ഗഡ്കരിയുടെ കുടുംബ ബിസിനസ് തകരുമോ?, ജെന്‍സിയുടെ അടുത്ത പ്രക്ഷോഭം ഇ20 പെട്രോളിനെതിരെ, മകന്റെ കമ്പനിയുടെ ഷെയര്‍ വില കുത്തനെ ഇടിഞ്ഞു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ജെന്‍ സി പ്രക്ഷോഭം ഇ20 പെട്രോളിനെതിരെ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ദേശീയ തലത്തില്‍ നിര്‍ബന്ധിതമായി നടപ്പാക്കിയ ഇ20 (20% എഥനോള്‍ കലര്‍ത്തിയ പെട്രോള്‍) നയം വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുന്നതായാണ് ആരോപണം.
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ജെന്‍ സി പ്രക്ഷോഭം ഇ20 പെട്രോളിനെതിരെ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. വാഹന ഉടമകള്‍ തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും പെട്രോളിലെ എഥനോളിന്റെ അളവ് കൂട്ടാനുള്ള നീക്കമാണ് പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.
ഇന്ത്യയില്‍ ദേശീയ തലത്തില്‍ നിര്‍ബന്ധിതമായി നടപ്പാക്കിയ ഇ20 (20% എഥനോള്‍ കലര്‍ത്തിയ പെട്രോള്‍) നയം വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുന്നതായാണ് ആരോപണം. ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ കുടുംബത്തിന് എഥനോള്‍ നിര്‍മിക്കുന്ന കമ്പനിയുണ്ട്.
ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുക, കര്‍ഷകര്‍ക്ക് (പ്രത്യേകിച്ച് കരിമ്പ്, മക്ക, അരി) അധിക വരുമാനം, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയ്ക്കുവേണ്ടിയാണ് എഥനോളെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ഗഡ്കരി ഈ നയത്തിന്റെ ഏറ്റവും ശക്തമായ വക്താവാണ്. ഇത് ശാസ്ത്രീയമായി പരീക്ഷിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. പഴയ വാഹനങ്ങള്‍ക്ക് വ്യാപകമായ ദോഷമില്ല, വിമര്‍ശനങ്ങള്‍ പെയ്ഡ് ക്യാമ്പയിനും പെട്രോള്‍ ലോബിയുടെ ഗൂഢാലോചനയുമാണ്. ഒരു വാഹനത്തിനെങ്കിലും തകരാര്‍ സംഭവിച്ചതായി തെളിയിക്കാന്‍ അദ്ദേഹം വിമര്‍ശകരെ വെല്ലുവിളിക്കുകയും ചെയ്തു.
എഥനോളിന് പെട്രോളിനേക്കാള്‍ ഏകദേശം 30% കുറവ് ഊര്‍ജ്ജമാണുള്ളത്. പല ഉപയോക്താക്കളും 2-6% മൈലേജ് നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയ വാഹനങ്ങളില്‍ ഇത് കൂടുതലാണ്. 2023-ന് മുമ്പുള്ള വാഹനങ്ങള്‍ പ്രധാനമായും ഇ10 അല്ലെങ്കില്‍ അതില്‍ കുറവിന് രൂപകല്‍പ്പന ചെയ്തവയാണ്. റബ്ബര്‍ സീലുകള്‍, ഹോസുകള്‍, ഗാസ്‌കറ്റുകള്‍ തുടങ്ങിയവയ്ക്ക് ദോഷം സംഭവിക്കാമെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
നിതിന്‍ ഗഡ്കരി 1995-ല്‍ പുര്‍തി പവര്‍ ആന്‍ഡ് ഷുഗര്‍ ലിമിറ്റഡ് സ്ഥാപിച്ചു. പിന്നീട് മക്കളായ നിഖില്‍, സാരംഗ് ഗഡ്കരി എന്നിവര്‍ മാനേജ്‌മെന്റ് ഏറ്റെടുത്തു. എഥനോള്‍ നയം ശക്തമായി മുന്നോട്ട് വെച്ചതിന് ശേഷം CIAN Agroയുടെ വരുമാനവും ലാഭവും കുത്തനെ ഉയര്‍ന്നു. ഷെയര്‍ വില 2024-ല്‍ കുറഞ്ഞ നിലയില്‍ നിന്ന് 3000 രൂപയില്‍ അധികമായി ഉയര്‍ന്നു. ഇപ്പോള്‍ ഏകദേശം 1490-1500 രൂപയ്ക്ക് അടുത്താണ്. വിവാദം ഉടലെടുത്തതോടെ ഷെയര്‍ വില ഇടിഞ്ഞു.
Cockroach Janta Party (CJP) പോലുള്ള ജെന്‍സി നയിച്ച ഓണ്‍ലൈന്‍-ഓഫ്ലൈന്‍ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന E20 Janta Party സജീവമാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ ഫോളോവേഴ്‌സ് നേടി. 100% പ്യുവര്‍ പെട്രോള്‍ ഓപ്ഷന്‍ നല്‍കുകയെന്നതാണ് പ്രധാന ആവശ്യം.
ഇ20 നയത്തിന് ഗുണങ്ങളുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍ നല്‍കാതിരുന്നതും, പഴയ വാഹന ഉടമകളുടെ ഭാരവും, മന്ത്രിയുടെ കുടുംബ ബിസിനസുമായുള്ള ഓവര്‍ലാപ്പും തിരിച്ചടിയായി. ജെന്‍സി നയിക്കുന്ന ഇ20 ജനതാ പാര്‍ട്ടി പ്രക്ഷോഭവുമായി രംഗത്തിറങ്ങിയാല്‍ കേന്ദ്ര സര്‍ക്കാരും ഗഡ്കരിയും പ്രതിരോധത്തിലാകും.