ജയരാജനും രാജേഷിനുമെതിരെ ഉണ്ടായിരുന്നത് ദുര്‍ബല തെളിവുകള്‍ മാത്രം, സിബിഐയ്ക്ക് വിട്ടത് കെമാല്‍ പാഷ, അറസ്റ്റും വിവാദവും കഴിഞ്ഞ് ഒടുവില്‍ കുറ്റവിമുക്തര്‍
കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധിവരുമ്പോള്‍ ഏറെ ആശ്വാസമാകുന്നത് സിപിഎമ്മിനാണ്.
ജയരാജനും രാജേഷിനും എതിരെ രാഷ്ട്രീയപ്രേരിതമായ കേസാണെന്ന സിപിഎം വാദം ശരിവെക്കുന്നതാണ് കോടതിവിധി. ജയരാജനെ സിബിഐ അറസ്റ്റ് ചെയ്തതും തുടര്‍ന്നുണ്ടായ സംഭവങ്ങളും സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദമായിരുന്നു.
കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധിവരുമ്പോള്‍ ഏറെ ആശ്വാസമാകുന്നത് സിപിഎമ്മിനാണ്. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയ കൊലക്കേസില്‍ സംസ്ഥാന നേതാക്കളായ ജയരാജനും ടിവി രാജേഷും കുറ്റവിമുക്തരാക്കപ്പെട്ടു. ആകെ 13 പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ 18 പ്രതികളേയും വെറുതെവിട്ടു.
ജയരാജനും രാജേഷിനും എതിരെ രാഷ്ട്രീയപ്രേരിതമായ കേസാണെന്ന സിപിഎം വാദം ശരിവെക്കുന്നതാണ് കോടതിവിധി. ജയരാജനെ സിബിഐ അറസ്റ്റ് ചെയ്തതും തുടര്‍ന്നുണ്ടായ സംഭവങ്ങളും സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദമായിരുന്നു.
2012 ഫെബ്രുവരി 20ന് തളിപ്പറമ്പിന് സമീപം കീഴറയിലെ വള്ളുവന് കടവില്‍ വെച്ചാണ് എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (21) കൊല്ലപ്പെട്ടത്. അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെ 33 പേരാണ് കേസിലെ പ്രതികളായുണ്ടായിരുന്നത്.
തളിപ്പറമ്പ് അരിയില്‍ മേഖലയിലെ സംഘര്‍ഷ സ്ഥലത്ത് സന്ദര്‍ശനത്തിനെത്തിയ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വാഹനവ്യൂഹത്തിന് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ അക്രമികളെ പിന്തുടര്ന്നു. ഷുക്കൂറും നാല് മറ്റ് യുവാക്കളും കീഴറയിലെ ഒരു വീട്ടില്‍ അഭയം തേടി. സിപിഎം പ്രവര്‍ത്തകരുടെ സംഘം വീട്ടുടമകളെ ഭയപ്പെടുത്തി യുവാക്കളെ പുറത്തിറക്കി. മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ഐഡന്റിറ്റി പരിശോധിച്ചു. മൂന്ന് പേരെ വിട്ടയച്ചു. ഷുക്കൂറിനെയും സക്കറിയയെയും സമീപമുള്ള വയലിലേക്ക് കൊണ്ടുപോയി കുത്തേല്‍പ്പിച്ചു. ഷുക്കൂര്‍ മരിച്ചു, സക്കറിയ രക്ഷപ്പെട്ടു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. അന്ന് ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെമാല്‍ പാഷയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. സിപിഎമ്മിനേയും സംസ്ഥാന പോലീസ് അന്വേഷണത്തേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കോടതിയുടെ പ്രത്യേകാധികാരം വിനിയോഗിച്ചായിരുന്നു ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ നടപടി. പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കുറ്റത്തില്‍ നിന്നൊഴിവാക്കാന്‍ അന്വേഷണോദ്യഗസ്ഥന്‍ കഠിനപ്രയത്നം വേണ്ടിവന്നുവെന്നും പ്രാദേശിക രാജാക്കന്മാര് കേസന്വേഷണത്തെ നിയന്ത്രിക്കുന്നത് അനുവദിക്കാനാകില്ലെന്നും മറ്റുമുള്ള കടുത്ത പരാമര്‍ശങ്ങള്‍ അന്ന് കോടതിയില്‍ നിന്നുണ്ടായിരുന്നു.
ജയരാജനുനേരെയുള്ള ആക്രമണത്തിന്റെ പ്രതികാരമായാണ് ഷുക്കൂറിനെ വധിച്ചതെന്നാണ് സിബിഐയുടെ കുറ്റപത്രം. ഷുക്കൂര്‍ ആ ആക്രമണത്തില്‍ പങ്കെടുത്തയാളാണെന്ന് ആരോപിച്ചാണ് കൊല.
ഇരുവര്‍ക്കും കൊലപാതക പദ്ധതിയെക്കുറിച്ച് മുന്‍കൂട്ടിയുള്ള അറിവുണ്ടായിരുന്നുവെന്നും, അത് മറച്ചുവെച്ചുവെന്നുമാണ് ആരോപണം. മുഖ്യപ്രതികള്‍ ഗൂഢാലോചന നടത്തുന്നത് സഹകരണ ആശുപത്രിയിലെ 315-ാം മുറിയില്‍ വെച്ച് ജയരാജനും രാജേഷും കേട്ടുവെന്നും കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ചുമെന്നും സിബിഐ പറയുന്നു. ജയരാജനും രാജേഷും നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്തില്ലെന്ന് പ്രോസിക്യൂഷന് തന്നെ പറയുന്നു. ഗൂഢാലോചനയും അറിവ് മറച്ചുവെക്കലുമാണ് ആരോപണം.
2024 സെപ്റ്റംബറില്‍ ജയരാജനും രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളി. തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി വിചാരണയ്ക്ക് ഉത്തരവിട്ടു. വിചാരണ 2025 മെയ് 5ന് ആരംഭിച്ച് ഏകദേശം 17 മാസം നീണ്ടു. 41 സാക്ഷികളെ വിസ്തരിച്ചു. ആകെ 33 പ്രതികളില്‍ രണ്ട് പേര് മരിച്ചു. 31 പേര് വിചാരണ നേരിട്ടു. എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്തും പ്രതിപ്പട്ടികയിലുണ്ട്.
ഗൂഢാലോചനയെ തെളിയിക്കാന്‍ ആവശ്യമായ ചില പ്രധാന സാക്ഷികള്‍ വിദേശത്തായതിനാല്‍ കോടതിയില്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. ഇത് വിധിയെ സ്വാധീനിച്ചു.
സാക്ഷികളുടെ അഭാവം, തെളിവുകളുടെ സ്വഭാവം എന്നിവ കാരണം നേതാക്കള്‍ക്കെതിരെയുള്ള ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ കുറ്റവിമുക്തരാകുമെന്ന് സിപിഎം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു.
പി ജയരാജനെ കൊലപാതകിയാക്കാനുള്ള ശ്രമം യുഡിഎഫും സിബിഐയും നടത്തുന്നു എന്ന ആരോപണം സിപിഎം തുടക്കംമുതല്‍ ഉന്നയിച്ചിരുന്നു. നേതാക്കളും ഭൂരിഭാഗം പ്രതികളും കുറ്റവിമുക്തരാകുമ്പോള്‍ സിബിഐ അന്വേഷണവും സിപിഎമ്മിന്റെ ആരോപണവും വീണ്ടും ചര്‍ച്ചയാകുമെന്നുറപ്പാണ്.