കരുതല്‍ എണ്ണ ശേഖരം വെറും 24 ദിവസത്തേക്ക് മാത്രം, ട്രംപ് പണി തന്നതോടെ ഇന്ത്യയെ സഹായിക്കാന്‍ ഓടിയെത്തി റഷ്യ, ഇനിയെങ്കിലും പഠിക്കുമോ അടുത്ത മിത്രം ആരെന്നത്

ഇറാനുമായുള്ള യുദ്ധം അമേരിക്കയും ഇസ്രയേലും കടുപ്പിക്കവെ, ഇന്ത്യയുടെ എണ്ണ സുരക്ഷയ്ക്ക് ഭീമമായ വെല്ലുവിളി ഉയര്‍ന്നുവന്നിരിക്കുകയാണ്.

 

ഗള്‍ഫ് രാജ്യങ്ങളെ എണ്ണയ്ക്കായി ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്, യുദ്ധം നീണ്ടുനിന്നാല്‍, സമ്പദ്വ്യവസ്ഥയ്ക്ക് തകര്‍ച്ചയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂഡല്‍ഹി: ഇറാനുമായുള്ള യുദ്ധം അമേരിക്കയും ഇസ്രയേലും കടുപ്പിക്കവെ, ഇന്ത്യയുടെ എണ്ണ സുരക്ഷയ്ക്ക് ഭീമമായ വെല്ലുവിളി ഉയര്‍ന്നുവന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമ്പോള്‍, ഇന്ത്യയുടെ കരുതല്‍ എണ്ണ ശേഖരം വെറും 24 ദിവസത്തേക്ക് മാത്രം നീണ്ടുനില്‍ക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

സംഘര്‍ഷമുണ്ടാക്കി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് പണി തരുമ്പോള്‍ ആദ്യം സഹായത്തിനായി ഓടിയെത്തിയത് റഷ്യയാണ്. വിവാദമായ യു.എസ് ഉപരോധങ്ങളെയും താരിഫുകളെയും അവഗണിച്ച്, പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ നേതൃത്വത്തിലുള്ള റഷ്യ പൂര്‍ണമായും ഇന്ത്യയുടെ എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് പ്രഖ്യാപിച്ചു.

ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകളും, ഇറാനിലെ ആഭ്യന്തര അസ്ഥിരതയും പശ്ചാത്തലമാക്കിയാണ്, അമേരിക്കയും ഇസ്രായേലും യുദ്ധം പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ ആക്രമണങ്ങളും അമേരിക്കയുടെ സൈനിക ഇടപെടലുകളും ഇറാന്റെ പ്രതികാരാസക്തമായ തിരിച്ചടിയും ഗള്‍ഫ് പ്രദേശത്ത് എണ്ണ വിതരണം തടസ്സപ്പെടുത്തിയിരിക്കുന്നു. ലോകത്തിന്റെ 20% എണ്ണ കടന്നുപോകുന്ന ഹോര്‍മുസ് സ്‌ട്രെയ്റ്റ് അടച്ചുപൂട്ടപ്പെട്ടാല്‍, ക്രൂഡ് ഓയില്‍ വില 150 ഡോളറിന് മുകളിലെത്തുമെന്നാണ് പ്രവചനം.

