നടി ആക്രമണക്കേസിനുശേഷം ദിലീപിന്റെ പടങ്ങളെല്ലാം പൊട്ടുന്നു, ജനപ്രിയനെ സ്ത്രീകള്‍ക്ക് മടുത്തോ?, തുടര്‍ച്ചയായ 8 പരാജയങ്ങള്‍
കൊച്ചി: ദിലീപ് നായകനായി പുറത്തിറങ്ങിയ തങ്കമണി എന്ന സിനിമ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞതോടെ ദിലീപിന്റെ തിരിച്ചുവരവ് എന്ന ആരാധകരുടെ സ്വപ്‌നം ഒരിക്കല്‍ക്കൂടി സഫലമായില്ല. കേരളത്തെ ഞെട്ടിച്ച നടി ആക്രമണക്കേസിലെ പ്രതിയായി ജയിലില്‍ കിടന്ന ദിലീപ് തിരിച്ചുവന്നശേഷം തുടര്‍ച്ചയായി 8 സിനിമകളിലാണ് പരാജയം ഏറ്റുവാങ്ങിയത്.
തമന്ന നായികയായെത്തിയ ബിഗ് ബജറ്റ് സിനിമയായ ബാന്ദ്ര പൊട്ടിയതിന് പിന്നാലെയാണ് തങ്കമണിയുടെ വരവ്. സംഭവകഥ സിനിമയായെത്തിയപ്പോള്‍ നായകവേഷം കൈകാര്യം ചെയ്ത ദിലീപിന് വീണ്ടും പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റാനായില്ല. ഒരുകാലത്ത് ഇറങ്ങുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാക്കിയ ചരിത്രമുള്ള നടനാണ് ദിലീപ്. നിലവാരമില്ലാത്ത കോമഡികളുടെ കാലം കഴിഞ്ഞതും അഭിനേതാവ് എന്നനിലയില്‍ നല്ല സിനിമകള്‍ ലഭിക്കാത്തതുമാണ് ദിലീപിന് തിരിച്ചടിയാകുന്നത്.
ഉദയ് കൃഷ്ണയുടെ തിരക്കഥയും അരുണ്‍ ഗോപിയുടെ സംവിധാനവും ദിലീപിന്റെ നായകവേഷവുമെന്ന പ്രത്യേകതയുമായെത്തിയ ബാന്ദ്രയ്ക്കുപോലും പിടിച്ചുനില്‍ക്കാനായില്ല. സൂപ്പര്‍ഹീറോ പരിവേഷത്തോടെ ദിലീപ് എത്തിയ സിനിമയാണ് ബാന്ദ്ര. എന്നാല്‍, കാലഹരണപ്പെട്ട കഥയും കഥാപാത്രങ്ങളുമായെത്തിയ സിനിമയെ ആദ്യദിനം മുതല്‍ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്ത് എന്നറിയപ്പെടുന്ന ഉദയ് കൃഷ്ണയുടെ സിനിമകളും തുടര്‍ച്ചയായി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റുന്നതില്‍ പരാജയപ്പെട്ടു. ആറാട്ട്, മോണ്‍സ്റ്റര്‍, ക്രിസ്റ്റഫര്‍ ഏറ്റവും ഒടുവില്‍ ബാന്ദ്രയും പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ല.
നടി ആക്രമണക്കേസിനുശേഷം രാമലീല മാത്രമാണ് ദിലീപിന് ഹിറ്റെന്ന് പറയാവുന്ന സിനിമ. വോയ്‌സ് ഓഫ് സ്വാമിനാഥന്‍, തട്ടാശ്ശേരി കൂട്ടം, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ സിനിമകളെല്ലാം തീയേറ്ററില്‍ പരാജയപ്പെട്ടു. നിര്‍മാതാക്കള്‍ വിശ്വസിച്ച് പണമെറിഞ്ഞിരുന്ന ദിലീപ് സിനിമകള്‍ക്ക് ഇന്ന് യാതൊരു ഗ്യാരന്റിയുമില്ലാത്ത അവസ്ഥയാണ്. മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ പരാജയപ്പെട്ട സിനിമകളാണ് അടുത്തകാലത്തിറങ്ങിവ എന്നത് ദിലീപിനുണ്ടാക്കുന്ന പേരുദോഷം ചെറുതല്ല.
കോമഡി സിനികളില്‍ കാണിക്കാറുള്ള ദിലീപിന്റെ ചടുലത നഷ്ടമായെന്നും നടന് പ്രായം വില്ലനാകുന്നുണ്ടെന്നുവേണം കരുതാനെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. നടി ആക്രമണക്കേസ് ദിലീപിന്റെ സിനിമാ കരിയറിന് ഉണ്ടാക്കിയിട്ടുള്ള തിരിച്ചടി ചെറുതല്ല. തിരിച്ചുവരവ് എളുപ്പമല്ലാതായതോടെ സിനിമാ നിര്‍മാണത്തിലും മറ്റും ശ്രദ്ധയൂന്നാനാകും ഇനി ദിലീപിന്റെ ശ്രമം.