അന്ന് അവസാന പന്ത് നോബോള്‍ എറിഞ്ഞ് സന്ദീപ് റോയല്‍സിനെ തോല്‍പ്പിച്ചു, ഇന്ന് അതേ ബാറ്റര്‍ക്കെതിരെ അവസാന ഓവറിലെ 4 പന്തുകള്‍ സിക്‌സറടിക്കാന്‍ പാകത്തിന് എറിഞ്ഞുകൊടുത്തു, ഐപിഎല്ലില്‍ ഒത്തുകളി സജീവമോ?

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അവസാന ഓവറില്‍ 9 റണ്‍സെടുക്കാന്‍ കഴിയാതെ രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ ചര്‍ച്ചയാകുന്നത് സന്ദീപ് ശര്‍മയുടെ ബൗളിങ്ങാണ്.

 

രാജസ്ഥാന്‍ റോയല്‍സിനായി മിക്ക കളികളിലും അവസാന ഓവറുകളില്‍ എറിയാനെത്താറുള്ള സന്ദീപ് പല മത്സരങ്ങളിലും തോല്‍വിക്കും കാരണമായി.

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അവസാന ഓവറില്‍ 9 റണ്‍സെടുക്കാന്‍ കഴിയാതെ രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ ചര്‍ച്ചയാകുന്നത് സന്ദീപ് ശര്‍മയുടെ ബൗളിങ്ങാണ്. എല്‍എസ്ജിക്കെതിരായ കളിയുടെ ആദ്യ ഇന്നിങ്‌സിലെ അവസാന ഓവറില്‍ 27 റണ്‍സാണ് സന്ദീപ് വഴങ്ങിയത്. ഇത് തോല്‍വിക്ക് മുഖ്യ കാരണമായി.

160 റണ്‍സിലെങ്കിലും ഒതുങ്ങേണ്ടിയിരുന്ന എല്‍എസ്ജി 180 റണ്‍സിലെത്തിയത് റോയല്‍സിന് തിരിച്ചടിയായി. 4 സിക്‌സറുകളാണ് അബ്ദുള്‍ സമദ് ഈ ഓവറില്‍ നേടിയത്. ഈ റണ്‍സ് റോയല്‍സിന്റെ തോല്‍വിക്കും കാരണമായെന്നു പറയാം. ജയിക്കാന്‍ അവസാന ഓവറില്‍ 9 റണ്‍സ് മാത്രം മതിയായിരുന്ന റോയല്‍സ് 2 റണ്‍സിനാണ് തോല്‍ക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിനായി മിക്ക കളികളിലും അവസാന ഓവറുകളില്‍ എറിയാനെത്താറുള്ള സന്ദീപ് പല മത്സരങ്ങളിലും തോല്‍വിക്കും കാരണമായി. അതുവരെ മികച്ച രീതിയില്‍ പന്തെറിയുന്ന താരം എതിര്‍ ബാറ്റര്‍മാര്‍ക്ക് അനായാസം സിക്‌സറുകള്‍ നേടാനുള്ള പന്തെറിഞ്ഞുകൊടുക്കുന്നത് ദുരൂഹമാണ്.

2023ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന പന്ത് നോബോള്‍ എറിഞ്ഞതിനെ തുടര്‍ന്ന് ടീം തോറ്റിരുന്നു. തോല്‍വി ഉറപ്പിച്ച കളിയിലെ നോബോളിലൂടെ ബൗണ്ടറി നേടി ഹൈദരാബാദ് ജയം നേടി. അന്നും അബ്ദുള്‍ സമദ് തന്നെയായിരുന്നു ബൗറ്റര്‍ എന്നതാണ് ശ്രദ്ധേയം. അവസാന പന്തില്‍ 5 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, സമദ് നേടിയത് 1 റണ്‍സ് മാത്രം. നോബോളായതോടെ ആ പന്തില്‍ സിക്‌സറടിച്ച് സമദ് ടീമിന് ജയം നേടിക്കൊടുത്തു.

ഐപിഎല്ലിലെ പല കളികളിലും ഇത്തരം ദൂരൂഹമായ സംഭവങ്ങള്‍ കാണാം. ശതകോടികളുടെ വാതുവെപ്പ് നടക്കുന്നുണ്ടെന്ന് പറയപ്പെടുന്ന ഒരു ടൂര്‍ണമെന്റില്‍ കളിക്കാര്‍ ഒത്തുകളിക്കുന്നു എന്ന ആരോപണം ശക്തമാണ്. ബിസിസിഐ ഒത്തുകളിക്കെതിരെ ശക്തമായ നടപടികളെടുക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായും തടയാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.