വര്‍ഷങ്ങളായി കെഞ്ചിയിട്ടും കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പദവിയില്ല, അംബാനിയുടെ മകന്റെ വിവാഹത്തിനായി വ്യോമസേന താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കി

ലക്ഷക്കണക്കിന് സാധാരണക്കാര്‍ ആശ്രയിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളെ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരന്തരം തള്ളുന്നതിനിടെ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിനായി വ്യോമസേനയുടെ തന്ത്രപ്രധാന വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവള പദവി നല്‍കി.
 

 

കണ്ണൂര്‍: ലക്ഷക്കണക്കിന് സാധാരണക്കാര്‍ ആശ്രയിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളെ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരന്തരം തള്ളുന്നതിനിടെ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിനായി വ്യോമസേനയുടെ തന്ത്രപ്രധാന വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവള പദവി നല്‍കി. ഗുജറാത്ത് ജാംനഗറിലെ പ്രതിരോധ വിമാനത്താവളത്തിന് ഫ്രബ്രുവരി 25 മുതല്‍ മാര്‍ച്ച് അഞ്ചുവരെയാണ് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി താല്‍ക്കാലികമായി നല്‍കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചടങ്ങിനെത്തുന്നവര്‍ക്ക് വേദിയുടെ അടുത്ത് വിമാനമിറങ്ങാനാണ് രാജ്യസുരക്ഷ കാറ്റില്‍പ്പറത്തിയുള്ള നടപടി.

2018ല്‍ ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശവിമാനങ്ങളിറങ്ങാനുള്ള പോയിന്റ് ഓഫ് കോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഇത് വിവേചനമല്ലേയെന്ന് കോണ്‍ഗ്രസ് ദേശീയവക്താവ് ഡോ. ഷമ മുഹമ്മദ് ചോദിച്ചു.

പാക് അതിര്‍ത്തിയോട് ചേര്‍ന്ന വ്യോമസേനയുടെ തന്ത്രപ്രധാന വിമാനത്താവളമാണ് സഹസ്രകോടീശ്വരന്റെ മകന്റെ വിവാഹത്തിനായി തുറന്നുകൊടുത്തത്. വിവാഹത്തിനായി കുറഞ്ഞത് 150 വിമാനമെങ്കിലും ജാംനഗറിലെത്തും. വിദേശഅതിഥികളടക്കം 2000 പേര്‍ പരിപാടിക്കെത്തുമെന്നാണ് പ്രതീക്ഷ. പ്രതിദിനം ശരാശരി മൂന്ന് ഷെഡ്യൂള്‍ഡ് വിമാനവും അഞ്ച് നോണ്‍ ഷെഡ്യൂള്‍ഡ് വിമാനവുംമാത്രം കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തിലാണ് 10 ദിവസത്തിനുള്ളില്‍ പരിധിയില്‍ക്കവിഞ്ഞ വിമാനങ്ങളെത്തുന്നത്.

വിവാഹത്തിന് മുന്നോടിയായി വിമാനത്താവളത്തിലെ പാസഞ്ചര്‍ കെട്ടിടം അടുത്തിടെ വിപുലീകരിച്ചിരുന്നു. വിമാനത്താവള ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചു. വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിനു സമീപം പ്രത്യേക സൗകര്യമൊരുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അനുമതിയും നല്‍കി. മൂന്നു കേന്ദ്രമന്ത്രിമാര്‍ക്കാണ് ഇതിന്റെ ചുമതലനല്‍കിയത്. കെട്ടിടം വലുതാക്കിയതിന് പുറമെ ശൗചാലയങ്ങളും നവീകരിച്ചു.

കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്കായി പ്രധാനമന്ത്രി എന്തും ചെയ്യുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കുറിച്ചു. പാസഞ്ചര്‍ ടെര്‍മിനലിന്റെ വലിപ്പം ഇരട്ടിയാക്കി. നികുതിദായകരുടെ പണമാണ്. വിവാഹച്ചടങ്ങുകള്‍ക്കെത്തുന്ന അതിഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയാണ്. പാക് അതിര്‍ത്തിയോടുചേര്‍ന്ന വിമാനത്താവളമാണ്. പ്രതിരോധ ദൃഷ്ടിയില്‍ വളരെ നിര്‍ണായകസ്ഥാനമാണ്. പക്ഷേ, വിദേശ അതിഥികളുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയവരെ ഉപയോഗിക്കാന്‍ അനുമതി കൊടുത്തിരിക്കുന്നു.