ശബരിമലയിലെ യുവതീപ്രവേശനം; ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ നിലപാട് സുപ്രീം കോടതിയിൽ വീണ്ടും അവതരിപ്പിക്കാനുള്ള നടപടി യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗം സ്വീകരിക്കുമെന്ന് കെ.സി.വേണുഗോപാൽ എംപി
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ നിലപാട് സുപ്രീം കോടതിയിൽ വീണ്ടും അവതരിപ്പിക്കുമെന്നും മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ അതിനുള്ള നടപടി സ്വീകരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ
രാഹുൽ ഗാന്ധി ബി.ജെ.പിയുടെ ബി ടീമാണെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നതും ബി.ജെ.പി - സി.പി.എം ഡീലിൻ്റെ ഭാഗമാണ്.
കൊല്ലം : ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ നിലപാട് സുപ്രീം കോടതിയിൽ വീണ്ടും അവതരിപ്പിക്കുമെന്നും മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ അതിനുള്ള നടപടി സ്വീകരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കൊല്ലം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി.വേണുഗോപാൽ.
പിണറായി വിജയൻ അയ്യപ്പ ഭക്തരെ വഞ്ചിച്ചിരിക്കുകയാണ്.ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ ലംഘിക്കുന്നതിന് കൂട്ടുനിൽക്കുന്ന നിലപാടാണ് സുപ്രീം കോടതിയിൽ വി.എസ്. അച്ചുതാനന്ദൻ സർക്കാർ സ്വീകരിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരാണ് അത് പിൻവലിച്ച് വിശ്വാസികളുടെ താൽപര്യം സംരക്ഷിച്ചത്. പിണറായി സർക്കാർ അതിനെതിരെ നിലപാടെടുക്കുകയാണ് 2019ൽ ചെയ്തത്. ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ അവ്യക്തമായ നിലപാടാണ് കോടതിയിൽ പിണറായി സർക്കാരിൻ്റേത്.
ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഴുവൻ പ്രതികളെയും യുഡിഎഫ് ഇരുമ്പഴിക്കുള്ളിലാക്കും. സി.പി.എമ്മിനും പിണറായി വിജയനും ദൈവത്തിൽ വിശ്വാസമില്ലെങ്കിലും ദൈവത്തിൻ്റെ സ്വത്തിലും സ്വർണ്ണത്തിലും വലിയ വിശ്വാസമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു..
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ ഡീലിൻ്റെ ഭാഗമായാണ് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേ നടത്തുന്നത്.മറ്റു ചില സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള സമുന്നത കോൺഗ്രസ് നേതാക്കൾക്ക് കേരളത്തിൽ പ്രചാരണത്തിൽ പങ്കെടുക്കാൻ വേണ്ടത്ര സമയം കിട്ടാതിരിക്കാനാണ് കേരളത്തിൽ തിരക്കിട്ട് വോട്ടെടുപ്പ് തീയതി തീരുമാനിച്ചതെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു.
രാഹുൽ ഗാന്ധി ബി.ജെ.പിയുടെ ബി ടീമാണെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നതും ബി.ജെ.പി - സി.പി.എം ഡീലിൻ്റെ ഭാഗമാണ്. ഇന്ത്യയിൽ അസഹിഷ്ണുതയുടെയും വിഭാഗീയ വർഗീയ രാഷ്ട്രീയത്തിൻ്റെയും വക്താക്കളായ ആർ.എസ്.എസ്സിനെയും ബി.ജെ.പിയെയും മാതൃകയാക്കി രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയാണ് പിണറായി വിജയനും പിന്തുടരുന്നത്. പിണറായി വിജയൻ പാഠങ്ങൾ പഠിക്കുന്നത് ദാസ് ക്യാപിറ്റലിൽ നിന്നോ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ നിന്നോ അല്ല, നരേന്ദ്ര മോഡിയിൽ നിന്നും അമിത് ഷായിൽ നിന്നുമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.