ഇന്ത്യ കയറ്റിയയച്ച ആയുധങ്ങള്‍ ഇസ്രായേല്‍ വര്‍ഷിക്കുക പലസ്തീനിലെ കുഞ്ഞുങ്ങള്‍ക്കുനേരെ
ന്യൂഡല്‍ഹി: മാസങ്ങളോളമായി പശ്ചിമേഷ്യയില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കിടെ ഇന്ത്യ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കിയത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ഇസ്രായേലില്‍ നിന്നും അത്യാധുനിക ആയുധങ്ങള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയിലുള്ള ഇന്ത്യ തിരിച്ച് അതേ രാജ്യത്തിന് ആയുധങ്ങള്‍ നല്‍കുന്നത് പശ്ചിമേഷ്യയിലെ സമാധാനത്തിന് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്നാണ് വിമര്‍ശനം.
ഒക്ടോബര്‍ 7ന് ഹമാസ് പലസ്തീനില്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേലിന്റെ തിരിച്ചടി ഇനിയും നിലച്ചിട്ടില്ല. ഹമാസുകള്‍ക്കെതിരെ എന്ന പേരില്‍ നടത്തുന്ന യുദ്ധത്തില്‍ ഇതിനകം തന്നെ 35,000 ത്തോളം സാധാരണക്കാരായ പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍തന്നെ 10,000ത്തില്‍ അധികം കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി.
ഇസ്രായേലിന്റെ ക്രൂരതയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ശബ്ദമുയര്‍ത്തുമ്പോഴാണ് യുദ്ധത്തിന് സഹായമെന്നോണം ഇന്ത്യ ആയുധങ്ങള്‍ കയറ്റുമതി ചെയ്തത്. ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്ന അഭയാര്‍ത്ഥികള്‍ക്കെതിരേയും ആശുപത്രികള്‍ക്കു നേരേയും എല്ലാ യുദ്ധനിയമങ്ങളും കാറ്റില്‍പ്പറത്തി ഇസ്രായേല്‍ നടത്തുന്ന നിഷ്ഠൂരമായ ആക്രമണത്തെ അപലപിക്കേണ്ടതിന് പകരം അവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നത് ഇസ്രായേലിന്റെ അതേ കുറ്റകൃത്യത്തിന് സമാനമാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
പാകിസ്ഥാന്‍, ചൈന ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ ആയുധങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം മുന്നില്‍ക്കണ്ടാണ് ഇപ്പോഴത്തെ ആയുധക്കയറ്റുമതിയെന്ന് വ്യക്തം. എന്നാല്‍, ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാന്‍ പോലും സ്‌പെയിന്‍ സമ്മതം നല്‍കിയില്ല. പശ്ചിമേഷ്യയിലെ സമാധാനമാണ് വലുതെന്ന നിലപാടിയാണ് സ്‌പെയ്ന്‍.
പശ്ചിമേഷ്യയില്‍ ഇന്ത്യ തന്ത്രപരമായാണ് ഇടപെടുന്നതെന്ന വിലയിരുത്തലുമുണ്ട്. ഇസ്രായേലിന് ആയുധം നല്‍കുമ്പോള്‍ തന്നെ ഇറാനുമായി ചബഹാര്‍ തുറമുഖം പങ്കിടാന്‍ ഇന്ത്യ കരാറിലേര്‍പ്പെട്ടിരുന്നു. ഇറാനേയും ഇസ്രായേലിനേയും ഒരുപോലെ സുഹൃത്തുക്കളാക്കിയുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്.
ഇന്ത്യയും ഇസ്രായേലും വിവിധ പ്രതിരോധ, സുരക്ഷാ മേഖലകളില്‍ സുപ്രധാന പങ്കാളിത്തം പങ്കിടുന്നവരാണ്. ഇസ്രായേല്‍ ഇന്ത്യയുടെ മുന്‍നിര ആയുധ വിതരണക്കാരില്‍ ഒന്നാണ്. ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്റെ (ഐഎഐ) വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രാഥമിക ഉപഭോക്താവാണ് ഇന്ത്യ.
ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തില്‍ വെടിമരുന്നിനുള്ള ഇസ്രായേലിന്റെ ആവശ്യത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഇന്ത്യയില്‍ നിന്നും 27 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ ഇറക്കുമതി ചെയ്തത്. അദാനി-എല്‍ബിറ്റ് അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ്, അദാനി ഡിഫന്‍സ്, എയ്റോസ്പേസ്, ഇസ്രായേലിന്റെ എല്‍ബിറ്റ് സിസ്റ്റംസ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഇസ്രായേലിലേക്ക് യുദ്ധോപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.
ഇന്ത്യന്‍ എയ്‌റോ-സ്ട്രക്ചറുകളും സബ്‌സിസ്റ്റങ്ങളും 20-ലധികം ഹെര്‍മിസ് 900 ഡ്രോണുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മ്യൂണിയന്‍സ് ഇന്ത്യ ലിമിറ്റഡ് 2024 ജനുവരിയില്‍ ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്തു.
ഇസ്രായേലിന് സഹായമെത്തിക്കുമ്പോള്‍ തന്നെയാണ് ഇറാനുമായി കൂടുതല്‍ അടുക്കുന്നതും. അമേരിക്കയുടെ ഉപരോധ ഭീഷണി ഉണ്ടായിരുന്നിട്ടും ഇറാനുമായുള്ള ഇടപെടലിന് ഇന്ത്യ മടികാണിച്ചില്ല. ചബഹാര്‍ കൈകാര്യം ചെയ്യുന്നതിനുള്ള 10 വര്‍ഷത്തെ കരാറില്‍ 2024 മെയ് മാസത്തിലാണ് ഇന്ത്യ ഒപ്പുവച്ചത്. ഇറാനിലെ സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ചബഹാര്‍, വലിയ ചരക്ക് കപ്പലുകള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ പ്രവേശനം വാഗ്ദാനം ചെയ്യുന്ന, ഇന്ത്യയ്ക്ക് ഏറ്റവും അടുത്തുള്ള ഇറാനിയന്‍ തുറമുഖമാണ്.