അതുല്യ പ്രതിഭകളുടെ വിടവാങ്ങലുകൾ ; 2025 ലെ മലയാളികളുടെ തീരാനഷ്‌ടങ്ങള്‍
പല അർത്ഥങ്ങളിൽ മാറ്റങ്ങളുടെ വർഷമായിരുന്നു 2025.അതുല്യ പ്രതിഭകളുടെ വിയോഗങ്ങളാണ് ഈ വർഷം നാം കണ്ടത് . കല, സംസ്കാരം, രാഷ്ട്രീയം, ശാസ്ത്രം തുടങ്ങി വിവിധ രംഗങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ നിരവധി വ്യക്തിത്വങ്ങളെയാണ് ഈ വർഷം നമുക്ക് നഷ്ടമായത്.
പല അർത്ഥങ്ങളിൽ മാറ്റങ്ങളുടെ വർഷമായിരുന്നു 2025.അതുല്യ പ്രതിഭകളുടെ വിയോഗങ്ങളാണ് ഈ വർഷം നാം കണ്ടത് . കല, സംസ്കാരം, രാഷ്ട്രീയം, ശാസ്ത്രം തുടങ്ങി വിവിധ രംഗങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ നിരവധി വ്യക്തിത്വങ്ങളെയാണ് ഈ വർഷം നമുക്ക് നഷ്ടമായത്.
അവരുടെ സംഭാവനകളും സ്വാധീനങ്ങളും സമൂഹത്തിൽ ആഴത്തിലുള്ള അടയാളങ്ങൾ തന്നെ ശേഷിപ്പിച്ചു.മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രൻ, രാഷ്‌ട്രീയ നേതാവ് അച്യുതാനന്ദൻ മുതൽ മഹാനടൻ ശ്രീനിവാസൻ വരെ എത്രയെത്രപേർ. കലാസൃഷ്‌ടിയുടെയും അറിവിൻ്റെയും വാതായനങ്ങൾ തുറന്ന് ഓരോ മനുഷ്യനും മുന്നിൽ കാലത്തിന് മായ്‌ക്കാൻ സാധിക്കാത്ത സംഭാവനകൾ നൽകിയവരാണിവര്‍
1. പി ജയചന്ദ്രൻ
മലയാള ചലച്ചിത്ര ലോകത്ത് തൻ്റേതായ സ്വരമാധുരികൊണ്ട് ജനമനസുകളിൽ ഇടം പിടിച്ച ഭാവഗായകൻ പി ജയചന്ദ്രൻ. വിവിധ ഭാഷകളിലായി പതിനയ്യായിരത്തിലധികം ഗാനങ്ങൾക്ക് പകർന്നു നൽകിയ ശബ്‌ദം ഇന്നും മങ്ങാതെ പ്രതിധ്വനിക്കുന്നു. കാലം മായ്‌ക്കാത്ത ഭാവഗായകൻ്റെ ഓർമ്മകൾക്ക് പാടിത്തീർത്ത പാട്ടുകൾ ഇന്നും താളം പിടിക്കുന്നു.
എന്തേ ഇന്നും വന്നീല, ആലിലത്താലിയുമായ് വരുനീ, പ്രായം നമ്മിൽ മോഹം നൽകി തുടങ്ങി ഒട്ടനവധി ഗാനങ്ങൾ ഇന്നും മലയാളിയുടെ പ്ലേലിസ്‌റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ജനുവരി 11 നാണ് നമ്മെ വിട്ട് പിരിഞ്ഞത്. 80-ാം വയസിലെ പ്രായാധിക്യങ്ങളുടെ തളർച്ചയിലും ക്യാൻസർ രോഗത്തിൻ്റെ മൂർധന്യാവസ്ഥയിൽ നിന്നും അദ്ദേഹം എന്നന്നേയ്‌ക്കുമായി ലോകത്തു നിന്ന് യാത്രയായി.
2. ഷാഫി
തൊമ്മനും മക്കളും, പുലിവാൽ കല്ല്യാണം, ചോക്ലേറ്റ്, മായാവി, ചട്ടമ്പിനാട്, കല്ല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കൺട്രീസ്, ചട്ടമ്പിനാട് എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്ത ചിത്രങ്ങൾക്ക് പിറവി നൽകിയ ചലച്ചിത്ര സംവിധായകനായിരുന്നു റഷീദ് എംഎച്ച് എന്ന ഷാഫി.
