ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയത് യുഡിഎഫിനായി പ്രചരണം നടത്തിയതിനുള്ള പ്രത്യുപകാരമോ, നഷ്ടപരിഹാരം നല്‍കിയാല്‍ പോരെയെന്ന് സോഷ്യല്‍ മീഡിയ
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിന്റെ ഇരയായ കെ.കെ. ഹര്‍ഷിനയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു.
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹര്‍ഷിന യുഡിഎഫിന് വേണ്ടി സജീവമായി പ്രചാരണം നടത്തി. പ്രത്യേകിച്ച് ആറന്മുള മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിയ്ക്ക് വേണ്ടി റാലികളില്‍ പങ്കെടുത്തു.
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിന്റെ ഇരയായ കെ.കെ. ഹര്‍ഷിനയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രചരണത്തിന് ഇറങ്ങിയ ഹര്‍ഷിനയ്ക്ക് പ്രത്യുപകാരം നല്‍കിയതാണ് ഇതെന്ന് ഒരുവിഭാഗം വിശേഷിപ്പിക്കുമ്പോള്‍, മറ്റൊരു വിഭാഗം ഇത് മികച്ച നഷ്ടപരിഹാരം ആണെന്നും ദീര്‍ഘകാല ദുരിതത്തിനുള്ള നീതിയാണെന്നും ന്യായീകരിക്കുന്നു.
ശസ്ത്രക്രിയയ്ക്കിടെ സര്‍ജിക്കല്‍ സിസേഴ്സ് കുടുങ്ങിപ്പോയ ഹര്‍ഷിന വര്‍ഷങ്ങളോളം ശാരീരിക മാനസിക ദുരിതമാണ് അനുഭവിച്ചത്. വേദന, അണുബാധ, ചികിത്സാച്ചെലവ് തുടങ്ങിയവ അവരുടെ ജീവിതത്തെ ബാധിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌നോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഹര്‍ഷിനയുടെ ആരോപണം. ഇത് സമരത്തിലേക്ക് നയിച്ചു. സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ സമരത്തിന് പിന്തുണ നല്‍കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹര്‍ഷിന യുഡിഎഫിന് വേണ്ടി സജീവമായി പ്രചാരണമാണ് നടത്തിയത്. പ്രത്യേകിച്ച് ആറന്മുള മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിയ്ക്ക് വേണ്ടി റാലികളില്‍ പങ്കെടുത്തു. വീണാ ജോര്‍ജിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞദിവസമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടത്. തൊട്ടുപിന്നാലെ നിയമന ഉത്തരവുമെത്തി. തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തിരുന്നതായാണ് സൂചന.
ദീര്‍ഘകാല ദുരിതം അനുഭവിച്ച ഒരു സാധാരണ പൗരന് ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, കേരളത്തിലെ സര്‍ക്കാര്‍ ജോലി നല്‍കലിന്റെ സുതാര്യതയും യോഗ്യതയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.