ചാനലുകാരേയും കൂട്ടി ക്ഷണിക്കാത്ത പരിപാടിക്കെത്തി നവീന്‍ ബാബുവിനെതിരായ ദിവ്യയുടെ ഷോ പൊറുക്കാനാകാത്തത്, തെരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിനെ ദുര്‍ബലമാക്കി, തിരിച്ചെടുത്താല്‍ തിരിച്ചടിയായേക്കും
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.
പാര്‍ട്ടിയുടെ ധാര്‍മിക പ്രതിച്ഛായയ്ക്കുണ്ടായ ആഘാതവും, എതിരാളികള്‍ക്ക് എന്നെന്നും കൈയ്യിലെടുക്കാവുന്ന ആയുധവുമാണ് പിപി ദിവ്യയുടെ അപക്വമായ ആരോപണം.
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. സംസ്ഥാന, ജില്ലാ നേതൃത്വം പരിഗണന നല്‍കാത്തതോടെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി കാത്തിരിക്കുകയാണ് ദിവ്യ. എന്നാല്‍, ദിവ്യയുടെ തിരിച്ചുവരവ് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ ക്ഷണിക്കാതെ എത്തി ആരോപണം ഉന്നയിച്ചതും, തുടര്‍ന്നുണ്ടായ ആത്മഹത്യയും, പാര്‍ട്ടിയെ ഏറ്റവും പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു. ദിവ്യയുടെ അനവസരത്തിലുള്ള ഇടപെടല്‍ തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പുകളില്‍ എതിരാളികള്‍ ആയുധമാക്കുകയും ഇത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിക്ക് ഇടയാക്കുകയും ചെയ്തു.
പാര്‍ട്ടിയുടെ ധാര്‍മിക പ്രതിച്ഛായയ്ക്കുണ്ടായ ആഘാതവും, എതിരാളികള്‍ക്ക് എന്നെന്നും കൈയ്യിലെടുക്കാവുന്ന ആയുധവുമാണ് പിപി ദിവ്യയുടെ അപക്വമായ ആരോപണം. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരായ അഴിമതി ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് മുതിര്‍ന്ന നേതാക്കളുമായി ദിവ്യ ആലോചന നടത്തിയില്ല. മാത്രമല്ല, ക്ഷണിക്കാത്ത ഒരു പരിപാടിയില്‍ ചാനലുകാരേയും കൂട്ടിയെത്തി നവീന്‍ ബാബുവിനെ മോശക്കാരനാക്കാന്‍ ദിവ്യ മനപൂര്‍വം ശ്രമിച്ചെന്നും സിപിഎം നേതാക്കള്‍ കരുതുന്നു.
2024 ഒക്ടോബര്‍ 14-ന് കണ്ണൂര്‍ കളക്ടറേറ്റ് ഹാളില്‍ നടന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ദിവ്യ അവിടെ എത്തി, പെട്രോള്‍ പമ്പിനുള്ള എന്‍ഒസി അനുമതി വൈകിയതും, സ്ഥലംമാറ്റത്തിന് തൊട്ടുമുമ്പ് പെട്ടെന്ന് അനുമതി നല്‍കിയതും ചൂണ്ടിക്കാട്ടി ആരോപണം ഉന്നയിച്ചു. അഴിമതി സൂചനയോടെയുള്ള ഈ പരാമര്‍ശങ്ങളും തെളിവുകള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പും നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായി.
പോലീസ് അന്വേഷണത്തിലും ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലും, ദിവ്യ ക്ഷണിക്കപ്പെടാതെ എത്തിയതായും, പരിപാടി റെക്കോര്‍ഡ് ചെയ്യാന്‍ പ്രാദേശിക ചാനലിനോട് നിര്‍ദേശിച്ചതായും, വീഡിയോ ശേഖരിച്ച് പ്രചരിപ്പിച്ചതായും കണ്ടെത്തലുകളുണ്ട്. ചാര്‍ജ്ജ് ഷീറ്റില്‍ ദിവ്യയെ മാത്രം പ്രതിയാക്കി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് ആരോപിക്കപ്പെട്ടു.
