി. ഇന്ത്യയില്‍ സഹസ്രകോടികള്‍ കൈക്കൂലി കൊടുത്ത് ഊര്‍ജ്ജകമ്പനികള്‍ നേട്ടമുണ്ടാക്കിയിരുന്നു.
ആകെയുള്ള പ്രശ്‌നം ഇനിയങ്ങോട്ട് പല രാജ്യങ്ങളിലെയും കച്ചവടം നടക്കാന്‍ അദാനിജിയുടെ പൊളിറ്റിക്കല്‍ റെപ്രസെന്റേറ്റിവ് കൂടുതല്‍ അധ്വാനിക്കണം എന്നതാണ്.
കൊച്ചി: ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അദാനിയുടെ ഓഹരികള്‍ കുപ്പുകുത്താനിടയാക്കി. ഇന്ത്യയില്‍ സഹസ്രകോടികള്‍ കൈക്കൂലി കൊടുത്ത് ഊര്‍ജ്ജകമ്പനികള്‍ നേട്ടമുണ്ടാക്കിയിരുന്നു. കമ്പനികളുടെ മികവ് എടുത്തുപറഞ്ഞ് അമേരിക്കയില്‍ നിന്നും വായ്പ വാങ്ങിയതിനാണ് ഇപ്പോള്‍ നിയമനടപടികള്‍ക്ക് വിധേയനായിരിക്കുന്നത്. 2,200 കോടിയോളം രൂപ കൈക്കൂലി കൊടുത്താണ് അദാനിയുടെ കമ്പനി ഇന്ത്യയില്‍ ലാഭമുണ്ടാക്കിയത്. അദാനിക്കെതിരായ നടപടിയുടെ വിശദവിരങ്ങള്‍ ചൂണ്ടിക്കാട്ടിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബിന്റെ കുറിപ്പ് ശ്രദ്ധേയമായി.
കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഇപ്പൊ എന്തിനാണ് എല്ലാരും അദാനിച്ചേട്ടന്റെ പേരില്‍ പടക്കം പൊട്ടിക്കുന്നത്? ഇന്ന് വിഷുവാ?
ഒന്നൂല്ല. അദ്ദേഹം ഒരു നല്ല കാര്യം ചെയ്തു: ഇന്ത്യയില്‍ കുറച്ചു സൗരോര്‍ജ്ജം (8 GW) ഉണ്ടാക്കി വിറ്റു. നമ്മുടെ നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ അമേരിക്കന്‍ സായ്വിന്റെ കാശുകൊണ്ടുവന്നാണ് അദ്ദേഹം അത് ചെയ്തത്. അതിന്റെ പേരിലാണ് ആ മനുഷ്യനെ ഇങ്ങിനെ വേട്ടയാടുന്നത്.
ച്ചാല്‍?
സൗരോര്‍ജ്ജം ഉണ്ടക്കിയാല്‍ മാത്രം പോരല്ലോ, അത് വില്‍ക്കുകയും വേണമല്ലോ. അങ്ങിനെ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ കമ്പനിയായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (SECI) ഒരു കരാര്‍ ഉണ്ടാക്കി. ഈ സര്‍ക്കാര്‍ കമ്പനി ഈ കറന്റ് സംസ്ഥാനങ്ങള്‍ക്കു വില്‍ക്കും എന്നായിരുന്നു ധാരണ.
ഉണ്ടാക്കിവന്നപ്പോള്‍ വിലയിത്തിരി കൂടി, സംസ്ഥാനങ്ങള്‍ വാങ്ങില്ല എന്ന് വന്നു.
അപ്പോള്‍ എന്ത് ചെയ്യണം? അവരെക്കൊണ്ടു വാങ്ങിപ്പിക്കണം.
അത് സര്‍ക്കാര്‍ കമ്പനി കൂട്ടിയാല്‍ കൂടില്ലെന്നായപ്പോള്‍ ചേട്ടനും കമ്പനിയും നേരിട്ടിറങ്ങി. ചില്വാനം മുടക്കിയാല്‍ പാടാത്ത വീണയും പാടും എന്നാണല്ലോ ശ്രീകുമാരന്‍ തമ്പി എന്ന എന്‍ജിനീയര്‍ പാടിപ്പറഞ്ഞിട്ടുള്ളത്. ആ പാട്ടുകേട്ടവാറേ ആന്ധ്ര പ്രദേശ്, ഛത്തിസ്ഗഢ്, ഒഡിഷ, തമിഴ്‌നാട്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ വക വൈദ്യുതി വിതരണ കമ്പനികള്‍ നല്ല ലക്ഷണമൊത്ത ക്‌ളീന്‍ കറന്റ് വാങ്ങാന്‍ തീരുമാനമായി.
