ബുമ്ര മുംബൈ ടീമില്‍ നിന്നും പുറത്തേക്ക്, സീസണില്‍ ഒറ്റ വിക്കറ്റ് പോലുമില്ല, ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തിയോ?

ഐപിഎല്‍ 2026 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം ജസ്പ്രീത് ബുമ്ര ഇതുവരെ ഒരു വിക്കറ്റ് പോലും നേടാത്തത് ആരാധകരെ അമ്പരപ്പിക്കുന്നു.

 

തുടര്‍ച്ചയായ അഞ്ചാമത്തെ മത്സരത്തിലും ബുമ്ര വിക്കറ്റ്ലെസ് ആയി തുടര്‍ന്നു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ ആദ്യ വിക്കറ്റ് നേടുമെന്ന് കരുതിയെങ്കിലും ആരാധകര്‍ നിരാശിയിലായി.

മുംബൈ: ഐപിഎല്‍ 2026 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം ജസ്പ്രീത് ബുമ്ര ഇതുവരെ ഒരു വിക്കറ്റ് പോലും നേടാത്തത് ആരാധകരെ അമ്പരപ്പിക്കുന്നു. തുടര്‍ച്ചയായ അഞ്ചാമത്തെ മത്സരത്തിലും ബുമ്ര വിക്കറ്റ്ലെസ് ആയി തുടര്‍ന്നു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ ആദ്യ വിക്കറ്റ് നേടുമെന്ന് കരുതിയെങ്കിലും ആരാധകര്‍ നിരാശയിലായി.

മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ മത്സരം ജയിച്ചതിന് ശേഷം നാല് തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. ബുമ്രയുടെ ഫോമില്ലായ്മ മുംബൈയുടെ തോല്‍വിക്ക് കാരണമാകുന്നുണ്ട്. ലോകകപ്പിലെ ഉജ്വല പ്രകടനത്തിനുശേഷം ഐപിഎല്ലിലെത്തിയ താരത്തിന് മതിയായ വിശ്രമം ലഭിക്കാത്തതാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തലുകള്‍.

ബുമ്രയുടെ പന്തുകളുടെ വേഗത കുറഞ്ഞതായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി. ഫോമില്‍ വലിയ പ്രശ്‌നമൊന്നുമില്ല. എന്നാല്‍, ഈ സീസണില്‍ അദ്ദേഹത്തിന്റെ ശരാശരി വേഗത ഏകദേശം 130 കിലോമീറ്റര്‍ മാത്രമാണ്. സ്ലോവര്‍ ബോളുകള്‍ 44 ശതമാനം വരെ ഉപയോഗിക്കുന്നുണ്ട്.

പഠാന്റെ അഭിപ്രായത്തില്‍ ലളിതമായ ഒരു മാറ്റത്തിലൂടെ ബുമ്രയ്ക്ക് മികവിലേക്ക് തിരികെവരാം. കൂടുതല്‍ ഫാസ്റ്റ് ഡെലിവറികള്‍ എറിയുകയും സ്ലോവര്‍ ബോളുകളുടെ ശതമാനം കുറയ്ക്കുകയും ചെയ്താല്‍ ഫലങ്ങള്‍ വരും. ഇത് വളരെ ലളിതമായ പരിഹാരമാണ്. ബുമ്രയ്ക്ക് കോച്ചിങ് ആവശ്യമില്ല, എന്നാല്‍ നമ്പറുകള്‍ കാണിക്കുന്നത് ഇതാണെന്ന് പഠാന്‍ വ്യക്തമാക്കി.

44 ശതമാനം സ്ലോവര്‍ ബോളുകളും 130 കിമീ താഴെയുള്ള ശരാശരി വേഗതയും കാരണം പേസ് കൂട്ടേണ്ടതുണ്ട്. സ്ലോവര്‍ ബോളുകള്‍ കൂടുതല്‍ എറിയുമ്പോള്‍ ശരാശരി വേഗത സ്വാഭാവികമായി കുറയും. സ്ലോവര്‍ ബോളുകളുടെ ശതമാനം 30-35 ശതമാനമായി കുറച്ച് കൂടുതല്‍ ഫാസ്റ്റ് ബോളുകള്‍ എറിഞ്ഞാല്‍ സ്ലോവറുകള്‍ കൂടുതല്‍ ഫലപ്രദമാകും. സീം, സ്വിങ് എന്നിവയും ചേര്‍ന്നാല്‍ ബാറ്റര്‍മാരെ പുറത്താക്കാനും സാധിക്കും.

ഐപിഎല്ലിലെ തന്റെ ദീര്‍ഘകാല മികവിന് ശേഷം ബുമ്രയ്ക്ക് ഇത്തവണ അസാധാരണമായ തുടക്കമാണ്. മുംബൈ ഇന്ത്യന്‍സ് ആരാധകരും ടീം മാനേജ്‌മെന്റും ബുമ്ര ഫോം തിരിച്ചുപിടിക്കാന്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ ബുമ്രയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ മൈതാനത്ത് തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരത്തിന്റെ അതൃപ്തി വ്യക്തമാണ്. ബുമ്രയ്ക്ക് അനുയോജ്യമായ ഫീല്‍ഡ് ഒരുക്കാന്‍ പാണ്ഡ്യ തയ്യാറായില്ല. അടുത്ത കളികളില്‍ ബുമ്രയ്ക്ക് വിശ്രമം നല്‍കുന്ന കാര്യം ടീം മാനേജ്‌മെന്റ് ആലോചിക്കുകയാണ്.