മാതൃഭൂമിയില്‍ സ്ത്രീവേട്ട, ഒരു സ്ത്രീയും അവിടെ സുരക്ഷിതയല്ല, അഞ്ജനയുടെ വെളിപ്പെടുത്തല്‍ മുക്കി മുഖ്യധാരാ മാധ്യമങ്ങള്‍, മുതിര്‍ന്ന മാധ്യപ്രവര്‍ത്തകയ്ക്ക് പിന്തുണയേറുന്നു

മാതൃഭൂമി പത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായിരുന്ന അഞ്ജന ശശിയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയാക്കാതെ മുഖ്യധാരാ മാധ്യമങ്ങള്‍. സിനിമാലോകത്തെ വെളിപ്പെടുത്തലുകള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി വാര്‍ത്തയാക്കാന്‍ ഓടിനടക്കുന്നവര്‍ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍ അറിയില്ലെന്ന് നടിക്കുകയാണ്.
 

കോഴിക്കോട്: മാതൃഭൂമി പത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായിരുന്ന അഞ്ജന ശശിയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയാക്കാതെ മുഖ്യധാരാ മാധ്യമങ്ങള്‍. സിനിമാലോകത്തെ പീഡനങ്ങള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി വാര്‍ത്തയാക്കാന്‍ ഓടിനടക്കുന്നവര്‍ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍ അറിയില്ലെന്ന് നടിക്കുകയാണ്. സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ ക്രൂരമായ പീഡനം തുറന്നുപറഞ്ഞ് അഞ്ജന കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.  

മാതൃഭൂമി എംഡി ശ്രേയാംസ് കുമാറിന് തുറന്ന കത്തെഴുതിയാണ് അഞ്ജന രാജിവച്ചത്. കഴിഞ്ഞ വേജ് ബോര്‍ഡ് സമരകാലത്തെ നാട് കടത്തലിന് നേതൃത്വം കൊടുത്ത സീനിയര്‍ എച്ച്. ആര്‍ മാനേജര്‍ ആനന്ദിനെതിരെ പരാതി നല്‍കി എന്ന കാരണത്തില്‍ ക്രൂരമായ സ്ത്രീവേട്ടയാണ് നടന്നതെന്ന് അഞ്ജന പറയുന്നു. ഇയാള്‍ക്കെതിരേ മേലധികാരികള്‍ക്ക് പരാതി നല്‍കി എന്നതിന്റെ പേരില്‍ രണ്ടുവര്‍ഷമായി പീഡനം നേരിടുകയാണെന്ന് അഞ്ജന ശശി കത്തില്‍ വെളിപ്പെടുത്തി.

താന്‍ രോഗിയാണെന്നിരിക്കെ മരുന്നു കഴിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം പോലും ഇല്ലാതാക്കുകയും ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരെ ഇയാള്‍ സ്വാധീനിക്കുകയും ചെയ്തു. അന്വേഷണ കമ്മീഷന്‍ തന്നെ വീണ്ടും അപമാനിച്ചു. ഇനി തനിക്ക് നിയമവഴിക്കു പോവുകയല്ലാതെ നിവൃത്തിയില്ലെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.

എഡിറ്റര്‍ മനോജ് കെ ദാസും എച്ച്.ആര്‍ ആനന്ദും തമ്മിലുള്ള വ്യക്തിവിരോധത്തിന് തന്നെ ഇരയാക്കിയതാണ്. തനിക്ക് പ്രമോഷനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിഷേധിക്കപ്പെട്ടു. മാതൃഭൂമിക്കുള്ളില്‍ നിന്നു പോരാടി നീതിലഭിക്കാത്തതിനാല്‍ നിയമപോരാട്ടത്തിനായി മാന്യമായി രാജി വച്ച് ഇറങ്ങി പുറത്തു നിന്നു പോരാടാന്‍ തന്നെയാണ് തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കി. പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡ്ബ്യൂജെ) സംസ്ഥാന സെക്രട്ടറി കൂടിയാണ് അഞ്ജന ശശി.

സ്ഥാപനത്തിലെ ഏത് പുരുഷനും സ്ത്രീകളോട് അശ്ലീല ആംഗ്യമോ ശരീര ഭാഷയോ കാണിക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എംഡി ശ്രേയംസ്‌കുമാറിന്റെ പെണ്‍മക്കള്‍ പോലും സ്ഥാപനത്തില്‍ സുരക്ഷിതരല്ലെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ആകെയും ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള മാതൃഭൂമിയുടെയും അന്തസ് ഉയര്‍ത്തി പിടിക്കുന്ന കര്‍ശന തിരുത്തല്‍ നടപടിക്ക് മാനേജ്മെന്റ് തയ്യാറാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

ഈ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനായുള്ള അഞ്ജന ശശിയുടെ പോരാട്ടത്തിന് യൂണിയന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു.

നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ ഇന്ത്യ (NWMI), കേരള ഘടകവും അഞ്ജനയ്ക്ക് പിന്തുണയുമായെത്തി. പരാതിക്കാരിയുടെ മൊഴികളും തെളിവുകളും അവഗണിക്കപ്പെട്ടെന്നും തൊഴിലിടത്തില്‍ പീഡനം നേരിട്ടതായുള്ള അഞ്ജന ശശിയുടെ പരാതി ഗൗരവമായി പരിഗണിക്കപ്പെട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.