ദിവ്യ ആരോപണം ഉന്നയിച്ചത് വ്യക്തിപരമായ വിരോധം തീര്‍ക്കുന്ന രീതിയിലായിരുന്നു. ഇത് പാര്‍ട്ടിക്ക് കനത്ത അവമതിപ്പുണ്ടാക്കി. സിപിഎം ജില്ലാ നേതൃത്വവുമായി ആലോചിച്ച് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത് ഉന്നയിക്കാവുന്ന അഴിമതി ആരോപണം യാത്രയയപ്പ് പരിപാടിയിലെത്തി ഉന്നയിക്കാനുള്ള കാരണം ദിവ്യ വിശദീകരിച്ചിട്ടില്ല. ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് പോലുള്ള ഔദ്യോഗിക പരിപാടിയില്‍ ഇത്തരം പരസ്യ ആരോപണം ഉന്നയിച്ചത് അംഗീകരിക്കാനാകാത്ത തെറ്റായി മാറി.
നവീന്‍ ബാബുവിന്റെ കുടുംബം സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ പത്തനംതിട്ടയിലെ പാര്‍ട്ടി ഘടകങ്ങള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ദിവ്യയെ തള്ളിപ്പറഞ്ഞു. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
പാര്‍ട്ടി ആദ്യം ദിവ്യയെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും, പൊതുജനാഭിപ്രായവും ആഭ്യന്തര സമ്മര്‍ദ്ദവും കാരണം നടപടി എടുക്കേണ്ടിവന്നു. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. വര്‍ഗ്ഗ-ബഹുജന സംഘടനകളിലെ പദവികളും നഷ്ടപ്പെട്ടു.
സംഭവത്തിന് ശേഷമുള്ള തദ്ദേശ തെരഞ്ഞെടുപ്പുകളിലും മറ്റ് രാഷ്ട്രീയ പ്രചാരണങ്ങളിലും ഇത് പ്രതിപക്ഷത്തിന് ശക്തമായ ആയുധമായി. സിപിഎം നേതാവ് ഉദ്യോഗസ്ഥനെ ആത്മഹത്യയിലേക്ക് തള്ളിയിട്ടു എന്ന പ്രചാരണം കണ്ണൂരിലും അയല്‍ ജില്ലകളിലും സ്വാധീനം ചെലുത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും അസ്വസ്ഥതയുണ്ടായി. ദിവ്യയെ സംരക്ഷിക്കുകയോ, തിരിച്ചെടുക്കുകയോ ചെയ്താല്‍ ഇത് വീണ്ടും ചര്‍ച്ചയാകുമെന്ന ഭയം നേതൃത്വത്തിലുണ്ട്.
ഇപ്പോള്‍ ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ച് തരംതാഴ്ത്തല്‍ നടപടി പുനഃപരിശോധിക്കണമെന്നും, ചില നേതാക്കള്‍ തിരിച്ചുവരവ് തടയുന്നുവെന്നും ആരോപിച്ചിരിക്കുന്നു.
ദിവ്യയെ മുന്‍ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുത്താല്‍ പാര്‍ട്ടി അച്ചടക്കവും ധാര്‍മിക നിലപാടും ചോദ്യം ചെയ്യപ്പെടും. ഒരു വ്യക്തിയുടെ തിരിച്ചുവരവ് മുഴുവന്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് വില കൊടുക്കേണ്ടിവരുമെന്ന് പല നേതാക്കളും കരുതുന്നു.
ദിവ്യയുടെ ആരോപണങ്ങള്‍ വസ്തുതാപരമാണോ അല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെ. എന്നാല്‍, രാഷ്ട്രീയമായി, ഒരു ഔദ്യോഗിക പരിപാടിയില്‍ ക്ഷണിക്കാതെ എത്തി പരസ്യ ആരോപണം ഉന്നയിച്ചത് സിപിഎമ്മിന് വലിയ വില കൊടുക്കേണ്ടിവന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ സിപിഎം ജില്ലാ നേതൃത്വത്തിലേക്കോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കോ തിരിച്ചെത്തുകയെന്നത് ദിവ്യയ്ക്ക് എളുപ്പമായിരിക്കില്ല.