'കള്ള സഹോദരന്മാരുടെ ശ്രദ്ധക്ക്, താഴ് പൊട്ടിക്കരുത് ഞാൻ വീടുതുറന്നുതരാം'; വ്യത്യസ്തനായി ഒരു ഗൃഹനാഥൻ

കള്ളന്മാരെ പേടിച്ച് വീടിന് ചുറ്റും ക്യാമറ വയ്ക്കുകയും വാതിലുകളും എന്തിനേറെ ജനലുകൾ വരെ മുന്തിയ ഇനം ലോക്കുകൾ കൊണ്ട് പൂട്ടി വയ്ക്കുകയും ചെയ്യുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് തിരുവല്ല ചെങ്ങരൂർ ചുഴുകുന്നിൽ സി.വി. ഫിലിപ്പോസ് എന്ന ഗൃഹനാഥൻ.
 

തിരുവല്ല: കള്ളന്മാരെ പേടിച്ച് വീടിന് ചുറ്റും ക്യാമറ വയ്ക്കുകയും വാതിലുകളും എന്തിനേറെ ജനലുകൾ വരെ മുന്തിയ ഇനം ലോക്കുകൾ കൊണ്ട് പൂട്ടി വയ്ക്കുകയും ചെയ്യുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് തിരുവല്ല ചെങ്ങരൂർ ചുഴുകുന്നിൽ സി.വി. ഫിലിപ്പോസ് എന്ന ഗൃഹനാഥൻ. തന്റെ വീട്ടിൽ മോഷ്ടിക്കാൻ വരുന്ന മോഷ്ടാക്കളോട് താഴ് പൊട്ടിക്കരുത് ഞാൻ വീട് തുറന്നു തരാം എന്നാണ് അദ്ദേഹം പറയുന്നത്. മോഷ്ടാക്കൾക്കുള്ള ഈ മുന്നറിയിപ്പ് എഴുതി മുൻ വാതിലിൽ ഒട്ടിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
 
 'കള്ള സഹോദരങ്ങളുടെ ശ്രദ്ധയ്ക്ക് താഴ് പൊട്ടിക്കരുത്, ഞാൻ വീട് തുറന്നു തരും. എല്ലാ മാസവും മകനെ ഡോക്ടറെ കാണിക്കുന്നതിന് 4500 രൂപ സ്വരൂപിക്കാറുണ്ട്. അതെടുക്കരുത്. മറ്റ് എന്തു വേണമെങ്കിലും
എടുക്കാം. പൊലീസിൽ പരാതിപ്പെടില്ല' എന്നും അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്.

വെള്ളിയാഴ്ച അർധരാത്രിയിൽ ഫിലിപ്പോസിന്റെ വീട്ടിൽ കള്ളൻ കയറിയിരുന്നു. ഈ സമയം വീട്ടിൽ ഫിലിപ്പോസും ശാരീരിക അവശതകളുള്ള മകനുമാണ് ഉണ്ടായിരുന്നത്. വീട്ടിൽ നിന്ന് മോഷ്ടാവിനു വിലപിടിച്ചതൊന്നും ലഭിച്ചില്ല. വിലപിടിച്ച വസ്തുക്കൾ ഒന്നും തന്നെ വി
ട്ടിൽ ഇല്ലാത്തതിനാൽ ഉണർന്നിട്ടും മോഷ്ടാവിനെ തടയാൻ ഫിലിപ്പോസ് ശ്രമിക്കുകയും ചെയ്തില്ല. 

എന്നിട്ടും മോഷ്ടാവ് വാതിൽ പൂട്ടിയ താഴ് തകർത്തു. ഇത് ഫിലിപ്പോസിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിനാലാണു മോഷ്ടാക്കൾക്കുള്ള നോട്ടിസ് വീടിനു മുന്നിൽ പതിച്ചതെന്നാണ് ഫിലിപ്പോസ് പറയുന്നത്. ഒരു ബൈബിൾ വാചകവും ഫിലിപ്പോസ് നോട്ടിസിൽ എഴുതി ചേർത്തിട്ടുണ്ട്.