നാഥുറാം ഗോഡ്‌സെയെ മഹാത്മാഗാന്ധി എന്നാണോ വിളിക്കേണ്ടത്? ലീഗ് പച്ചക്ക് വര്‍ഗീയത വിളമ്പുന്നു, ഇഡിയെ ഭയന്ന് ആര്‍എസ്എസ് നിലപാടെന്ന് കെടി ജലീല്‍

സിപിഎമ്മും മുസ്ലീം ലീഗും തമ്മില്‍ നടത്തുന്ന ആരോപണ പ്രത്യാരോപണത്തിനിടെ ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെടി ജലീല്‍. പച്ചക്ക് വര്‍ഗീയത വിളമ്പുന്ന പാര്‍ട്ടയാണ് ലീഗെന്ന് ജലീല്‍ പറഞ്ഞു.

 

മതനിരപേക്ഷവാദികളായ സി.പി.എമ്മിലെ ഹിന്ദു പേരുള്ളവരെ മുഴുവന്‍ ''ഇടതുഹിന്ദുത്വ'ചാപ്പ കുത്തി ബി.ജെ.പിക്കാരെക്കാള്‍ അപകടകാരികളാക്കിയവരാണ് ലീഗെന്ന് ജലീല്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട്: സിപിഎമ്മും മുസ്ലീം ലീഗും തമ്മില്‍ നടത്തുന്ന ആരോപണ പ്രത്യാരോപണത്തിനിടെ ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെടി ജലീല്‍. പച്ചക്ക് വര്‍ഗീയത വിളമ്പുന്ന പാര്‍ട്ടിയാണ് ലീഗെന്ന് ജലീല്‍ പറഞ്ഞു. തനിരപേക്ഷവാദികളായ സി.പി.എമ്മിലെ ഹിന്ദു പേരുള്ളവരെ മുഴുവന്‍ ''ഇടതുഹിന്ദുത്വ'ചാപ്പ കുത്തി ബി.ജെ.പിക്കാരെക്കാള്‍ അപകടകാരികളാക്കിയവരാണ് ലീഗെന്ന് ജലീല്‍ ചൂണ്ടിക്കാട്ടി.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
 

നാഥുറാം ഗോഡ്‌സെയെ മഹാത്മാഗാന്ധി എന്നാണോ വിളിക്കേണ്ടത്?

പച്ചക്ക് വര്‍ഗീയത വിളമ്പുന്നവരെ 'വര്‍ഗീയവാദികള്‍' എന്നല്ലാതെ മറ്റെന്താണ് സി.പി.എം വിളിക്കേണ്ടത്? മുസ്ലിം ബി.ജെ.പിയാണ് മുസ്ലിംലീഗെന്ന കാര്യത്തില്‍ പി.എം.എ സലാമിന് സംശയമുണ്ടോ? ഉണ്ടെങ്കില്‍ കഴിഞ്ഞ  പത്തുവര്‍ഷത്തെ ലീഗിന്റെ വര്‍ഗ്ഗീയ പ്രചരണം മാത്രം പരിശോധിച്ചാല്‍ മതി. എന്തിനേയും ഏതിനേയും വര്‍ഗീയ പരിപ്രേക്ഷ്യത്തിലൂടെയല്ലാതെ വേറൊരു കണ്ണിലൂടെ പിന്നിട്ട ഒരു ദശകത്തില്‍ ലീഗ് കണ്ടിട്ടുണ്ടോ? മതനിരപേക്ഷവാദികളായ സി.പി.എമ്മിലെ ഹിന്ദു പേരുള്ളവരെ മുഴുവന്‍ ''ഇടതുഹിന്ദുത്വ'ചാപ്പ കുത്തി ബി.ജെ.പിക്കാരെക്കാള്‍ അപകടകാരികളാക്കിയ ലീഗിന്റെ 'പച്ചവര്‍ഗീയത' ഇനിയും തുറന്നു പറയാതിരുന്നു കൂട. അതിന് സന്നദ്ധമായ സി.പി.എം അഭിനന്ദനമര്‍ഹിക്കുന്നു.

മുസ്ലിം പേരുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ പിടിച്ചപ്പോഴും, മുസ്ലിം പേരുള്ള മയക്കുമരുന്ന് കച്ചവടക്കാരെ പിടികൂടിയപ്പോഴും, മുസ്ലിം പേരുള്ള പോക്കിരികളെ അകത്താക്കിയപ്പോഴുമെല്ലാം ലീഗ് വിളിച്ചു കൂവിയത് 'മുസ്ലിമിനെ മാത്രം ഉന്നമിട്ട് പിടിക്കുന്നേ' എന്നായിരുന്നില്ലെ?  അന്യായമായി ഒരു മുസ്ലിമിന്റെ പേരിലും UAPA - യോ കാപ്പയോ ചുമത്താത്ത സര്‍ക്കാരായിട്ടും ആ ഗവണ്‍മെന്റിനെ ''മുസ്ലിംവിരുദ്ധ ചാപ്പ'കുത്തി പാവം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാന്‍ എന്താവേശമായിരുന്നു ലീഗിന്? പാലത്തായി കേസില്‍ ലീഗ് നടത്തിയ കുപ്രചരണം പി.എം.എ സലാം മറന്നുപോയോ? ഇടതുസര്‍ക്കാര്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ച പാലത്തായി കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ സ്റ്റേ ചെയ്യാനും അയാള്‍ക്ക് പരോള്‍ അനുവദിക്കാനും കളമൊരുക്കിയ യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടിനെതിരെ ഒരക്ഷരം ലീഗ് മിണ്ടാത്തതിന്റെ ''രഹസ്യം' ഒന്നു ചൊല്ലുമോ മിസ്റ്റര്‍ സലാം? 

