ചാഹലിന് എങ്ങിനെ 18 കോടി രൂപ ലഭിച്ചു? ക്രിക്കറ്റ് ആരാധകരില്‍ അമ്പരപ്പ്, പഞ്ചാബിന്റെ വമ്പന്‍ മണ്ടത്തരമോ? താരത്തിന്റെ പ്രതികരണം ഇങ്ങനെ
ഐപിഎല്‍ 2025ലെ മെഗാലേലത്തിന്റെ ആദ്യദിനം ആരാധകരെ അമ്പരപ്പിച്ച ലേലത്തുക നേടിയ താരമാണ് യുസ്വേന്ദ്ര ചാഹല്‍. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ചാഹലിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് ആണ് സ്വന്തമാക്കിയത്.
രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന സ്പിന്നറായിരുന്നു ചാഹലെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാണിക്കാത്തത് ടീമിനെ പലപ്പോഴും തോല്‍വിയിലേക്ക് തള്ളിവിടാന്‍ കാരണക്കാരനായി.
ന്യൂഡല്‍ഹി: ഐപിഎല്‍ 2025ലെ മെഗാലേലത്തിന്റെ ആദ്യദിനം ആരാധകരെ അമ്പരപ്പിച്ച ലേലത്തുക നേടിയ താരമാണ് യുസ്വേന്ദ്ര ചാഹല്‍. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ചാഹലിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് ആണ് സ്വന്തമാക്കിയത്. ലേലത്തിന് മുന്‍പ് കൂടുതല്‍ കളിക്കാരെ ഒഴിവാക്കിയതിനാല്‍ കീശനിറയെ പണവുമായെത്തിയ പഞ്ചാബ് ചാഹലിനായി അവസാനനിമിഷം വരെ പോരാടി.
സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ നിന്നുള്ള കടുത്ത വെല്ലുവിളി മറികടന്നാണ് ചാഹലിനെ പഞ്ചാബ് നേടിയത്. 160 മത്സരങ്ങളില്‍ നിന്ന് 205 വിക്കറ്റുകള്‍ നേടിയ ഈ ലെഗ് സ്പിന്നര്‍ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ്. 2022 സീസണ്‍ മുതല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. ടീമിനായി 46 മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ് എന്നിവരെയും ചാഹല്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഹാട്രിക് നേടിയ 19 ബൗളര്‍മാരില്‍ ഒരാളായ ചാഹല്‍ 2022 സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും നേടി, 17 കളികളില്‍ നിന്ന് 27 വിക്കറ്റുകളാണ് വീഴ്ത്തിയത്.
രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന സ്പിന്നറായിരുന്നു ചാഹലെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാണിക്കാത്തത് ടീമിനെ പലപ്പോഴും തോല്‍വിയിലേക്ക് തള്ളിവിടാന്‍ കാരണക്കാരനായി. റോയല്‍സ് ചാഹലിനെ കൈവിടാനുള്ള പ്രധാന കാരണവും റണ്‍സ് വഴങ്ങുന്നതാണ്. ദേശീയ ടീമില്‍ നിന്നും പുറത്തായിക്കഴിഞ്ഞ ചാഹലിന് 5 കോടിക്കപ്പുറത്തുള്ള മൂല്യമുള്ളതായി ആരാധകര്‍ കരുതുന്നില്ല. ലേലത്തിലെ വമ്പന്‍ മണ്ടത്തരമാണ് പഞ്ചാബിന്റേതെന്ന് കരുതുന്നവരുമുണ്ട്. അതേസമയം, ഇത്രയും തുക താന്‍ അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു ചാഹലിന്റെ പ്രതികരണം. കഴിഞ്ഞ മൂന്നു സീസണുകളിലായി ലഭിച്ച തുകയാണ് ലേലത്തിലൂടെ ഒറ്റയടിക്ക് ലഭിച്ചതെന്നും ചാഹല്‍ പറയുന്നു.