2020-21 കാലത്തെ കഥയാണ്.
അതിനുവേണ്ടി 2029 കോടി രൂപ കൈക്കൂലി കൊടുത്തു എന്നാണ് സായ്വ് പറയുന്നത്. അതില്‍ 1750 കോടി രൂപ ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് മാത്രം. ബാക്കിവരുന്ന കാശ് എല്ലാര്ക്കും കൂടി വീതിച്ചു എന്നുവേണം കണക്കാക്കാന്‍.
അയിന്?
ഇന്ത്യയില്‍ കച്ചവടം നടക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഇന്ത്യന്‍ കമ്പനി കൈക്കൂലി കൊടുത്തെങ്കില്‍ സായ്വിന് എന്ത് കുത്തിക്കഴപ്പാണ്?
ചോദ്യം ന്യായമാണ്.
സായ്വിന്റെ പ്രശ്‌നം ഇതില്‍ പല പദ്ധതികളും കാണിച്ചു അദാനിച്ചേട്ടന്‍ അമേരിക്കാവില്‍നിന്നു കാശു കടം വാങ്ങി എന്നതാണ്. ഏകദേശം മൂന്നു ബില്യണ്‍ ഡോളര്‍. അതില്‍ രണ്ടു ബില്യണ്‍ ബോണ്ടും ഒരു ബില്യണ്‍ ലോണും.
അങ്ങിനെ അമേരിക്കാവില്‍നിന്നു കാശു കടം വാങ്ങുമ്പോള്‍ ചില പേപ്പറുകളില്‍ ഒക്കെ ഒപ്പിട്ടുകൊടുക്കണം. അപ്പോളൊന്നും ഈ കൈക്കൂലിക്കഥ പറഞ്ഞിട്ടില്ല.
ശ്ശെടാ, കൈക്കൂലി കൊടുക്കുന്ന കാര്യം ആരെങ്കിലും പറയുമോ?
ഇല്ല. പക്ഷെ കൈക്കൂലി കൊടുക്കില്ല എന്ന് പറയണം. അങ്ങിനെയാണ് പോലും അവിടത്തെ നിയമം. അങ്ങിനെ പറഞ്ഞിട്ട് കൈക്കൂലി കൊടുത്താല്‍ ശിക്ഷിക്കാന്‍ നിയമമുണ്ട് പോലും! Foreign Corruption Prevention Act എന്ന് പേരുമുണ്ട്.
ആ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്യാനൊക്കെ കോടതി ഉത്തരവിട്ടിട്ടുണ്ട്.
സത്യത്തില്‍ തല പോകുന്ന കേസൊന്നുമല്ല. കൈക്കൂലി കാണാത്ത പുന്യാളന്‍മാരൊന്നുമല്ല സായിപ്പന്മാര്‍. ഇതിനുമുന്‍പും പലരും ഇമ്മാതിരി കേസില്‍ കുടുങ്ങിയിട്ടുണ്ട്, പിഴയടച്ചു രക്ഷപ്പെട്ടിട്ടുണ്ട്.
അതൊക്കെയെ ഇവിടെയും സംഭവിക്കാന്‍ സാധ്യതയുള്ളൂ.
