നായര്‍ ഭൂരിപക്ഷ പ്രദേശമായ കൊല്ലത്ത് ജാതിക്കാര്‍ഡിറക്കി പ്രേമചന്ദ്രന്‍, 'ഹിറ്റ്‌ലര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിറങ്ങിയാലും പറയാം, എന്തൊരു സാധു മനുഷ്യന്‍'

ആര്‍എസ്പി നേതാവും എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് വിരുന്നിന് പോയ സംഭവത്തിന്റെ അലയൊലി അടങ്ങുന്നില്ല.
 

തിരുവനന്തപുരം: ആര്‍എസ്പി നേതാവും എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് വിരുന്നിന് പോയ സംഭവത്തിന്റെ അലയൊലി അടങ്ങുന്നില്ല. പ്രേമചന്ദ്രനെതിരെ ഇടതുപ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവുമായെത്തിയതോടെ പലതരത്തിലും പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് കൊല്ലം എംപി നടത്തുന്നത്.

ഏറ്റവുമൊടുവിലായി നായര്‍ കാര്‍ഡിറക്കി പ്രധാനമന്ത്രിക്കൊപ്പമുള്ള വിരുന്നിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് പ്രേമചന്ദ്രന്‍. താന്‍ നായരായതുകൊണ്ടാണ് സിപിഎം തനിക്കെതിരെ തിരിയുന്നതെന്ന് എംപി പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നായര്‍ സമുദായം കൊല്ലം ജില്ലയിലാണ്. 30 ശതമാനത്തോളം നായര്‍ സമുദായമുള്ള കൊല്ലം മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയാല്‍ സമുദായത്തിന്റെ വോട്ടുകിട്ടുമെന്നാണ് പ്രേമചന്ദ്രന്റെ പ്രതീക്ഷ.

മണിപ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പലഭാഗത്തും ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ വംശീയഹത്യ നടക്കുമ്പോഴും പ്രധാനമന്ത്രി ക്ഷണിച്ച അപൂര്‍വം എംപിമാരിലൊരാളായി പ്രേമചന്ദ്രന്‍ വിരുന്നിന് എത്തിയത് യുഡിഎഫിനെ ക്ഷീണിപ്പിക്കുന്നതാണ്. വിരുന്നില്‍ പങ്കെടുക്കുക മാത്രമല്ല പ്രധാനമന്ത്രിയെ വാനോളം  പുകഴ്ത്തുകകൂടി ചെയ്തതോടെ പ്രേമചന്ദ്രന്റെ സംഘപരിവാര്‍ സ്‌നേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസപ്പെരുമഴയാണ്.

എന്നാല്‍, അവസാനത്തെയാളെയും ഭയപ്പെടുത്തുന്ന അഗ്രസ്സീവ് ഹിന്ദുത്വയുടെ അമരക്കാരനായി നില്‍ക്കുന്നയാളെയാണ് പ്രേമചന്ദ്രന്‍ വെളുപ്പിച്ചതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ് പറയുന്നു. ഹിറ്റ്‌ലര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിറങ്ങിയാലും പറയാം, അദ്ദേഹം എന്തൊരു സാധു മനുഷ്യന്‍, സംഗീതം കേള്‍ക്കും, നായകളെ സ്‌നേഹിക്കും, വെജിറ്റേറിയനുമാണ്. വര്‍ത്തമാനം കൈവിട്ടുപോയി എന്ന് ആര്‍ക്കും മനസിലാകുന്നതിനുമുമ്പുതന്നെ പ്രേമചന്ദ്രന്‍ ജി യ്ക്ക് അത് മനസിലായെന്നും ജേക്കബ് പരിഹസിക്കുന്നുണ്ട്.

കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഉച്ചയൂണിനു ഒരു കമ്പനി വേണമെന്ന് ജിയ്ക്കു തോന്നി, അഞ്ചാറുപേരെ വിളിച്ചു.
സത്യത്തില്‍ നല്ല കാര്യമാണ്.
വല്ലപ്പോഴും മനുഷ്യരോടും കൂടെ ഇടപടണം.  
അങ്ങിനെയാണ് പ്രേമചന്ദ്രന്‍ ജി അതില്‍ ചെന്ന് ചാടിയത്.
(സംസിദ് പത്ര എന്നൊരു ബി ജെ ഡി ക്കാരനുമുണ്ടായിരുന്നു. ഒരു ദിവസം സന്‍സദ് ടിവിയില്‍ ആളുടെ പെര്‍ഫോമന്‍സ് കണ്ടു ഞാന്‍ പോയി നോക്കിയിരുന്നു. ഉഗ്രഗ്രന്‍ കഥാപാത്രമാണ്).
ഭക്ഷണം കഴിച്ചു, നന്നായിരുന്നു എന്ന് പറഞ്ഞു തീര്‍ത്താല്‍ മതി. അതിനു പകരം അദ്ദേഹം എന്തൊരു കുലീനന്‍, എന്തൊരു മര്യാദക്കാരന്‍, എന്തൊരു സാധാരണക്കാരന്‍ എന്ന മട്ടില്‍ വൈറ്റ് വാഷിംഗിനു കൊട്ടേഷനെടുത്തു സംസാരിച്ചതാണ് വിഷയമായത്.
ഇപ്പോള്‍ കാണുന്ന ജി ആറുമാസം മുന്‍പ് കാണുന്ന ജി പോലുമല്ല. 150-ലധികം പ്രതിപക്ഷ അംഗങ്ങളെ ഒറ്റയടിക്കാണ് പാര്‌ലമെന്ററില്‍നിന്നു പുറത്താക്കിയത്; അതും ഒരു മുഴുവന്‍ സെഷനിലേയ്ക്ക്. പരിവാരത്തിന്റെ രാഷ്ട്രീയ അജണ്ടയുടെ പ്രതിഷ്ഠാകര്‍മ്മം ഇതുവരെ കാണാത്തത്ത വിധത്തില്‍ ഫ്രിഞ്ച് ഗ്രൂപ്പുകളെ ലഹരിപിടിപ്പിച്ചിരിക്കുന്നു; അവസാനത്തെയാളെയും ഭയപ്പെടുത്തുന്ന അഗ്രസ്സീവ് ഹിന്ദുത്വയുടെ അമരക്കാരനായി നില്‍ക്കുന്നയാളെയാണ് ഇമ്മാതിരി വെളുപ്പിച്ചത്.  

ഹിറ്റ്‌ലര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിറങ്ങിയാലും പറയാം: അദ്ദേഹം എന്തൊരു സാധു മനുഷ്യന്‍, സംഗീതം കേള്‍ക്കും, നായകളെ സ്‌നേഹിക്കും, വെജിറ്റേറിയനുമാണ്.   
വര്‍ത്തമാനം കൈവിട്ടുപോയി എന്ന് ആര്‍ക്കും മനസിലാകുന്നതിനുമുമ്പുതന്നെ പ്രേമചന്ദ്രന്‍ ജി യ്ക്ക് മനസിലായി.
'ഞാന്‍ സംഘിയല്ല' നാമജപയാത്ര അപ്പോള്‍ തുടങ്ങിയതാണ്.
ആദ്യം പറഞ്ഞു ഊണിനുശേഷം പോയി വൈറ്റ് പേപ്പറിനെതിരെ ലോക്‌സഭയില്‍ ഘോരഘോരം പ്രസംഗിച്ചുവെന്ന്.
പ്രമേന്ദ്രന്‍ ജിയുടെ ഘോരഘോരപ്രസംഗം എന്ന് കേള്‍ക്കുമ്പോഴേ ആളുകള്‍ക്ക് സംശയമുണ്ടാകും. യു ഡി എഫിനെതിരെയും ഉമ്മന്‍ചാണ്ടിയ്ക്കെതിരെയും എത്ര ഘോരം പ്രസംഗിച്ചതാണ്? മൂന്നിന്റന്ന് അത് മറന്നു.
ചരിത്രം ആളുകള്‍ക്കറിയാം.
അവര്‍ക്കതറിയാമെന്നു പ്രേമചന്ദ്രനുമറിയാം.
അതുകൊണ്ടു എളമരം കരീമിനെ സംഘിയാക്കാന്‍ നോക്കി. തൊഴിലാളി യൂണിയനുകളുടെ സമ്മേളനത്തില്‍ ഒരു സെഷനിലെങ്കിലും സഹോദര സംഘടനകളും വന്നു സംസാരിക്കും. ഐ എന്‍ ടി യു സി കാരനും യു ടി യു സി കാരനും പോകും. യു ഡി എഫ് എം പി യ്ക്ക് അതറിയേണ്ടതാണ്.
അതും ചെലവാകില്ല എന്ന് വന്നപ്പോഴാണ് റവലൂഷനറി സോഷ്യലിസ്റ്റ് ആ ദയനീയ പതനത്തില്‍ എത്തിയത്, നായര്‍ കാര്‍ഡിറക്കിയത്.     
വോട്ടുകിട്ടും.
പക്ഷെ നിങ്ങള്‍ വെള്ളയടിച്ചു വെളുപ്പിക്കാന്‍ നോക്കുന്നയാളെ ആളുകള്‍ക്കറിയാം.
നന്നായി അറിയാം.
അവര്‍ക്കതറിയാമെന്നു നിങ്ങള്‍ക്കുമറിയാം.  
പ്രേമചന്ദ്രന്‍ സാര്‍, കുഴിയില്‍ കിടന്നു നിങ്ങള്‍ കുഴിക്കുന്നത് കാണാന്‍ ഒരു രസമുണ്ട്.