പി.എം.എ സലാം ഉള്‍പ്പടെയുള്ള പ്രമുഖ ലീഗ് നേതാക്കള്‍ ED യുടെ റഡാറില്‍ ഉണ്ടെന്നുള്ള ഭയമല്ലേ യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസ്  വിരുദ്ധ നിലപാട് എടുക്കുന്നതില്‍ നിന്ന് ലീഗിനെ വിലക്കുന്നത്? പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സമുദായ സംഘടനകളെ കൂട്ടുപിടിച്ച് പള്ളി മിമ്പറുകളില്‍ പോലും ലീഗ് ചെയ്യിപ്പിച്ച പ്രസംഗം പി.എം.എ സലാം ഓര്‍ക്കുന്നില്ലേ? അതേ പി.എം ശ്രീക്കു വേണ്ടി വി.ഡി സതീശന്‍ ഘോരഘോരം വാദിക്കുന്നത് കേട്ടിട്ടും ഒരക്ഷരം ഉരിയാടാന്‍ എന്താണ് സലാമിന്റെ പാര്‍ട്ടിക്ക് സാധിക്കാത്തത്? വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251-ല്‍ നിന്ന് 120-ലേക്ക് ചുരുക്കിയപ്പോള്‍ സര്‍ക്കാരിന് കയ്യടിച്ചുകൊടുത്ത ലീഗ് എം.എല്‍.എമാരെ മദ്യപാനം സാര്‍വത്രികമാക്കാന്‍ കൂട്ടുനിന്നവര്‍ എന്നല്ലാതെ 'ദീനിനു' വേണ്ടി ശഹീദായവര്‍ എന്നാണോ നാട്ടുകാര്‍ വിളിക്കേണ്ടത്?

സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ പാടിയപ്പോള്‍ അതിനെതിരെ ഒരു വാക്കുകൊണ്ടെങ്കിലും പ്രതിഷേധിക്കാന്‍ സലാമിന്റെ നാക്ക് പൊങ്ങാതിരുന്നതിന്റെ കാരണമെന്താണ്? സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയെ ക്ഷണിക്കുന്നതിന് പകരം പത്തരമാറ്റ് ആര്‍.എസ്.എസ്സുകാരനായ ഇന്ത്യയുടെ വൈസ് പ്രസിഡണ്ടിനെ ക്ഷണിച്ചു കൊണ്ടു വന്ന് വന്ദേമാതരം മുഴുവന്‍ പാടിയപ്പോള്‍ ലീഗിന്റെ അണ്ണാക്കില്‍ എന്തു മണ്ണാംകട്ടയാണ് തിരുകി വെച്ചിരുന്നത്?

കേന്ദ്രസര്‍ക്കാരിന്റെ നാമമാത്ര സഹായവും സംസ്ഥാന സര്‍ക്കാറിന്റെ സഹായവും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ചേര്‍ത്ത് നിര്‍മ്മിക്കുന്ന വീടുകളുടെ മുന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ 'സീലു'കുത്തുമെന്ന് ലീഗിന്റെ തദ്ദേശമന്ത്രി അഭിമാനത്തോടെ പറഞ്ഞപ്പോള്‍ പി.എം.എ സലാമിനെ തിരിയിട്ട് തെരഞ്ഞിട്ട് കണ്ടില്ലല്ലോ? കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍.എസ്.എസ് നോമിനികളെ വീസിമാരാക്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ നിയമിച്ചപ്പോള്‍ ഏത് അടുപ്പിലായിരുന്നു ലീഗും ലീഗ് നേതാക്കളും? കേരള സര്‍വകലാശാലയില്‍ വന്ദേമാതരം മുഴുവന്‍ ചൊല്ലല്‍ പതിവാക്കിയ ഗവര്‍ണറുടെ നടപടിയെ ഒരു വരികൊണ്ടെങ്കിലും വിമര്‍ശിക്കാന്‍ പി.എം.എ സലാമിന് സാധിക്കാതെ പോയതിന്റെ രഹസ്യം എന്താണ്? 

കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും ആര്‍.എസ്.എസ്സുകാരെ ഗവര്‍ണര്‍ തിരുകിക്കയറ്റിയപ്പോള്‍ ലീഗിന്റെ നാക്ക് ഇറങ്ങിപ്പോയിരുന്നോ? ലീഗിന്റെ പലനേതാക്കളുടെയും നിലവിലെ രാഷ്ട്രീയ ജീവിതം, വ്യക്തിവിരോധം തീര്‍ക്കാന്‍ അധികാരം ദുരുപയോഗിക്കരുതെന്ന ഇടതുപക്ഷ സര്‍ക്കാര്‍ നയത്തിന്റെ 'ദാന'മാണെന്ന കാര്യം ആരുമറന്നാലും സലാം മറക്കരുതായിരുന്നു. ജോണ്‍ബ്രിട്ടാസ് പാര്‍ലമെന്റില്‍ നടത്തുന്ന പ്രസംഗങ്ങളുടെ നാലയലത്തെത്താന്‍ ലീഗ് എം.പിമാര്‍ക്ക് കഴിയാത്തത് അവരുടെ പ്രാപ്തിയില്ലായ്മ കൊണ്ടാണെന്നാണോ പി.എം.എ സലാം ധരിച്ചുവെച്ചിരിക്കുന്നത്? അതിനെയാണ് 'ലീഗ്-ബി.ജെ.പി ഡീല്‍' എന്നു വിളിക്കുക!