കട്ടന്‍ ചായയും പരിപ്പുവടയും, പേരിട്ടത് ട്രോളന്മാരോ? ജയരാജനുമായുള്ള കരാര്‍ പുറത്തുവിടാതെ ഡിസി ബുക്‌സിന്റെ ഒളിച്ചുകളി, കമന്റ് ബോക്‌സ് പൂട്ടി മുങ്ങി, ഇപി നല്‍കിയ പരാതിയില്‍ ഡിജിപിയുടെ അന്വേഷണം

തെരഞ്ഞെടുപ്പ് ദിവസം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാന്‍ ഇപി ജയരാജന്റേത് എന്ന പേരില്‍ പുറത്തുവന്ന ആത്മകഥയുമായി ബന്ധപ്പെട്ട് ഡിജിപി അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ജയരാജന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.

 

ജയരാജനുമായി ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന കരാര്‍ പുറത്തുവിടണമെന്ന ആവശ്യം ശക്തമായിട്ടും ഡിസിക്ക് അതിന് സാധിച്ചിട്ടില്ലെന്നത് ദുരൂഹതയുണ്ടാക്കുന്നതാണ്. ഫേസ്ബുക്കില്‍ വിമര്‍ശനം കടുത്തതോടെ ഡിസി കമന്റ് ബോക്‌സ് പൂട്ടുകയും ചെയ്തു.

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ദിവസം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാന്‍ ഇപി ജയരാജന്റേത് എന്ന പേരില്‍ പുറത്തുവന്ന ആത്മകഥയുമായി ബന്ധപ്പെട്ട് ഡിജിപി അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ജയരാജന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് പുറത്തുവന്ന വിവാദം കൃത്യമായ മുന്നൊരുക്കത്തോടെയും ഗൂഢാലോചനയോടെയുമാണെന്നാണ് ജയരാജന്റെ ആരോപണം. തന്റെ ആത്മകഥ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഒരു പബ്ലിഷര്‍ക്കും ഇത് നല്‍കിയിട്ടില്ല. ആരുമായും ഒരു കരാറിലും ഏര്‍പ്പെട്ടിട്ടുമില്ല. പിന്നെ എങ്ങിനെയാണ് ഇത്തരമൊരു വ്യാജ വാര്‍ത്ത വന്നത് എന്ന് അന്വേഷിക്കണമെന്ന് ഇപി ആവശ്യപ്പെടുന്നു.

കട്ടന്‍ ചായയും പരിപ്പുവടയും എന്ന പേര് പുസ്തകത്തിനിടുമോയെന്നും ഇത് സിപിഎമ്മിനെ പരിഹസിക്കുന്ന വാചകമാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. ഇതോടെ, ജയരാജന്റെ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് അവകാശപ്പെട്ട ഡിസി പുസ്തക പ്രസാധനം മാറ്റിവെച്ചതായി അറിയിച്ചു. അതേസമയം, വിവാദങ്ങള്‍ കടുത്തിട്ടും ഇക്കാര്യത്തില്‍ തെളിവു നല്‍കാന്‍ ഡിസി ബുക്‌സിന് സാധിച്ചിട്ടില്ല.

ജയരാജനുമായി ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന കരാര്‍ പുറത്തുവിടണമെന്ന ആവശ്യം ശക്തമായിട്ടും ഡിസിക്ക് അതിന് സാധിച്ചിട്ടില്ലെന്നത് ദുരൂഹതയുണ്ടാക്കുന്നതാണ്. ഫേസ്ബുക്കില്‍ വിമര്‍ശനം കടുത്തതോടെ ഡിസി കമന്റ് ബോക്‌സ് പൂട്ടുകയും ചെയ്തു.
   
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുറത്തുവന്ന വിവാദം ഇടതുമുന്നണിയെ, പ്രത്യേകിച്ചും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ്. പാലക്കാട് സ്ഥാനാര്‍ത്ഥിയായ പി സരിനെ അവസരവാദിയെന്ന് ജയരാജന്‍ വിളിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സ്ഥാനാര്‍ത്ഥിയുടെ പേരെടുത്തു പറഞ്ഞിട്ടുള്ള ഇത്തരം പരാമര്‍ശങ്ങള്‍ തന്നെ ഗൂഢാലോചനയുടെ തെളിവാണെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിപിക്ക് നല്‍കിയ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ വിവാദത്തിന് പിറകില്‍ ആരെന്ന കാര്യം വ്യക്തമാകും. ഡിസി ബുക്‌സും ചില ചാനലുകളും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന സംശയം ഉയര്‍ന്നത് അന്വേഷണത്തിന് ഗൗരവമേറ്റുന്നു.