ഗുജറാത്തില്‍ ഇങ്ങനെയാണ് ഭായി, ഇലക്ടറല്‍ ബോണ്ടില്‍ നിക്ഷേപിച്ചാല്‍ ഇരട്ടിയാകുമെന്ന് പറഞ്ഞുപറ്റിച്ച് ദളിത് കുടുംബത്തിന്റെ 10 കോടി രൂപ ബിജെപി വസൂലാക്കിയതായി ആരോപണം
ന്യൂഡല്‍ഹി: രാജ്യമെങ്ങുനിന്നുമുള്ള കോര്‍പറേറ്റുകളില്‍ നിന്നും വന്‍കിടക്കാരില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ കോടികള്‍ കൈപ്പറ്റിയ ഇലക്ടറല്‍ ബോണ്ടിന്റെ വമ്പന്‍ അഴിമതി കഥകള്‍ പുറത്തുവന്നത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇപ്പോഴിതാ, ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ ഒരു ദളിത് കുടുംബത്തെ പറ്റിച്ച് രാജ്യം ഭരിക്കുന്ന ബിജെപി 10 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണം പുറത്തുവരിയാണ്.
ഗുജറാത്തിലെ വടക്കുപടിഞ്ഞാറന്‍ ജില്ല കച്ചിലെ ചരിത്രപ്രാധാന്യമുള്ള നഗരമായ അന്‍ജാറിലെ ദളിത് കര്‍ഷകരായ സവാകര മാന്‍വറും മറ്റ് അഞ്ച് കുടുംബാംഗങ്ങളുമാണ് തട്ടിപ്പിന് ഇരയായത്. ഇവരുടെ പത്തേക്കര്‍ കൃഷിഭൂമി അദാനി ഗ്രൂപ്പിന് കീഴിലുള്ള വെല്‍സ്പണ്‍ എന്റര്‍പ്രൈസസിന് കൈമാറിയതിന് നഷ്ടപരിഹാരമായി കിട്ടിയ പണമാണ് നഷ്ടമായത്.
ഇത്രയും തുക അക്കൗണ്ടില്‍ ഇടുന്നത് ആദായനികുതിവകുപ്പ് ചോദ്യംചെയ്യുമെന്ന് വെല്‍സ്പണ്‍ മാനേജര്‍ മഹേന്ദ്ര സിങ് സോധ പറഞ്ഞുപറ്റിക്കുകയായിരുന്നു. പകരം അഞ്ചുവര്‍ഷംകൊണ്ട് തുക ഒന്നര ഇരട്ടിയാക്കുന്ന ബോണ്ടില്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്താണ് നിരക്ഷരരായ കര്‍ഷകരെക്കൊണ്ട് ഇലക്ടറല്‍ ബോണ്ടെടുപ്പിച്ചത്.
ഉദ്യോഗസ്ഥരുടെ നിര്‍ബന്ധപ്രകാരം സവാകര മാന്‍വറിന്റെയും ബന്ധുക്കളുടെയും പേരില്‍ 2023 ഒക്ടോബറിലാണ് പതിനൊന്ന് കോടി പതിനാലായിരം രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങുന്നത്. തൊട്ടടുത്ത ദിവസം ഇതില്‍ പത്തുകോടി ബിജെപി പണമാക്കി മാറ്റി. ബാക്കി ഒരുകോടി പതിനാലായിരം രൂപ ശിവസേനയും മാറ്റിയെടുത്തു.
ഗുജറാത്ത് സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപന പ്രകാരം 76 കോടിക്ക് വില്‍ക്കേണ്ട ഭൂമി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ വര്‍ഷങ്ങളോളം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നും നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നുമാണ് 16 കോടിക്ക് വില്‍ക്കാന്‍ കുടുംബം സന്നദ്ധമായത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്നും ദളിത് കുടുംബം ആരോപിച്ചു.