ദരിദ്ര കര്‍ഷകന്റെ മകന്‍, പോലീസ് ഓഫീസര്‍, ക്രൂരനായ മയക്കുമരുന്ന് രാജാവ്, സിനിമയെപ്പോലും വെല്ലുന്ന എല്‍ മെഞ്ചോയുടെ ജീവിതകഥ ഇങ്ങനെ

ഒരു ചെറിയ ഗ്രാമത്തിലെ അവോക്കാഡോ കൃഷിക്കാരന്റെ മകന്‍. സ്‌കൂള്‍ പോലും പൂര്‍ത്തിയാക്കാത്ത ഒരു യുവാവ്. പിന്നീട് അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടന്ന് മരിജുവാനയും ഹെറോയിനും വില്‍ക്കുന്നയാള്‍.

 

മെക്‌സിക്കോയിലെത്തിയ ശേഷം ജാലിസ്‌കോ സംസ്ഥാനത്തെ ചില ചെറിയ പട്ടണങ്ങളില്‍ പോലീസ് ഓഫീസറായി ജോലി ചെയ്തു. കാബോ കോറിയന്റസ്, ടോമാറ്റ്‌ലാന്‍ എന്നിവിടങ്ങളില്‍ യൂണിഫോമണിഞ്ഞ് നിന്നയാളാണ് പിന്നീട് ലോകത്തെ ഭയപ്പെടുത്തുന്ന മാഫിയാ ബോസായി മാറിയത്.

ഒരു ചെറിയ ഗ്രാമത്തിലെ അവോക്കാഡോ കൃഷിക്കാരന്റെ മകന്‍. സ്‌കൂള്‍ പോലും പൂര്‍ത്തിയാക്കാത്ത ഒരു യുവാവ്. പിന്നീട് അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടന്ന് മരിജുവാനയും ഹെറോയിനും വില്‍ക്കുന്നയാള്‍. ഒടുവില്‍ മെക്‌സിക്കോയിലെ ഏറ്റവും ക്രൂരവും ശക്തവുമായ മയക്കുമരുന്ന് സംഘത്തിന്റെ തലവന്‍. കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് എല്‍ മെഞ്ചോയുടെ ജീവിതം സിനിമയെപ്പോലും വെല്ലുന്ന ആക്ഷന്‍ ത്രില്ലറാണ്.

യഥാര്‍ത്ഥ പേര് നെമെസിയോ റൂബന്‍ ഒസെഗുവേര സെര്‍വാന്റസ്. 1966 ജൂലൈ 17-ന് മിച്ചോവാക്കാന്‍ സംസ്ഥാനത്തെ അഗ്വിലിയ എന്ന ഗ്രാമത്തില്‍ ജനനം. ദാരിദ്ര്യം കൂടെപ്പിറപ്പായിരുന്നു. അവോക്കാഡോ, ലൈം, ചിലപ്പോള്‍ പോപ്പി കൃഷി  ഇതൊക്കെയായിരുന്നു കുടുംബത്തിന്റെ കൃഷി. പ്രൈമറി സ്‌കൂളില്‍ പഠനം നിര്‍ത്തി. 1980-കളില്‍ അമേരിക്കയിലേക്ക് കടന്നു. കാലിഫോര്‍ണിയയില്‍ മയക്കുമരുന്ന് കച്ചവടം തുടങ്ങി.

ആദ്യ അറസ്റ്റ് 1986-ല്‍ മരിജുവാന കേസിലാണ്. പിന്നീട് ഹെറോയിന്‍ വില്‍പ്പനയ്ക്ക് 1992-94 കാലഘട്ടത്തില്‍ മൂന്ന് വര്‍ഷം ജയിലായി. അവിടെനിന്നും ഡീപോര്‍ട്ടഡ് ആയി മെക്‌സിക്കോയിലേക്ക് മടങ്ങി. പക്ഷേ അവിടെയും ക്രിമിനല്‍ ലോകം വിട്ടില്ല.

മെക്‌സിക്കോയിലെത്തിയ ശേഷം ജാലിസ്‌കോ സംസ്ഥാനത്തെ ചില ചെറിയ പട്ടണങ്ങളില്‍ പോലീസ് ഓഫീസറായി ജോലി ചെയ്തു. കാബോ കോറിയന്റസ്, ടോമാറ്റ്‌ലാന്‍ എന്നിവിടങ്ങളില്‍ യൂണിഫോമണിഞ്ഞ് നിന്നയാളാണ് പിന്നീട് ലോകത്തെ ഭയപ്പെടുത്തുന്ന മാഫിയാ ബോസായി മാറിയത്.

