പി ജയരാജനെ പുകഴ്ത്തി പാര്‍ട്ടി ഗ്രാമങ്ങളായ ആന്തൂരിലും പാപ്പിനിശേരിയിലും ഫ്‌ളക്‌സ് ബോര്‍ഡ്, സിപിഎം കടുത്ത സമ്മര്‍ദ്ദത്തില്‍

കണ്ണൂര്‍ ജില്ലയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ഫ്‌ളെക്‌സ് പ്രചരണം ശക്തമാകുന്നു. പാര്‍ട്ടി സ്വാധീന പ്രദേശങ്ങളിലാണ് ഫ്‌ളക്‌സുകള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം.

 

പി ജയരാജന്‍ എം സ്വരാജ് എന്നിവരെ ആദര്‍ശ കമ്യൂണിസ്റ്റുകളാക്കി ചിത്രീകരിച്ചു കൊണ്ടാണ് പലയിടങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരുന്നത്.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ഫ്‌ളെക്‌സ് പ്രചരണം ശക്തമാകുന്നു. പാര്‍ട്ടി സ്വാധീന പ്രദേശങ്ങളിലാണ് ഫ്‌ളക്‌സുകള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം.

പി ജയരാജന്‍ എം സ്വരാജ് എന്നിവരെ ആദര്‍ശ കമ്യൂണിസ്റ്റുകളാക്കി ചിത്രീകരിച്ചു കൊണ്ടാണ് പലയിടങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരുന്നത്. ഇവരെ വിളിക്കു പാര്‍ട്ടിയെ രക്ഷിക്കുവെന്ന മുദ്രാവാക്യം ബോര്‍ഡുകളില്‍ എഴുതി വെച്ചിരിക്കുന്നു. ഏറ്റവും ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ തട്ടകമായ ആന്തൂര്‍ നഗരസഭയിലെ അയ്യങ്കോലും സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജന്റെ വീട് സ്ഥിതി ചെയ്യുന്ന പാപ്പിനിശേരിയിലും അണികള്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

പ്രതിപക്ഷമില്ലാതെ എല്‍.ഡി.എഫ് ഭരിക്കുന്ന ആന്തൂര്‍ നഗരസഭയിലെ ഒരു ബൂത്തില്‍ 17 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് പി.കെ.ശ്യാമളക്ക് ലഭിച്ചത്. 139-ാം നമ്പര്‍ ബൂത്തായ കടമ്പേരിയില്‍ 410 വോട്ട് പി.കെ.ശ്യാമളക്ക് ലഭിച്ചപ്പോള്‍ 393 വോട്ട് ടി.കെ.ഗോവിന്ദന് ലഭിച്ചു.

ഒഴക്രോം സ്‌കൂളിലെ 129-ാം നമ്പര്‍ ബൂത്തില്‍ കേവലം 76 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് പി.കെ.ശ്യാമളക്ക് ലഭിച്ചത്. 451 വോട്ട് പി.കെ.ശ്യാമളക്ക് ലഭിച്ചപ്പോള്‍ 375 വോട്ട് ടി.കെ.ഗോവിന്ദന് ലഭിച്ചു. 2020ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ നഗരസഭ ചെയര്‍പേഴ്‌സണായ സതിദേവി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡാണിത്. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കൊമ്പന്‍ കുഞ്ഞപ്പ 526 വോട്ടിന് വിജയിച്ച വാര്‍ഡാണിത്. അന്നത്തെ എതിര്‍ സ്ഥാനാര്‍ത്ഥി പ്രജോഷിന് 126 വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. കൊമ്പന്‍ കുഞ്ഞപ്പക്ക് 652 വോട്ടും ലഭിച്ചിരുന്നു.

ഇതിനു പുറമേ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം, എം വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പ്,  തുടങ്ങിയ സ്ഥലങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. എം .വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവി രാജി വയ്ക്കണമെന്ന് അണികള്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയോടെ സിപിഎമ്മില്‍ പി.ജയരാജനെ അനുകൂലിക്കുന്ന സൈബര്‍ ഗ്രൂപ്പുകള്‍ പൂര്‍വ്വാധികം ശക്തിയോടെ തല പൊക്കിയിരിക്കുകയാണ്. എന്നാല്‍, തന്നെ മഹത്വവല്‍ക്കരിക്കുന്നതിനെ തള്ളി പറഞ്ഞു കൊണ്ട് ഏറ്റവും ഒടുവില്‍ പി ജയരാജന്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തന്റെ പടം വെച്ചുകൊണ്ട് ഫ്‌ളക്‌സും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടതിലാണ് പി ജയരാജന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ എന്നെ പ്രകീര്‍ത്തിച്ചു കൊണ്ടും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയും കൊണ്ടുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജയരാജന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

കണ്ണൂരിലെ പരാജയത്തിന് പിന്നാലെ പി. ജയരാജനെ ജില്ലയിലെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'പി. ജയരാജനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ' എന്ന ബോര്‍ഡാണ് അഴീക്കോട് കാപ്പിലെ പീടികയില്‍ സ്ഥാപിച്ചത്. കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനേയും മാറ്റണമെന്ന് അണികള്‍ക്കിടയില്‍ വികാരം ശക്തമാണ്.

കോണ്‍ഗ്രസ്സ് പ്രത്രിസന്ധിയിലായപ്പോള്‍ 'സോണിയെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കു' എന്ന മുദ്രവാക്യം ഉയര്‍ത്തി. അത് കോണ്‍ഗ്രസ്സ് സംസ്‌കാരമാണ്. അതില്‍ നിന്നും വ്യത്യസ്ഥമാണ് കമ്മ്യൂണിസ്റ്റ് സംഘടന രീതിയെന്ന് ജയരാജന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയിലൂടെയുള്ള തുറന്ന ചര്‍ച്ചകള്‍ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക, ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്ന് ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.