കണ്ണൂർ കോർപറേഷനിൽ ഇനി ഇന്ദിരാഭരണം, കൃഷ്ണമേനോൻ വനിതാ കോളേജിലെ തീപ്പൊരി കെ.എസ്.യു നേതാവ് കണ്ണൂരിൻ്റെ  മേയർ പദവിയിലേക്ക്

കണ്ണൂർ കോർപറേഷനിൽ ഇനി ഇന്ദിരാഭരണം. പഴയങ്ങാടി വെങ്ങരയിൽ പരേതനായ ബാലകൃഷ്ണൻ - ശാന്ത ദമ്പതികളുടെ മകളായി ജനിച്ച ഇന്ദിര ആറാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെ മാടായി ഗേൾസ് ഹൈസ്കുളിലെ ക്ളാസ് ലീഡറായിരുന്നു.

 


കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ ഇനി ഇന്ദിരാഭരണം. പഴയങ്ങാടി വെങ്ങരയിൽ പരേതനായ ബാലകൃഷ്ണൻ - ശാന്ത ദമ്പതികളുടെ മകളായി ജനിച്ച ഇന്ദിര ആറാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെ മാടായി ഗേൾസ് ഹൈസ്കുളിലെ ക്ളാസ് ലീഡറായിരുന്നു. കെ.എസ്.യുവിൻ്റെ തീപ്പൊരി പ്രവർത്തകയായ പി. ഇന്ദിര അന്നേ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ വീറും വാശിയും പുലർത്തിയിരുന്നു. കണ്ണൂർ പള്ളിക്കുന്നിലുള്ളഗവ. കൃഷ്ണമേനോൻ കോളേജിൽ എത്തിയതോടെയാണ് കൂടുതൽ ശ്രദ്ധേയയാകുന്നത്. 

കെ.എസ്.യു യൂനിറ്റ് പ്രസിഡൻ്റായ ഇന്ദിര എസ്.എഫ്.ഐ ക്ക് ആധിപത്യമുള്ള കോളേജിൽ ചെയർപേഴ്സനായി അട്ടിമറി വിജയം നേടി. കൃഷ്ണമേനോൻ കോളേജിലെ ആദ്യത്തെ കെ.എസ്.യു ചെയർപേഴ്സനാണ് ഇന്ദിര' 1991 ൽ ജില്ലാ കൗൺസിലിൽ മുൻ മന്ത്രി പി.കെ ശ്രീമതിക്കെതിരെയും മത്സരിച്ചു. നിയമവൃത്തിയോടൊപ്പം സജീവരാഷ്ട്രീയവും കൂടെ കൂട്ടിയ ഇന്ദിര 2010 ൽ കണ്ണൂർ നഗരസഭയിലെ കണ്ണോത്തും ചാൽ ഡിവിഷനിൽ നിന്നും ജയിച്ചു. 2011ൽ കല്യാശേരി നിയമസഭാ മണ്ഡലത്തിൽ ടി.വി രാജേഷിനെതിരെ മത്സരിച്ചുവെങ്കിലും സി.പി.എം ഉരുക്കുകോട്ടയിൽ ജയിക്കാനായില്ല. 2015 ൽ വീണ്ടും കോർപറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സനായി പ്രവർത്തിച്ചു. 2020ൽ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ 2024-2025 കാലഘട്ടത്തിൽ മുസ്ലീം ലീഗിന് മേയർ സ്ഥാനം മുന്നണി ധാരണപ്രകാരം കൈമാറിയപ്പോൾ ഡെപ്യുട്ടി മേയറായി മാറി. 

കോൺഗ്രസിൻ്റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന ഭാരവാഹി , കണ്ണൂർ വിമൻസ് ഇംപ്രൂവ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അദ്ധ്യക്ഷ, ഒബി.സി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്, കിസാൻ സഭ വൈസ് പ്രസിഡൻ്റ്, വസുധ ഗ്ളോബൽ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ എന്നിങ്ങനെ പ്രവർത്തന മണ്ഡലം വളരെ നീണ്ടതാണ്. കണ്ണൂർ തെക്കി ബസാറിൽ വനിതകൾക്കായി ഷീ ലോഡ്ജ് യാഥാർത്ഥ്യമാക്കുന്നതിത് ഏറെ പ്രവർത്തനങ്ങൾ നടത്തി. കെ.വി പ്രേമാനന്ദാണ് (സ്കൂൾ ഓഫ് മാത്തമറ്റിക്സ് ) ഭർത്താവ്' അക്ഷത, നീരജ് എന്നിവർ മക്കളാണ്. പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണ് കണ്ണൂർ കോർപറേഷൻ പദവിയെന്ന് ഇന്ദിര പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചു. ഇനിയും ഒറ്റക്കെട്ടായി വലിയവികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞു.