സ്വര്‍ണവില കുതികുതിക്കുന്നു, മൂന്നു മാസംകൊണ്ട് വര്‍ധിച്ചത് 5440 രൂപ, പവന് 55,000 ആകുമോ?

രാജ്യാന്തര വിപണിയിലെ ആവശ്യം കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്തെ സ്വര്‍ണവില കുതിക്കുന്നു. ശനിയാഴ്ച പവന് 960 രൂപയാണ് വര്‍ധിച്ചതോടെ പവന് 52,280 രൂപയും ഗ്രാമിന് 120 രൂപ വര്‍ധിച്ച് 6535 രൂപയുമായി.
 

കൊച്ചി: രാജ്യാന്തര വിപണിയിലെ ആവശ്യം കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്തെ സ്വര്‍ണവില കുതിക്കുന്നു. ശനിയാഴ്ച പവന് 960 രൂപ വര്‍ധിച്ചതോടെ പവന് 52,280 രൂപയും ഗ്രാമിന് 120 രൂപ വര്‍ധിച്ച് 6535 രൂപയുമായി.

ഈ വര്‍ഷം ഇതുവരെ പവന് 5440 രൂപ ഉയര്‍ന്നതോടെ ഒരു പവന്‍ ആഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിങ് നിരക്കും ഉള്‍പ്പെടെ കുറഞ്ഞത് 56,585 രൂപ ആകും. അതായത് സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് ഈ വര്‍ഷം ആദ്യം വാങ്ങിയ ഒരു പവന് 97 ദിവസകൊണ്ട് 5440 രൂപ അധികം ലഭിക്കും. 10 പവന്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് 50,000 മുകളിലാണ് നിക്ഷേപത്തിലെ ലാഭം.

സ്വര്‍ണം സുരക്ഷിത നിക്ഷേപങ്ങളിലൊന്നായി മാറുകയാണ്. 2023 ഏപ്രില്‍ ആറിന് പവന് 44,720 രൂപയായിരുന്നു വില. ഒരുവര്‍ഷത്തിനിടെ 7560 രൂപ കൂടി. 17 ശതമാനമാണ് വര്‍ധന. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തും വില ഉയരുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ പവന് 55,000 ആകുമെന്ന പ്രതീക്ഷയിലാണ്.