അൻപത്താറാം വയസിൽ ജനുവരി ഇരുപത്തഞ്ചിനായിരുന്നു അദ്ദേഹത്തിൻ്റെ വിയോഗം.
3. കെ കെ കൊച്ച്
കേരളത്തിലെ പുരോഗമന ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്നു കെ കെ കൊച്ച്.ആനുകാലികങ്ങളിലൂടെയും ടിവി ചാനൽ ചർച്ചകളുടെയും ദലിത് പക്ഷ ചിന്തകളും നിലപാടുകളും അദ്ദേഹം ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിൻ്റെ 'ദലിതൻ' എന്ന ആത്മകഥ ഏറെ ശ്രദ്ധേയമാണ്. ഇരുപതോളം പുസ്‌തകങ്ങൾ സ്വന്തമായി രചിച്ചു. സമൂഹത്തിലെ അധസ്ഥിതരുടെ അവകാശങ്ങൾക്ക് വേണ്ടി അത്യധികം പ്രവർത്തിച്ച വ്യക്തിയാണ് ഇദ്ദേഹം.
4. ഷാജി എൻ കരുൺ
മലയാള സിനിമയെ ദേശീയ- അന്തർദേശീയ തലത്തിൽ അടയാളപ്പെടുത്തിയ വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു ഷാജി എൻ കരുൺ. ലോക സിനിമയിലെ അപൂർവ്വ സംവിധായകൻ എന്ന ബഹുമതിയും അദ്ദേഹം നേടിയെടുത്തിട്ടുണ്ട്നാൽപ്പതോളം ചിത്രങ്ങൾക്ക് ചുക്കാൻ പിടിച്ചു. 'പിറവി'യാണ് അദ്ദേഹം സംവിധാനം ചെയ്‌ത ആദ്യ ചിത്രം. ചിത്രത്തിന് 1989 ലെ കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ 'സ്വം' കാന്‍ ഫിലിം ഫെസ്‌റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രം എന്ന ബഹുമതിയും നേടിയെടുത്തിട്ടുണ്ട്. മറ്റ് നിരവധി അവാർഡുകൾക്ക് പുറമേ 2023 ലെ ജെ സി ഡാനിയേൽ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
5.തെന്നല ബാലകൃഷ്‌ണ പിള്ള
കേരള കോൺഗ്രസ് ചരിത്രത്തിൽ തൻ്റേതായ പ്രവർത്തന മികവ് കൊണ്ട് പ്രശസ്‌തിയാർജിച്ച മുതിർന്ന കോൺഗ്രസ് നേതാവ്. എംഎൽഎ, രാജ്യസഭാംഗം, കെപിസിസി പ്രസിഡൻ്റ് എന്ന നിലയിലും പ്രവർത്തിച്ചു. ജൂൺ ആറിനായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.പുലിക്കുളം വാർഡ് കമ്മറ്റിയുടെ കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നാണ് അദ്ദേഹത്തിൻ്റെ രാഷ്‌ട്രീയ ജീവിതത്തിൻ്റെ തുടക്കം.
6.വി എസ് അച്യുതാനന്ദൻ
കേരളത്തിൻ്റെ ചരിത്രത്തിലെ വിപ്ലവ നക്ഷത്രമാണ് സഖാവ് വി എസ് അച്യുതാനന്ദൻ. പോരാട്ട വീര്യത്തിൻ്റെ കെടാത്ത നാളം. വി എസിന് പകരം വയ്‌ക്കാൻ സമരതീക്ഷ്‌ണതയുള്ള മറ്റൊരു നേതാവ് ഉണ്ടായിരുന്നോ എന്നതിന് ഇന്നും സംശയമാണ്.
ജൂലൈ 21 ന് ആയിരുന്നു നാടിനെ ഒന്നാകെ ഈറനണിയിപ്പിച്ച മടക്കയാത്ര. ആയിരക്കണക്കിന് ആളുകളാണ് അവസാനമായി സഖാവിനെ ഒന്ന് കാണാൻ ഓടിയെത്തിയത്. രാഷ്‌ട്രീയ ജീവിതം കൊണ്ട് മലയാളിയുടെ മനസിൽ ഇടം നേടിയ അതുല്യ പ്രതിഭയായിരുന്നു വിഎസ്.