ഗള്‍ഫ് രാജ്യങ്ങളെ എണ്ണയ്ക്കായി ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്, യുദ്ധം നീണ്ടുനിന്നാല്‍, സമ്പദ്വ്യവസ്ഥയ്ക്ക് തകര്‍ച്ചയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് (എസ്പിആര്‍) പദ്ധതി 2015-ല്‍ ആരംഭിച്ചെങ്കിലും, ഇപ്പോഴും പരിമിതമാണ്. യൂണിയന്‍ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞതനുസരിച്ച്, മൊത്തം ശേഖരം 74 ദിവസത്തെ ആവശ്യം നിറവേറ്റുമെന്നാണ്. എന്നാല്‍, യുദ്ധ സാഹചര്യത്തില്‍, റിഫൈന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയല്ലാതെ ക്രൂഡ് ഓയില്‍ ശേഖരം മാത്രം പരിഗണിക്കുമ്പോള്‍, ഇത് വെറും 15-45 ദിവസത്തേക്ക് മാത്രമാണ്. ഔദ്യോഗിക കണക്കുകള്‍ക്കനുസരിച്ച്, ഇന്ത്യയുടെ എസ്പിആര്‍ ശേഖരം 5.33 മില്യണ്‍ ടണ്‍ (ഏകദേശം 39 ദിവസം), എന്നാല്‍ മൊത്തം കമ്പനി സ്റ്റോക്കുകള്‍ ചേര്‍ത്ത് 24 ദിവസത്തെ 'എഫക്ടീവ് കവറേജ്' മാത്രമേ ഉള്ളൂ. യുദ്ധം നീണ്ടാല്‍, ഇത് ഇന്ത്യയെ 'എനര്‍ജി ക്രൈസിസിന്റെ' വക്കിലേക്ക് നയിക്കും. വിമാന സര്‍വീസുകള്‍, ട്രാന്‍സ്‌പോര്‍ട്ട്, വ്യവസായങ്ങള്‍ എല്ലാം തടസ്സപ്പെടും.

വിലകുറഞ്ഞ ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്നും ലഭിച്ചപ്പോള്‍ ഇന്ത്യ ഇറക്കുമതി കൂട്ടിയിരുന്നു. എന്നാല്‍, യുഎസ്സിന്റെ താരിഫ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യ അടുത്തിടെ ഇറക്കുമതി കുറയ്ക്കുകയും ചെയ്തു. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ തരാമെന്നാണ് റഷ്യയുടെ വാഗ്ദാനം.

ഞങ്ങള്‍ക്ക് 9.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഷിപ്പുകളില്‍ ഉണ്ട്, അത് ഇന്ത്യയിലേക്ക് തിരിച്ചുവിടാം, എന്ന് റഷ്യന്‍ എനര്‍ജി മന്ത്രാലയം പ്രഖ്യാപിച്ചു. ഖത്തറിന്റെ എല്‍എന്‍ജി വിതരണം നിര്‍ത്തിയതോടെ, റഷ്യ പൂര്‍ണമായും ഇന്ത്യയുടെ എനര്‍ജി ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്തു. യുക്രൈന്‍ യുദ്ധത്തിന് ശേഷം റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായിരുന്നു. (ദിവസവും 1.5 മില്യണ്‍ ബാരല്‍). ഇപ്പോള്‍ അത് 2 മില്യണിലേക്ക് ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നു.

2018-ല്‍ ട്രംപിന്റെ ഇറാന്‍ ഉപരോധങ്ങള്‍ക്ക് ശേഷം, ഇന്ത്യ ഇറാന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തിയപ്പോള്‍, റഷ്യയാണ് ഡിസ്‌കൗണ്ട് വിലയില്‍ എണ്ണ നല്‍കി രക്ഷകനായത്. ഒരിക്കല്‍ക്കൂടി പുടിന്‍ രക്ഷകനാകുമ്പോള്‍ അമേരിക്കയേക്കാള്‍ റഷ്യയാണ് ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

യുദ്ധം പഠിപ്പിക്കുന്നത് വിശ്വസ്തരായ മിത്രങ്ങളെ തിരിച്ചറിയാനാണ്. ട്രംപിന്റെ ഭീഷണികള്‍ക്ക് വഴങ്ങാതെ, റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് വഴി. റഷ്യയുമായി ലോംഗ് ടേം ഡീലുകള്‍ ഉണ്ടാക്കാന്‍ ഇനിയെങ്കിലും ഇന്ത്യ തയ്യാറാകുമോ. നരേന്ദ്ര മോദി സര്‍ക്കാര്‍, പുടിന്റെ കൈകോര്‍ത്ത് മുന്നോട്ട് പോകുമോയെന്നത് കാത്തിരുന്നു കാണാം.