ഇലക്ടറല്‍ ബോണ്ടായി 1000 കോടിയിലേറെ നല്‍കിയ മേഘ എഞ്ചിനീയറിംഗിന്റെ ഉടമസ്ഥര്‍ക്ക് ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ വമ്പന്‍ കുതിപ്പ്

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ 1,232 കോടി രൂപ നല്‍കിയ മേഘാ എഞ്ചിനീയറിംഗിന്റെ പ്രമോട്ടര്‍മാരായ പി പിച്ചി റെഡ്ഡിയും പി വി കൃഷ്ണ റെഡ്ഡിയും ആഗോള കോടീശ്വരന്മാരുടെ പട്ടികയില്‍ വന്‍ കുതിപ്പ് നടത്തി.
 

ഹൈദരാബാദ്: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ 1,232 കോടി രൂപ നല്‍കിയ മേഘാ എഞ്ചിനീയറിംഗിന്റെ പ്രമോട്ടര്‍മാരായ പി പിച്ചി റെഡ്ഡിയും പി വി കൃഷ്ണ റെഡ്ഡിയും ആഗോള കോടീശ്വരന്മാരുടെ പട്ടികയില്‍ വന്‍ കുതിപ്പ് നടത്തി. യഥാക്രമം 53%, 51% എന്നിങ്ങനെയാണ് ഇവരുടെ സമ്പത്തിലുണ്ടായ വര്‍ധന. ഇതോടെ ആഗോള സമ്പന്നരുടെ പട്ടികയില്‍ യഥാക്രമം 536, 561 സ്ഥാനങ്ങളിലേക്ക് ഇരുവരും ഉയര്‍ന്നു.

ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2024 കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. തെലങ്കാന സ്വദേശികളാണ് പി പി റെഡ്ഡിയും കൃഷ്ണ റെഡ്ഡിയും. ദിവി ഫാര്‍മ ലബോറട്ടറീസ് പ്രൊമോട്ടറായ മുരളി ദിവിയും കുടുംബവുമാണ് തെലങ്കാനയിലെ കോടീശ്വരന്മാരില്‍ മുന്നിലുള്ളത്.

അരബിന്ദോ ഫാര്‍മയിലെ പി വി രാംപ്രസാദ് റെഡ്ഡിയും കുടുംബവും ബി പാര്‍ത്ഥസാരഥി റെഡ്ഡിയും കോടീശ്വരന്മാരുടെ പട്ടികയില്‍ കുതിപ്പ് നടത്തി. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ കമ്പനിയാണ് അരബിന്ദോ ഫാര്‍മ. മദ്യനയക്കേസില്‍ അന്വേഷണം വന്നതിന്റെ പിന്നാലെ കോടികളാണ് ഇലക്ടറല്‍ ബോണ്ടുകളായി അരബിന്ദോ ഫാര്‍മ നല്‍കിയത്.