യുപിയിലെ ബിജെപിയുടെ വര്‍ഗീയത ഹിമാചലില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ്, എല്ലാ കടക്കാരും പേര് കടയ്ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണം

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിവാദ ഉത്തരവ് ഹിമാചല്‍ പ്രദേശില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ്. ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ ഭക്ഷസ്ഥാപന ഉടമകളോടും അവരുടെ പേരും വിലാസവും കടയ്ക്കുപുറത്ത് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടു.

 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫുഡ് ഓപ്പറേറ്റര്‍മാരുടെയും ഉടമസ്ഥരുടെയും മാനേജര്‍മാരുടെയും പേരും വിലാസവും എല്ലാ ഭക്ഷണ ശാലകളിലും വ്യക്തമായി കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിവാദ ഉത്തരവ് ഹിമാചല്‍ പ്രദേശില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ്. ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ ഭക്ഷസ്ഥാപന ഉടമകളോടും അവരുടെ പേരും വിലാസവും കടയ്ക്കുപുറത്ത് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടു. നേരത്തെ പ്രത്യേക സമുദായക്കാരെ ലക്ഷ്യമാക്കിയെന്നോണം ബിജെപി ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത് ഏറെ വിവാദമായിരുന്നു.

നഗരവികസന, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗത്തിന് ശേഷം സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത പങ്കുവെച്ച ഹിമാചല്‍ പൊതുമരാമത്ത്, നഗരവികസന മന്ത്രി വിക്രമാദിത്യ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഹിമാചലിലും, എല്ലാ റെസ്റ്റോറന്റുകളിലും ഫാസ്റ്റ് ഫുഡ് സ്റ്റാളുകളിലും ഉടമയുടെ ഐഡി പ്രദര്‍ശിപ്പിക്കും, ആളുകള്‍ക്ക് പ്രശ്നങ്ങളൊന്നും നേരിടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫുഡ് ഓപ്പറേറ്റര്‍മാരുടെയും ഉടമസ്ഥരുടെയും മാനേജര്‍മാരുടെയും പേരും വിലാസവും എല്ലാ ഭക്ഷണ ശാലകളിലും വ്യക്തമായി കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കിയ അധിക നിയന്ത്രണങ്ങളില്‍ ഭക്ഷണ സേവന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും മാസ്‌കും കയ്യുറയും ഉപയോഗിക്കണം, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഭക്ഷ്യ മലിനീകരണവുമായ ബന്ധപ്പെട്ട സംഭവങ്ങളാണ് ഈ നടപടികള്‍ക്ക് പ്രേരിപ്പിച്ചതെന്നാണ് ന്യായീകരണം.

സെപ്തംബര്‍ 12ന് പുറത്തുവന്ന ഒരു വൈറല്‍ വീഡിയോയില്‍ കൗമാരക്കാരന്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയ്യാറാക്കുന്നത് കാണിക്കുകയും സ്ഥാപനത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മറ്റൊരു സംഭവത്തില്‍ ഗാസിയാബാദിലെ ഒരു ജ്യൂസ് വില്‍പ്പനക്കാരനെ ജ്യൂസില്‍ മായം കലര്‍ത്തിയതിന് പിടികൂടി.

കടയുടമയുടെ പേര് പ്രദര്‍ശിപ്പിക്കുന്നതിലൂടെ പ്രത്യേക സമുദായക്കാരുടെ കടയില്‍ നിന്നും ഭക്ഷണം വാങ്ങുന്നതും കഴിക്കുന്നതും ഇല്ലാതാകുമെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. യുപിയില്‍ സമാന ഉത്തരവ് നടപ്പാക്കിയപ്പോള്‍ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസ് ആണ് ഭക്ഷ്യ സുരക്ഷയുടെ പേരില്‍ സമാന നിര്‍ദ്ദേശം ഹിമാചലില്‍ നടപ്പാക്കുന്നത്.