ദുബായില്‍ മികച്ച ജോലിയും കമ്പനി താമസ സൗകര്യവും, പക്ഷെ ഓഫീസിലും പുറത്തും കൂട്ടിനാളില്ല, വൈറലായി യുവതിയുടെ വീഡിയോ

സ്വന്തം കാലില്‍ നിന്ന് സ്വതന്ത്രമായി ജീവിക്കാനുള്ള സ്വപ്നവുമായി ദുബായിലെത്തിയ ഇന്ത്യന്‍ യുവതി സൂര്യ ഗായത്രിയുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

 

അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അവര്‍ക്ക് കമ്പനി താമസ സൗകര്യം നല്‍കിയിരുന്നു. പക്ഷേ, ഈ സ്വപ്‌ന സമാനമായ ജീവിതം ഏകാന്തതയിലും മാനസിക സംഘര്‍ഷത്തിലും കലാശിക്കുന്നതായി അവര്‍ വീഡിയോയില്‍ വെളിപ്പെടുത്തി.

ദുബായ്: സ്വന്തം കാലില്‍ നിന്ന് സ്വതന്ത്രമായി ജീവിക്കാനുള്ള സ്വപ്നവുമായി ദുബായിലെത്തിയ ഇന്ത്യന്‍ യുവതി സൂര്യ ഗായത്രിയുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അവര്‍ക്ക് കമ്പനി താമസ സൗകര്യം നല്‍കിയിരുന്നു. പക്ഷേ, സ്വപ്‌ന സമാനമായ ജീവിതം ഏകാന്തതയിലും മാനസിക സംഘര്‍ഷത്തിലും കലാശിക്കുന്നതായി അവര്‍ വീഡിയോയില്‍ വെളിപ്പെടുത്തി.

വീഡിയോയില്‍ സൂര്യ ഗായത്രി പറയുന്നത് ഇങ്ങനെ, എന്റെ തൊഴിലുടമ കമ്പനി അക്കമഡേഷന്‍ നല്‍കുമെന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷിച്ചു. ദുബായില്‍ ഒറ്റയ്ക്ക് താമസിക്കാനും ചെലവുകള്‍ നിയന്ത്രിക്കാനും ഇത് വലിയ സഹായമായിരുന്നു. എല്ലാവര്‍ക്കും ലഭിക്കുന്നതല്ല ഇത്.

ആദ്യ മാസങ്ങള്‍ അതിശയകരമായിരുന്നു, ഒറ്റയ്ക്ക് താമസിക്കുക, സ്വയം പാചകം ചെയ്യുക, സാധനങ്ങള്‍ വാങ്ങാന്‍ പോകുക, കര്‍ഫ്യൂ ഇല്ല, ആരും നിയന്ത്രിക്കുന്നില്ല. ഞാന്‍ എപ്പോഴും ആഗ്രഹിച്ച ജീവിതമായിരുന്നു ഇത്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതായി തോന്നി.

എന്നാല്‍, പതിയെ സാഹചര്യം മാറി. ഓഫീസില്‍ ഒരേയൊരു ജീവനക്കാരിയായിരുന്നു. സംസാരിക്കാന്‍ സഹപ്രവര്‍ത്തകര്‍ ആരുമില്ല. വീട്ടിലെത്തിയാല്‍ തനിച്ച്. താമസിക്കുന്ന സ്ഥലവും ദൂരത്തായിരുന്നു. അടുത്ത് കഫേകളോ സൂപ്പര്‍മാര്‍ക്കറ്റുകളോ ഇല്ല. പതിയെ ഏകാന്തത തോന്നിത്തുടങ്ങി. ഒരു ഘട്ടത്തില്‍ അത് ഡിപ്രഷന്‍ പോലുള്ള മാനസികാവസ്ഥയിലേക്ക് നയിച്ചെന്ന് അവര്‍ വീഡിയോയിലൂടെ പങ്കുവെച്ചു.

പിന്നീട് ഈ ഘട്ടത്തില്‍ നിന്ന് സ്വയം പുറത്തുകടക്കാന്‍ ശ്രമിച്ചു. ഇതിനായി വ്യത്യസ്ത മാര്‍ഗങ്ങള്‍ കണ്ടെത്തി. പഴയ അവസ്ഥയിലേക്ക് വീഴാതിരിക്കാന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നെന്നും അവര്‍ പറഞ്ഞു.

കമ്പനി താമസ സൗകര്യത്തിന്റെ ഗുണങ്ങള്‍ അവര്‍ അംഗീകരിച്ചു. ചെലവുകള്‍ നിയന്ത്രിക്കാനും ബജറ്റ് ചെയ്യാനും ഇത് വലിയ സഹായമാണ്. പക്ഷേ എല്ലാ അവസരത്തിനും സ്വന്തം വെല്ലുവിളികളുണ്ട്. പുറത്ത് നിന്ന് കാണുമ്പോള്‍ ജീവിതം സുഖകരമായി തോന്നാം, പക്ഷേ പിന്നില്‍ പല പ്രശ്‌നങ്ങളുണ്ടാകാമെന്നാണ് യുവതിയുടെ അനുഭവം.

സൂര്യ ഗായത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പുതിയ രാജ്യത്തേക്ക് മാറി താമസിക്കുന്ന പലരുടെയും അനുഭവങ്ങളുമായി ഇത് താരതമ്യപ്പെടുത്തി. ലക്ഷ്യങ്ങള്‍ നേടാനുള്ള യാത്രയില്‍ മാനസിക ആരോഗ്യത്തിനും സൗഹൃദങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഈ അനുഭവം ഓര്‍മിപ്പിക്കുന്നത്.