പോലീസ് ജോലി വിട്ട് മാഫിയാ ഗ്രൂപ്പായ മിലേനിയോ കാര്‍ട്ടലിലേക്ക് ചേര്‍ന്നു. ആദ്യം കൊലയാളിയായി ജോലി ചെയ്ത മെഞ്ചോ പിന്നീട് ഉയര്‍ന്ന പദവികളിലേക്ക് മാറി. 2009-2010 കാലഘട്ടത്തില്‍ മിലേനിയോ കാര്‍ട്ടല്‍ പിളര്‍ന്നു. അതിന്റെ ഒരു ഭാഗമായ 'ലോസ് ടോര്‍സിഡോസ്' എന്ന ഗ്രൂപ്പിനെ നയിച്ചു. അതാണ് പിന്നീട് ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ ആയത്.

എല്‍ മെഞ്ചോ തന്റെ മാഫിയ ഗ്രൂപ്പിനെ ഒരു സാധാരണ മയക്കുമരുന്ന് സംഘത്തില്‍ നിന്ന് മിലിട്ടറി സ്‌റ്റൈല്‍ ആര്‍മിയാക്കി മാറ്റി. ഡ്രോണുകളില്‍ ബോംബ് വെച്ച് ആക്രമണം, റോക്കറ്റ് ലോഞ്ചറുകള്‍, ഭാരമുള്ള ആയുധങ്ങള്‍, സബ്മറിനുകള്‍ ഇവയെല്ലാം സ്വന്തമാക്കി. ഫെന്റാനില്‍, മെത്താമ്ഫിറ്റമിന്‍, കൊക്കെയിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ചു

മെഞ്ചോയുടെ ക്രൂരതകള്‍ ഞെട്ടിക്കുന്നതാണ്. എതിരാളികളോട് യാതൊരു ദയയും കാട്ടിയില്ല. ക്രൂരമായാണ് അവരെ കൊലപ്പെടുത്തിയത്. മെക്‌സിക്കന്‍ സൈന്യത്തിനുപോലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം മെഞ്ചോ വളര്‍ന്നു. 2015-ല്‍ മെക്‌സിക്കന്‍ സൈന്യം ഇയാളുടെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടെങ്കിലും രക്ഷപ്പെട്ടു. മെഞ്ചോയ്ക്ക് അമേരിക്ക 15 മില്യണ്‍ ഡോളര്‍ (ഏകദേശം 125 കോടി രൂപ) റിവാര്‍ഡ് വെച്ചിരുന്നു.

മെഞ്ചോയുടെ പുതിയ വിവരങ്ങളൊന്നും ഏജന്‍സികള്‍ക്ക് കിട്ടിയില്ല. ഫോട്ടോകള്‍ പോലും പഴയതു മാത്രം. പുതിയ ഫോട്ടോ ഒന്നും ലോകത്തിന് കിട്ടിയില്ല. ഫെബ്രുവരി 22-ന് ജാലിസ്‌കോയിലെ തപല്‍പ എന്ന ചെറിയ പട്ടണത്തിനടുത്ത് നടന്ന ഒരു റെയ്ഡിലാണ് മെഞ്ചോയ്ക്ക് വെടിയേല്‍ക്കുന്നത്. യു.എസ് ഇന്റലിജന്‍സ് പിന്തുണയോടെ മെക്‌സിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സസ് മെഞ്ചോയെ കുടുക്കി.

കാമുകിവഴിയാണ് മെഞ്ചോയിലേക്കെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മെഞ്ചോയ്ക്ക് വെടിയേറ്റതോടെ കാര്‍ട്ടലിന്റെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടു. മെക്‌സിക്കോയില്‍ ഒരു ചെറിയ യുദ്ധം തന്നെ നടന്നെന്നാണ് റിപ്പോര്‍ട്ട്. മെഞ്ചോയ്ക്ക് പിന്‍ഗാമികള്‍ ഉണ്ടാകുമെന്നുതന്നെയാണ് മെക്‌സിക്കന്‍ സൈന്യം വിശ്വസിക്കുന്നത്. 

മെഞ്ചോയുടെ സഹോദരന്‍ അന്റോണിയോയെ കഴിഞ്ഞ വര്‍ഷം അമേരിക്കയ്ക്ക് കൈമാറിയിരുന്നു. കാര്‍ട്ടല്‍ ഇപ്പോഴും ശക്തമാണ്. അതുകൊണ്ടുതന്നെ മയക്കുമരുന്ന് വ്യാപാരത്തിനെതിരായ പോരാട്ടം തുടരുമെന്നും സൈന്യം വ്യക്തമാക്കിക്കഴിഞ്ഞു.