ഗവര്‍ണറുടെ ശമ്പളം 3.5 ലക്ഷം രൂപ, 165 സ്റ്റാഫ്, എല്ലാം നല്‍കുന്നത് കേരളം, വര്‍ഷത്തില്‍ പാതിയും കേരളത്തിന് പുറത്ത് ചുറ്റിയടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മിലുള്ള പോര് കടുക്കുകയാണ്. 2019ല്‍ സ്ഥാനമേറ്റതുമുതല്‍ സംസ്ഥാന സര്‍ക്കാരുമായി ഗവര്‍ണര്‍ കൊമ്പുകോര്‍ക്കുന്നുണ്ട്.
 

 

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മിലുള്ള പോര് കടുക്കുകയാണ്. 2019ല്‍ സ്ഥാനമേറ്റതുമുതല്‍ സംസ്ഥാന സര്‍ക്കാരുമായി ഗവര്‍ണര്‍ കൊമ്പുകോര്‍ക്കുന്നുണ്ട്. ചാന്‍സലര്‍ പദവിയുടെ അധികാരം കാട്ടിയും ഗവര്‍ണറെന്ന നിലയില്‍ ബില്ലുകള്‍ തടഞ്ഞുവെച്ചുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് പുറന്തിരിഞ്ഞുനിന്നു.

ഏറ്റവുമൊടുവിലായി കേരള സര്‍വകലാശാലയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട സെനറ്റ് അംഗങ്ങളുടെ പേരുകള്‍ മാറ്റി ഗവര്‍ണര്‍ സ്വന്തം നിലയില്‍ അംഗങ്ങളെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ വലിയ സമരകോലാഹലമാണ് ഗവര്‍ണര്‍ക്കെതിരെ നടത്തുന്നത്. ആര്‍എസ്എസ് നിര്‍ദ്ദേശപ്രകാരം യാതൊരു യോഗ്യതയുമില്ലാത്തവരെയാണ് സെനറ്റിലേക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച നാലുപേരുടെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു.

സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ കടുക്കവെ ഗവര്‍ണര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണവും നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ പ്രതികരിക്കാറുള്ള ഗവര്‍ണര്‍ക്കും രാജ്ഭവനും 165 സ്റ്റാഫുകള്‍ക്കും വേണ്ടി ഓരോ വര്‍ഷവും കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മുടക്കുന്നതെന്ന് ഇടതുപ്രൊഫൈലുകള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കേരള ഗവര്‍ണര്‍ വര്‍ഷത്തില്‍ പാതിദിനവും കേരളത്തിന് പുറത്താണ് ചുറ്റിയടിക്കുന്നത്.

സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെയും യാത്രാ ചെലവിന്റെയും കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്‍ പാലിക്കാറില്ല. ഒരു മാസം 25 ദിവസമെങ്കിലും ഗവര്‍ണര്‍ സംസ്ഥാനത്ത് ഉണ്ടാകണമെന്ന മാര്‍ഗനിര്‍ദ്ദേശം ഗവര്‍ണര്‍ ലംഘിച്ചു. കഴിഞ്ഞവര്‍ഷം 143 ദിവസത്തോളം കേരളത്തിന് പുറത്തായിരുന്നു ഗവര്‍ണര്‍. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2022-ല്‍ 11.63 ലക്ഷം രൂപയും 2021-ല്‍ 5.34 ലക്ഷം രൂപയും ചെലവിട്ടു. ഗവര്‍ണറുടെയൊപ്പം യാത്രചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകള്‍കൂടി പരിശോധിക്കുമ്പോള്‍ വന്‍ തുകയാണ് യാത്രായിനത്തില്‍ വിനിയോഗിക്കുന്നത്.

നാല് വര്‍ഷത്തിനിടെ 46.55 ലക്ഷം രൂപയാണ് ഗവര്‍ണറുടെ യാത്രകള്‍ക്ക് മാത്രം ചെലവായത്. കൂടെ യാത്രചെയ്യുന്ന ഉദ്യാഗസ്ഥര്‍ക്കായി ചെലവിട്ടത് ഒരു കോടി രൂപയും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പ്രഭാഷണങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും ക്ഷണിക്കുന്നതിനാലാണ് കേരളത്തിന് പുറത്തേക്ക് നിരന്തരം യാത്ര വേണ്ടിവരുന്നതെന്നാണ് ഗവര്‍ണറുടെ വാദം.

സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ പ്രതികരിക്കുന്ന ഗവര്‍ണര്‍ രാജ്ഭവനിലെ ചെലവുകള്‍ക്കുള്ള തുക വര്‍ധിപ്പിക്കാനാവിശ്യപ്പെട്ടത് വിവാദമായിരുന്നു. വര്‍ഷം 2.60 കോടി രൂപയാണ് ഗവര്‍ണറുടെ ആവശ്യം. അതിഥിസല്‍ക്കാര ചെലവുകളില്‍ ഉള്‍പ്പെടെ 36 ശതമാനം വര്‍ധനവാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് പ്രകാരം ഈ ചെവുകള്‍ക്ക് നല്‍കേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാല്‍ വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്ന് ഗവര്‍ണറുടെ ആവശ്യം.