മഞ്ഞപ്പിത്തം പടരുന്നു, മഴക്കാലത്ത് പൊതുജനങ്ങള്‍ ഈ കാര്യങ്ങളില്‍ ജാഗ്രതകാട്ടണം, കുട്ടികള്‍ക്കും വേണം മുന്‍കരുതലുകള്‍

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. മഴക്കാലം ആരംഭിക്കുകകൂടി ചെയ്തതോടെ ജലസ്രോതസ്സുകളില്‍ മലിനജലം എത്താനുള്ള സാധ്യത ഏറെയാണ്.
 

 

കൊച്ചി: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. മഴക്കാലം ആരംഭിക്കുകകൂടി ചെയ്തതോടെ ജലസ്രോതസ്സുകളില്‍ മലിനജലം എത്താനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അതീവ ജാഗ്രപുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

ജലാശയങ്ങളില്‍ മലിനജലമൊഴുക്ക് വ്യാപിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാനുള്ള പ്രധാനകാരണം. പൊതുസ്ഥലങ്ങളില്‍ നിന്നും അശ്രദ്ധയോടെ വെള്ളം കുടിക്കുന്നതും മറ്റും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

വേണം, മുന്‍കരുതലുകള്‍

    തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
    കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക
    ഇടയ്ക്കിടെ കിണര്‍വെള്ളം ക്ലോറിനേറ്റ് ചെയ്യുക
    കുടിവെള്ള പമ്പിങ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുക.
    ഉത്സവങ്ങള്‍, കല്യാണങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവ നടക്കുന്ന സമയമായതിനാല്‍ പൊതുസ്ഥലങ്ങളില്‍നിന്നും മറ്റും വാങ്ങിക്കഴിക്കുന്ന ശീതളപാനീയങ്ങളില്‍     ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കണം
    ആഹാരം കഴിക്കുന്നതിനുമുമ്പും കഴിച്ചശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
    കുഞ്ഞുങ്ങളുടെ കൈയിലെ നഖം വെട്ടി വൃത്തിയാക്കുക
    മലവിസര്‍ജനത്തിനുശേഷം കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക
    തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക
    കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കംചെയ്യുക
    വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
    ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുക
    പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക
    പഴവര്‍ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക

ശ്രദ്ധവേണം, ലക്ഷണങ്ങള്‍ കണ്ടാല്‍

    ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍.
    പിന്നീട് മൂത്രത്തിലും കണ്ണിലും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം (മഞ്ഞപ്പിത്തം) ഉണ്ടാകും.
    കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയുമാണ് മഞ്ഞപ്പിത്തം അധികവും പകരുന്നത്.
    കുഞ്ഞുങ്ങള്‍ക്ക് അത്ര ഗുരുതരമാകാറില്ലെങ്കിലും പ്രായപൂര്‍ത്തിയായവരില്‍ രോഗം പലപ്പോഴും ഗുരുതരമാകാറുണ്ട്.
    കരളിനെയാണ് ഈ രോഗം കൂടുതലും ബാധിക്കുക.
    മഞ്ഞപ്പിത്തം പൊതുവേ എ, ഇ, ബി, സി, ഡി വിഭാഗം വൈറസുകള്‍ വഴി പകരാറുണ്ട്.
    എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി, ഡി രോഗവിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവ
    ങ്ങള്‍ എന്നിവയിലൂടെയാണ് പകരുന്നത്.