ഡല്‍ഹിയില്‍ പ്രതിഷേധം ഇരമ്പുമ്പോള്‍ വിദേശത്ത് സുഖവാസത്തിന് പോയി രാഹുല്‍, പാര്‍ലമെന്റിലെ ചൂടേറിയ ചര്‍ച്ചയ്ക്കിടയിലും ടൂര്‍, ഇന്ത്യ സഖ്യത്തിന് തലവേദനയായി പ്രതിപക്ഷ നേതാവിന്റെ മുങ്ങല്‍

ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ കടുക്കുമ്പോഴും, പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോഴുമെല്ലാം രാഹുല്‍ ഗാന്ധി വിദേശത്തേക്ക് മുങ്ങുന്നത് പ്രതിപക്ഷത്തിനും കോണ്‍ഗ്രസനും തലവേദനയാകുന്നു.

 

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഡല്‍ഹിയിലെ തെരുവുകളില്‍ പോലീസ് മര്‍ദ്ദനമേല്‍ക്കുമ്പോള്‍ പൊടുന്നനെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു രാഹുല്‍.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ കടുക്കുമ്പോഴും, പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോഴുമെല്ലാം രാഹുല്‍ ഗാന്ധി വിദേശത്തേക്ക് മുങ്ങുന്നത് പ്രതിപക്ഷത്തിനും കോണ്‍ഗ്രസനും തലവേദനയാകുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഡല്‍ഹിയിലെ തെരുവുകളില്‍ പോലീസ് മര്‍ദ്ദനമേല്‍ക്കുമ്പോള്‍ പൊടുന്നനെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു രാഹുല്‍.

ഡല്‍ഹി ഐജിഐ വിമാനത്താവളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്കാണ് രാഹുല്‍ യാത്രപോയത്. പാര്‍ട്ടി ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല. ബിജെപി ഇതിനെ 'ഹോളിഡേ മോഡ് ഓണ്‍' എന്ന് വിശേഷിപ്പിച്ച് വിമര്‍ശിച്ചു. പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്ത വ്യക്തി തന്നെ വിദേശത്തേക്ക് പോകുന്ന ശൈലി ആവര്‍ത്തിക്കുകയാണ്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. 2025 ഡിസംബറില്‍ ലോക്സഭാ ശൈത്യകാല സമ്മേളനം നടക്കുമ്പോള്‍ രാഹുല്‍ ഡിസംബര്‍ 15 മുതല്‍ 20 വരെ ജര്‍മനിയിലേക്ക് പോയി. പാര്‍ലമെന്റില്‍ പ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പ്രതിപക്ഷ നേതാവ് വിദേശത്താണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. അതിന് മുമ്പ് ആറ് മാസത്തിനുള്ളില്‍ ലണ്ടന്‍, മലേഷ്യ, ബ്രസീല്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒന്നിലധികം യാത്രകള്‍. നിര്‍ണായക രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെയാണ് രാഹുലിന്റെ യാത്രകളെല്ലാം.

ചരിത്രം പരിശോധിച്ചാല്‍ ഈ പാറ്റേണ്‍ ആവര്‍ത്തിക്കുന്നത് കാണാം. 2019-ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ രാഹുല്‍ ദക്ഷിണ കൊറിയയിലേക്ക് പോയി. 2015-ല്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും വിദേശയാത്ര നടത്തി. നോട്ട് നിരോധന സമയത്തും, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും, ബില്ലുകള്‍ പാസാക്കപ്പെടുമ്പോഴും സമാനമായ മുങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് ഹാജര്‍ റെക്കോര്‍ഡുകള്‍ പലപ്പോഴും ദേശീയ ശരാശരിയേക്കാള്‍ താഴെയായിരുന്നു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ലമെന്റിലും തെരുവിലും സാന്നിധ്യം പ്രധാനമാണ്. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി, പിന്നീട് നിര്‍ണായക ഘട്ടത്തില്‍ വിദേശത്തേക്ക് മുങ്ങുന്ന ശൈലി പ്രതിപക്ഷത്തിന്റെ ഗൗരവത്തെ ചോദ്യം ചെയ്യുന്നു. യാത്രകളുടെ ഫണ്ടിംഗ്, ആരാണ് ക്ഷണിക്കുന്നത്, ആരുമായി കൂടിക്കാഴ്ച നടത്തുന്നു എന്നീ ചോദ്യങ്ങളും ആവര്‍ത്തിച്ച് ഉയരുന്നു. പക്ഷേ വ്യക്തമായ ഉത്തരങ്ങള്‍ പലപ്പോഴും ലഭിക്കാറില്ല.

രാഹുലിന്റെ പക്ഷത്ത് നിന്ന് നോക്കിയാല്‍, വിദേശത്തുള്ള ഇന്ത്യന്‍ സമൂഹവുമായി ബന്ധം ശക്തിപ്പെടുത്തുക, ജനാധിപത്യ സംവാദങ്ങള്‍ നടത്തുക എന്നതാണ് ലക്ഷ്യം എന്ന് പറയാം. പ്രധാനമന്ത്രി മോദിയുടെ വിദേശ യാത്രകളെ ചൂണ്ടിക്കാട്ടി ഇരട്ടത്താപ്പ് ആരോപിക്കുകയും കോണ്‍ഗ്രസ് ചെയ്യാറുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവിന്റെ പങ്ക് ഭരണപക്ഷ നേതാവില്‍ നിന്ന് വ്യത്യസ്തമാണ്. ദേശീയ പ്രതിസന്ധികളിലും പാര്‍ലമെന്ററി സമ്മേളനങ്ങളിലും സാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നു.

ആവര്‍ത്തിക്കുന്ന ഈ പാറ്റേണ്‍ രാഹുല്‍ ഗാന്ധിയെ ഒരു പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരനായി ചിത്രീകരിക്കാന്‍ എതിരാളികളെ സഹായിക്കും. പ്രതിഷേധങ്ങള്‍ ഇരമ്പുമ്പോള്‍ വിദേശത്ത് സുഖവാസം എന്നത് യാദൃച്ഛികമാണോ, അതോ ഒരു ശൈലിയുടെ തുടര്‍ച്ചയോ? ഓരോ തവണയും ഇതേ ചോദ്യം ഉയരുന്നു.