ഇലക്ടറല്‍ ബോണ്ട്, തെരഞ്ഞെടുപ്പിന് മുന്‍പ് വിവരങ്ങള്‍ മുക്കാനുള്ള എസ്ബിഐയുടെ കള്ളക്കളി പൊളിച്ച് സുപ്രീംകോടതി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെ ഇലക്ടറര്‍ ബോണ്ടുവഴി നല്‍കിയ സംഭാവനയുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവരാതിരിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ കള്ളക്കളി സുപ്രീംകോടതി പൊളിച്ചു.
 

 

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെ ഇലക്ടറര്‍ ബോണ്ടുവഴി നല്‍കിയ സംഭാവനയുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവരാതിരിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ കള്ളക്കളി സുപ്രീംകോടതി പൊളിച്ചു. ഇലക്ടറര്‍ ബോണ്ട് നിരോധിച്ചുകൊണ്ട് നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പ് ഈ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനായി ജൂണ്‍ 30 വരെ എസ്ബിഐ സമയം ചോദിച്ചെങ്കിലും സുപ്രീംകോടതി തള്ളി.  

കേസില്‍ എസ്ബിഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനവുമുണ്ടായി. സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ട് മൂന്ന് ആഴ്ച പിന്നിട്ടിട്ടും വിധി നടപ്പാക്കുന്നതിന് എന്തു നടപടിയാണ് എസ്ബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുപ്രീം കോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്ബിഐയുടെ മുംബൈ ബ്രാഞ്ചില്‍ ഉണ്ടെന്നും അത് പരസ്യപ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങള്‍ എസ്ബിഐ മാര്‍ച്ച് 12-ന് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാര്‍ച്ച് 15ന് മുന്‍പ് കമ്മീഷന്‍ ഇത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെതാണ്  വിധി.

തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരുടെയും പണം ലഭിച്ച പാര്‍ട്ടികളുടെയും വിവരങ്ങള്‍ സംയോജിപ്പിച്ച് കൈമാറുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് എസ്.ബി.ഐ കോടതിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയത് ആരൊക്കെ എന്ന് വാങ്ങിയെന്ന് ഉടന്‍ പറയാമെന്നും ഏതൊക്കെ പാര്‍ട്ടിക്ക് പണം കിട്ടിയെന്ന് പറയാന്‍ കൂടുതല്‍ സമയം വേണമെന്നും എസ്.ബി.ഐ കോടതിയെ അറിയിച്ചു. എന്നാല്‍, ഇത് കോടതി അംഗീകരിച്ചില്ല. സാങ്കേതികത്വം പറഞ്ഞ് വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതി വിധിയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2019 മുതല്‍ ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ നാളെ തന്നെ കൈമാറും. വിവരങ്ങള്‍ മാര്‍ച്ച് 15-ന് വൈകിട്ട് 5-ന് മുന്‍പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.

സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് കൈമാറണമെന്ന നിര്‍ദേശം പാലിക്കാത്ത എസ്ബിഐക്കെതിരെ സിപിഎം കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പൂര്‍ണ വിവരം മാര്‍ച്ച് ആറിനുള്ളില്‍ കൈമാറണമെന്നായിരുന്നു കോടതി നിര്‍ദേശം. കോടതി നിശ്ചയിച്ച സമയപരിധി മനഃപൂര്‍വം എസ്ബിഐ ലംഘിച്ചുവെന്ന് വെള്ളിയാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ബോണ്ടുകള്‍ വാങ്ങിയവരുടെയും പണമാക്കി മാറ്റിയവരുടെയും വിവരങ്ങള്‍ പൊരുത്തപ്പെടണമെന്ന് കോടതി ഉത്തരവിട്ടിട്ടില്ല. എന്നാല്‍, പറയാത്ത ഇക്കാര്യം മുന്‍നിര്‍ത്തി പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അവകാശപ്പെടുകയാണ് എസ്ബിഐയെന്നും ഹര്‍ജിയില്‍ പറഞ്ഞു.