വെറും 99 രൂപയ്ക്ക് യാത്രാ ഓഫര്‍, ബെംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് ജര്‍മന്‍ കമ്പനിയുടെ അത്യാധുനിക ബസ്, കെഎസ്ആര്‍ടിസി ഇവരെ കണ്ട് പഠിക്കുമോ?
കൊച്ചി: രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കെഎസ്ആര്‍ടിസിക്ക് കണ്ടുപഠിക്കാവുന്ന മാതൃകയായി ജര്‍മന്‍ കമ്പനിയുടെ ബസ് ദക്ഷിണേന്ത്യയില്‍ സര്‍വീസ് ആരംഭിക്കുന്നു. ജര്‍മ്മന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ഫ്‌ലിക്‌സ് ബസ് ആണ് ഇന്ത്യ സപ്തംബര്‍ 10 മുതല്‍ ഇന്ത്യയിലേക്കും സേവനം വ്യാപിപ്പിക്കുന്നത്. ഈ ബസുകള്‍ ബെംഗളൂരുവിനും തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തും.
ബെംഗളൂരു-കോയമ്പത്തൂര്‍, മധുരൈ, തിരുപ്പതി, വിജയവാഡ, ബെലഗാവി എന്നിവിടങ്ങളിലേക്കാണ് ആദ്യ സര്‍വീസുകള്‍. 200-ലധികം കണക്ഷനുകളുള്ള 33 ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ബസ് സര്‍വീസ് വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഒരു ലോഞ്ച് ഓഫര്‍ എന്ന നിലയില്‍, ബെംഗളൂരുവില്‍ നിന്ന് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് വെറും 99 രൂപ ആണ് ടിക്കറ്റ് നിരക്ക്.
രാജ്യത്തുടനീളം 101 പുതിയ നഗരങ്ങളില്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഫ്‌ലിക്‌സ് ബസ് അറിയിച്ചു. 40-ലധികം രാജ്യങ്ങളില്‍ ഇതിനകം സാന്നിധ്യമറിയിച്ച കമ്പനി അതിവേഗമാണ് സര്‍വീസ് രംഗത്ത് കുതിപ്പ് നടത്തിയത്.
ആധുനിക സൗകര്യങ്ങളുള്ള ഈ ബസുകള്‍ യാത്രക്കാര്‍ക്ക് സുഖവും സുരക്ഷിതത്വവും നല്‍കുന്നു. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇഎസ്സി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍), എല്ലാ സീറ്റുകള്‍ക്കും 2-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഓരോ ബസിലും സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
ലോകമെങ്ങും സര്‍വീസ് നടത്താന്‍ ലക്ഷ്യമിടുന്ന കമ്പനിയെ കേരളത്തിലെ കെഎസ്ആര്‍ടിസിക്ക് മാതൃകയാക്കാവുന്നതാണ്. എങ്ങിനെയാണ് ഒരു ബസ് സര്‍വീസ് ലാഭകരമാക്കുന്നതെന്നും യാത്രക്കാരെ ആകര്‍ഷിക്കുന്നതെന്നും കണ്ടുപഠിക്കണം. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ പ്രേംകുമാര്‍ ഇതുസംബന്ധിച്ച് ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു.
പ്രേംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
നാല് ലക്ഷത്തിലധികം റൂട്ടുകള്‍, അയ്യായിരത്തിലധികം ഡെസ്റ്റിനേഷന്‍സ്, നാല്‍പ്പതിലധികം രാജ്യങ്ങള്‍.
സ്വന്തമായി ഒറ്റ ബസ് പോലുമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ബസ് സര്‍വീസ് കമ്പനിയാണ് നാളെ മുതല്‍ സൗത്ത് ഇന്ത്യയിലും ഓടാന്‍ തുടങ്ങുന്ന FLIXBUS.
ഫെബ്രുവരി മുതല്‍ ഈ കമ്പനി നമ്മുടെ ഇന്ത്യയിലുണ്ട്. ജര്‍മനിയില്‍ തുടങ്ങീട്ട് പത്തു പതിമൂന്ന് കൊല്ലായിട്ടേയുള്ളൂ.
എങ്ങിനെ ഇവന്മാര്‍ ഇങ്ങനെ പച്ചപിടിച്ചു എന്നതറിയുന്നത് രസമാണ്.
ഒന്നാമതായി, നമ്മുടെ ബസ് മുതലാളി ബസ് വാങ്ങില്ല.
നല്ല ബസുകള്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്നെടുക്കും.