ആകെയുള്ള പ്രശ്‌നം ഇനിയങ്ങോട്ട് പല രാജ്യങ്ങളിലെയും കച്ചവടം നടക്കാന്‍ അദാനിജിയുടെ പൊളിറ്റിക്കല്‍ റെപ്രസെന്റേറ്റിവ് കൂടുതല്‍ അധ്വാനിക്കണം എന്നതാണ്. കെനിയ 600 മില്യണ്‍ ഡോളറിന്റെ ഒരു കോണ്ട്രാക്റ്റ് ഇന്നലെ റദ്ദാക്കി. അതിനി തിരികെപ്പിടിക്കണമെങ്കില്‍ ചിലവുണ്ടാകും, അല്ലെങ്കില്‍ അങ്ങോട്ടൊരു സ്റ്റെയ്റ്റ് വിസിറ്റ് വേണ്ടിവരും. അമേരിക്ക ഇങ്ങിനെയൊരു കുന്ത്രാണ്ടം ഒപ്പിച്ചതുകൊണ്ട് ചില രാജ്യങ്ങള്‍ ഒറ്റയിരുപ്പിനു കോണ്‍ട്രാക്ടുകള്‍ കൊടുക്കാന്‍ സാധ്യതയില്ല, ഒന്നിലധികം സ്റ്റെയ്റ്റ് വിസിറ്റുകള്‍ വേണ്ടിവരും. റേറ്റിങ് ഏജന്‍സികള്‍ ചിലപ്പോള്‍ ഗ്രെയ്ഡ് താഴ്ത്തും, അപ്പോള്‍ പണം കിട്ടാന്‍ ബുദ്ധിമുട്ടാകും, പലിശ കൂടും.
അങ്ങിനെയങ്ങിനെ ചില്ലറ പ്രശ്‌നങ്ങള്‍.
അത്രേയൊക്കെയേ ഉള്ളൂ.
***
അത് അദാനിജിയുടെ പ്രശ്‌നങ്ങള്‍.
നമ്മുടേതോ?
സാധാരണ മനുഷ്യന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാരുടെ രീതികളാണ് തുണിയഴിച്ചിട്ടു നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്. 1750 കോടി രൂപ ജഗന്‍ മോഹന്‍ റെഡ്ഢി എന്ന ഒരൊറ്റ മനുഷ്യന് കൊടുത്തു എന്നാണ് സായിപ്പ് പറയുന്നത്. ആ കാശിന്റെ പത്തിരട്ടി ഉണ്ടാക്കാനാണല്ലോ ആ പണം മുടക്കിയത്.
ആര് കൊടുക്കും ആ കാശ്?
ആന്ധ്ര പ്രദേശിലെ പാവപ്പെട്ട മനുഷ്യര്‍ കൊടുക്കും ആ കാശ്.
അതിനെപ്പറ്റി വല്ല ചര്‍ച്ചയും നടക്കുമോ?
ഉണ്ട നടക്കും.
ഇന്ത്യയില്‍ സൗരോര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ സായിപ്പിന്റെ കാശുകൊണ്ടുവന്ന രാജ്യസ്‌നേഹിയായ അദാനിജിയ്ക്കൊപ്പം എന്ന് മിത്രങ്ങള്‍ കാച്ചും. അമേരിക്ക എപ്പഴാണ് നിങ്ങള്‍ക്കിത്ര പൊന്നുംകുടമായതു എന്നും ചോയ്ക്കും. അധികാരത്തിലുണ്ടായിരുന്ന കാലത്തുമുഴുവന്‍ ജഗന്‍മോഹന്‍ റെഡ്ഢി ബി ജേ പിയ്ക്കൊപ്പമായിരുന്നു എന്നത് ആരും ഓര്‍ക്കില്ല. കാശ്മീരില്‍ അന്ന് ഗവര്‍ണര്‍ ഭരണമായിരുന്നു എന്നും.
തമിഴ്നാട്ടിലും കാശുകൊടുത്തല്ലോ, ഡി എം കെ സി പി എമ്മിന്റെ സഖ്യകക്ഷിയല്ലേ എന്ന് വി ഡി സതീശന്‍ ഇതുവരെ ചോദിച്ചില്ലെങ്കില്‍ ഇനി ചോദിക്കും. അതോടെ ഗോവിന്ദന്‍മാഷ് കേസില്‍ പ്രതിയാകും. കോണ്‍ഗ്രസും സഖ്യകഷിയല്ലേ, ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം നടക്കുമ്പോഴല്ലേ കച്ചവടം നടന്നത് എന്ന് ചോദിക്കാനാരും ഉണ്ടാവില്ല.
ഒരു കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുമുണ്ടല്ലോ കേസില്‍ എന്ന് അന്വേഷണകുതുകിയായ ഒരു പത്രപ്രവര്‍ത്തകന്‍ കണ്ടുപിടിക്കുന്നതോടെ എല്ലാ ചോദ്യങ്ങള്‍ക്കും കേരളത്തില്‍ ഉത്തരം പറയേണ്ട ബാധ്യത പിണറായി വിജയനാകും.