158 വര്‍ഷത്തെ ചരിത്രം തിരുത്തി ഫരിഷ്ത, യൂണിവേഴ്‌സിറ്റി കോളേജില്‍ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍, എല്ലാ സീറ്റിലും എസ്എഫ്‌ഐ, 14ല്‍ ഒന്‍പതും പെണ്‍കുട്ടികള്‍, നാണക്കേടില്‍ കെസ്എസ്‌യു
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കലാലയങ്ങളില്‍ ഒന്നായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ 158 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതി എസ്എഫ്‌ഐയുടെ എന്‍ എസ് ഫരിഷ്ത. കലാലയത്തിലെ ആദ്യത്തെ വനിതാ ചെയര്‍പേഴ്‌സണ്‍ എന്ന ബഹുമതി ഫരിഷ്തയ്ക്ക് സ്വന്തമായി. കെഎസ് യുക്കാര്‍ നടത്തിയ മോശം പ്രചരണമാണ് അവര്‍ക്ക് തിരിച്ചടിയായതെന്നാണ് എസ്എഫ്‌ഐയുടെ അവകാശവാദം.
യൂണിവേഴ്‌സിറ്റി കോളേജില്‍ മത്സരിച്ച മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ പ്രതിനിധികള്‍ മിന്നുന്ന വിജയം കരസ്ഥമാക്കി. 1427 വോട്ട് നേടിയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കെഎസ്‌യു സ്ഥാനാര്‍ഥി എ എസ് സിദ്ധിയെ ഫരിഷ്ത തോല്‍പ്പിച്ചു. 14 അംഗ പാനലില്‍ 9 സീറ്റിലും പെണ്‍കുട്ടികള്‍ക്കാണ് ജയം. കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി എസ് സ്മിജയുടെയും ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എന്‍ എസ് സജിത്തിന്റെയും മകളാണ് ഫരിഷ്ത. രണ്ടാംവര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയായ ഫരിഷ്ത കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയാണ്.
എച്ച് എല്‍ പാര്‍വതിയാണ് വൈസ് ചെയര്‍പേഴ്‌സണ്‍. ആബിദ് ജാഫര്‍ (ജനറല്‍ സെക്രട്ടറി), ബി നിഖില്‍ (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), എസ് അശ്വിന്‍, എസ് എസ് ഉപന്യ (യുയുസിമാര്‍), പി ആര്‍ വൈഷ്ണവി (മാഗസിന്‍ എഡിറ്റര്‍), ആര്‍ ആര്‍ദ്ര ശിവാനി, എ എന്‍ അനഘ (ലേഡി റെപ്പ്), എ ആര്‍ ഇന്ത്യന്‍ (ഫസ്റ്റ് യുജി റെപ്പ്), എം എ അജിംഷാ (സെക്കന്‍ഡ് യുജി റെപ്പ്), വിസ്മയ വിജിമോന്‍ (തേര്‍ഡ് യുജി റെപ്പ്), എ എ വൈഷ്ണവി (ഫസ്റ്റ് പിജി റെപ്പ്), ആര്‍ അശ്വഷോഷ് (സെക്കന്‍ഡ് പിജി റെപ്പ്) എന്നിവരാണ് കോളേജ് യൂണിയന്‍ പ്രതിനിധികളായി വിജയിച്ചത്.
എല്ലാ വിദ്യാര്‍ഥികളുടെയും കൂട്ടായപ്രവര്‍ത്തനത്തോടെ കോളേജ് യൂണിയനെ നയിക്കുമെന്ന് ഫരിഷ്ത പറഞ്ഞു. നേരത്തെ ലിഡിയ മറിയം എന്ന വിദ്യാര്‍ത്ഥിനിയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് എസ്എഫ്‌ഐ സ്ഥാനാര്‍ഥിയാക്കിയായിരുന്നെങ്കിലും കെ.എസ്.യു അക്രമം അഴിച്ചുവിട്ടതിനാല്‍ അന്ന് തിരഞ്ഞെടുപ്പ് നടന്നില്ല.
മള്‍ട്ടിപ്പിള്‍ഡാഡി ഡിസോര്‍ഡറുള്ള എസ്.എഫ്.ഐ.ക്കാരാണ് യൂണിവേഴ്സിറ്റി കോളേജിലുള്ളതെന്ന് കെ.എസ്.യു.ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പറഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി. കെ.എസ്.യുവും ഫ്രട്ടേണിറ്റിയും സഖ്യമായാണ് മത്സരിച്ചതെന്നും ഫരിഷ്ത ചൂണ്ടിക്കാട്ടി.
കേരള സര്‍വ്വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 77 ക്യാമ്പസ്സുകളില്‍ 64 ഇടത്തും ജയിച്ചതായി എസ്എഫ്‌ഐ അറിയിച്ചു. അതേസമയം, മാര്‍ ഇവാനിയോസ് കോളേജ് കെഎസ്‌യു നിലനിര്‍ത്തി.