ലോണില്ല, അടവില്ല, റിപ്പയറില്ല. വേണ്ടാത്ത തലവേദനകള്‍ ഒന്നുമേയില്ല.
ഡാറ്റ അനലിറ്റിക്സ് വെച്ച്, കൃത്യമായി റൂട്ടും സമയവും പ്ലാന്‍ ചെയ്യും; ആളില്ലാ വണ്ടികള്‍ ഓടിത്തളരില്ല.
ഓണ്‍ലൈന്‍ ടിക്കറ്റിങ്; അതും അധികവും സ്വന്തം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍.
ടിക്കറ്റ് കൗണ്ടറില്ല; ടിക്കറ്റ് കൊടുക്കാനാളില്ല; ടിക്കറ്റ് എടുത്തോന്ന് നോക്കാന്‍ വേറെ വല്യ ഏമാന്മാരില്ല.
തിരക്ക് കുറയുമ്പോള്‍ പൈസ കുറയും; തിരക്ക് കൂടുമ്പോള്‍ പൈസയും കൂടും.
യാത്രക്കാര്‍ ഡിസ്ട്രിബ്യുട്ട് ചെയ്യപ്പെടും.
വളരെ, വളരെ കുറച്ച് ഉദ്യോഗസ്ഥന്മാരേ ജോലിക്കുള്ളൂ. ബസില്‍ കയറിയാല്‍
ചായയും പഴം പൊരിയുമൊക്കെ കിട്ടും. അതിലവര്‍ നല്ല മാര്‍ജിന്‍ പിടിക്കും. നിങ്ങള് കഴിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധമില്ല ട്ടോ.
യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും നല്ല ശ്രദ്ധ കൊടുക്കും. BS6 മോഡലുകള്‍ മാത്രമേ ഇന്ത്യയില്‍ ഓടിക്കുന്നുള്ളു. ABS, ESC സംവിധാനങ്ങള്‍ നിര്‍ബന്ധം; എല്ലാവര്‍ക്കും സേഫ്റ്റി സീറ്റ്‌ബെല്‍റ്റ്.
കാത്തിരിക്കാന്‍ നല്ല വൃത്തിയുള്ള, സൗകര്യമുള്ള ഇടങ്ങള്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഏറ്റവും വേഗം ഇമ്പ്‌ലിമെന്റ് ചെയ്യും.
എല്ലാറ്റിലും മേലെ, മനുഷ്യന്മാരോട് മര്യാദയ്ക്ക് പെരുമാറും.
കേട്ടാല്‍ വളരെ ലളിതമാണ് FLIXBUS ന്റെ ബിസിനസ് സീക്രട്ട്‌സ്.
ശബരിമല സീസണ്‍ വരുമ്പോള്‍ വിവേകാനന്ദാ ട്രാവല്‍സ് നടത്തിയിരുന്ന കച്ചോടത്തിന്റെ ഗ്ലോബല്‍, സ്മാര്‍ട്ട് വേര്‍ഷനാണിത്. വിവേകാനന്ദ സൂപ്പര്‍ ഹിറ്റായപ്പോള്‍ വേറെയും കുറെ ടീമുകള്‍ ഇതു കോപ്പിയടിച്ചു.
FLIXBUS ഇപ്പോള്‍ വിജയകരമായി നടപ്പിലാക്കിയ പല ഐഡിയകളും നടപ്പിലാക്കിയാലോ
എന്ന് നമ്മുടെ KSRTC കുറേക്കാലം മുന്‍പേ ആലോചിക്കാന്‍ തുടങ്ങിയതാണ്.
ആലോചിക്കാന്‍ തുടങ്ങിയവര്‍ക്ക് പലര്‍ക്കും പെന്‍ഷന്‍ കിട്ടിത്തുടങ്ങി. വേറെ പലര്‍ക്കും പെന്‍ഷന്‍ കിട്ടാണ്ടായിത്തുടങ്ങി.
ഹാര്‍വാര്‍ഡില്‍ പഠിച്ച്, Uber ല്‍ ജോലിയെടുത്ത് മിടുക്ക് തെളിയിച്ച ഡല്‍ഹിക്കാരന്‍ ചുള്ളന്‍
സൂര്യ ഖുരാനയാണ് ഇന്ത്യന്‍ പച്ചബസിന്റെ MD.
ബംഗളൂരുവില്‍ നിന്ന് നാളെ മുതല്‍ ഓടിത്തുടങ്ങുകയാണീ പച്ച ബസുകള്‍.
കേരളത്തിലേക്ക് വരുന്ന കാര്യം ഇതുവരെ പറഞ്ഞിട്ടില്ല.
എന്തായാലും, വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.