7.കലാഭവൻ നവാസ്
മിമിക്രി കലാകാരൻ, ഗായകൻ, നടൻ എന്നീ നിലകളിൽ ഏറെ ജനശ്രദ്ധ നേടി. ഹാസ്യത്തിലും സ്വഭാവ വേഷങ്ങളിലും ഒരുപോലെ പ്രാവീണ്യമുള്ള നടനായിരുന്നു നവാസ്. ഇദ്ദേഹത്തെ ഓഗസ്‌റ്റ് 1 ന് കൊച്ചിയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കലാഭവൻ്റെ സ്ഥാപകനായ ഫാ. ആബേലിൻ്റെ കാലം മുതൽ നവാസ് മിമിക്‌സ് പരേഡ് ടീമിലെ ഒരു പ്രധാന അംഗമായിരുന്നു.
പിന്നീട് 1995 ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് നവാസ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് സുവർണ കാലഘട്ടമായിരുന്നു. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജലം, ജൂനിയർ മാൻട്രേഗ്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈ ഡിയർ കരടി, ഇഷ്‌ടമാണ് നൂറുവട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസിൽ മായാത്ത ചിത്രം കോറിയിട്ടു.
8.എം കെ സാനു
പ്രശസ്‌ത എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനും നിരൂപകനും . സാനു മാഷ് എന്ന് കേട്ടാൽ അത്രയും പരിചിതമായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് വിദ്യാർഥികൾക്കിടയിൽ. അദ്ദേഹത്തിൻ്റെ വിമർശന സാഹിത്യം അത്രയും സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു. ഇദ്ദേഹത്തിൻ്റെ വിടവാങ്ങലിലൂടെ മലയാള സാഹിത്യ രംഗത്ത് നികത്താനാവാത്ത വിടവാണ് ഉണ്ടായത്. ഓഗസ്‌റ്റ് 2 ന് തൻ്റെ തൊണ്ണൂറ്റെട്ടാം വയസിലായിരുന്നു അദ്ദേഹത്തിൻ്റെ വിടവാങ്ങൽ. നിരൂപകൻ, വാഗ്മി, അധ്യാപകൻ, എഴുത്തുകാരൻ, ചിന്തകൻ, സാംസ്‌കാരിക നായകൻ എന്നീ നിലകളിൽ അദ്ദേഹം വ്യാപരിച്ചു.
9.ഡോ. ഷേർലി വാസു
കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജൻ ആണ് ഡോ. ഷേർലി വാസു. അന്തരിക്കുമ്പോൾ പ്രായം വെറും 68. വീട്ടിൽ കുഴഞ്ഞ് വീണതിനെത്തുടർന്ന് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് കേൾക്കുന്ന വാർത്ത ഡോക്‌ടറുടെ വിയോഗമായിരുന്നു.
കേരളത്തിൽ നടന്ന സൗമ്യ വധക്കേസ് ഉൾപ്പെടെ നിരവധി ഉന്നത കേസുകളിൽ ഫോറൻസിക് സർജനായി ഡോ. ഷേർലി വാസു സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അവരുടെ പല കണ്ടെത്തലുകളും കേസുകളിൽ നാഴികക്കല്ലായിട്ടുമുണ്ട്.
10.ശ്രീനിവാസൻ
തൻ്റെ രാഷ്‌ട്രീയ ബോധ്യങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത പ്രതിഭ. ഇന്ന് മലയാള സാഹിത്യ സിനിമാ ലോകത്തിന് പകരം വയ്‌ക്കാനാവാത്ത നഷ്‌ടമാണ് കുറിക്കപ്പെട്ടിരിക്കുന്നത്.നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇതിഹാസ നടൻ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച സംഭാവനകൾ എണ്ണമറ്റതാണ്. ഒരു കാലത്തിൽ തന്നെ ഒതുങ്ങാതെ അനാദിയായി പരന്നുകിടക്കുന്ന മൂല്യവത്തായ കാഴ്‌ചപ്പാടുകൾ ഓരോ കഥാപാത്രത്തിലൂടെയും പ്രതിഫലിക്കുന്നു.
നാൽപ്പത്തെട്ട് വർഷത്തെ സിനിമാ ജീവിതത്തിൽ വേഷം പകർന്നത് 200 ഓളം ചിത്രങ്ങൾക്ക്. തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, സന്ദേശം, കഥ പറയുമ്പോൾ, മഴയെത്തും മുൻപേ, അഴകിയ രാവണൻ, മറവത്തൂർ കനവ് എന്നിങ്ങനെ നിരവധി ചിത്രങ്ങൾ.ഡിസംബർ 20 ന് ശ്രീനിവാസൻ ലോകത്തോട് വിട പറഞ്ഞു .