കേരളത്തിൽ ഡിജിറ്റൽ റീസർവേ ഇഴയുന്നു ; മൂന്ന് വർഷമാകുമ്പോഴും പൂർത്തിയായത് 15 ശതമാനം വില്ലേജുകളിൽ മാത്രം
കേരളത്തിൽ ഭൂമി ഇടപാടുകൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കാൻ വലിയ അവകാശവാദങ്ങളോടെ സർക്കാർ തുടങ്ങിയ ഡിജിറ്റൽ റീസർവേ പദ്ധതി വലിച പ്രതിസന്ധിയിലേക്ക്. 2022 നവംബർ 1ന് ഔദ്യോഗികമായി ആരംഭിച്ച പദ്ധതി മൂന്ന് വർഷമെത്തുമ്പോഴും ലക്ഷ്യത്തിന്റെ അയലത്തുപോലും എത്താനായിട്ടില്ല.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 639 വില്ലേജുകളിലാണ് (38.4%) ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിച്ചത്. ഇതിൽ സർവേ അതിരടയാള നിയമം വകുപ്പ് 9(2) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് 381 വില്ലേജുകളിൽ മാത്രമാണ്.
തിരുവനന്തപുരം: കേരളത്തിൽ ഭൂമി ഇടപാടുകൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കാൻ വലിയ അവകാശവാദങ്ങളോടെ സർക്കാർ തുടങ്ങിയ ഡിജിറ്റൽ റീസർവേ പദ്ധതി വലിച പ്രതിസന്ധിയിലേക്ക്. 2022 നവംബർ 1ന് ഔദ്യോഗികമായി ആരംഭിച്ച പദ്ധതി മൂന്ന് വർഷമെത്തുമ്പോഴും ലക്ഷ്യത്തിന്റെ അയലത്തുപോലും എത്താനായിട്ടില്ല. സംസ്ഥാനത്തെ ആകെയുള്ള 1,666 വില്ലേജുകളിൽ വെറും 249 വില്ലേജുകളിൽ മാത്രമാണ് ഇതുവരെ സർവേ നടപടികൾ പൂർണ്ണമാക്കി റവന്യൂ വകുപ്പിന് കൈമാറാൻ കഴിഞ്ഞത്. ഇത് സംസ്ഥാനത്തെ ആകെ വില്ലേജുകളുടെ 15 ശതമാനം മാത്രമാണ്.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 639 വില്ലേജുകളിലാണ് (38.4%) ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിച്ചത്. ഇതിൽ സർവേ അതിരടയാള നിയമം വകുപ്പ് 9(2) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് 381 വില്ലേജുകളിൽ മാത്രമാണ്. അതായത് പദ്ധതി ആരംഭിച്ച വില്ലേജുകളുടെ 59.6 ശതമാനത്തിലും ആകെ വില്ലേജുകളുടെ 22.9 ശതമാനത്തിലും മാത്രമാണ് ഈ ഘട്ടം വരെ എത്താനായത്. പൂർണ്ണമായി സർവേ പൂർത്തിയാക്കി വകുപ്പ് 13(2) പ്രകാരം അന്തിമ വിജ്ഞാപനം വന്ന 249 വില്ലേജുകളാവട്ടെ, സർവേ ആരംഭിച്ച ആകെ വില്ലേജുകളുടെ 39 ശതമാനം മാത്രമാണ്.
മന്ദഗതിയിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ സാങ്കേതിക തടസ്സങ്ങളും ആധാരം രജിസ്ട്രേഷൻ രംഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ പ്രീ-മ്യൂട്ടേഷൻ സ്കെച്ച് അടിസ്ഥാനമാക്കി ഭൂമി രജിസ്‌ട്രേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സോഫ്റ്റ്‌വെയറിലെ ഗുരുതരമായ ന്യൂനതകൾ മൂലം രജിസ്‌ട്രേഷൻ നടപടികൾ അടിക്കടി തടസ്സപ്പെടുകയാണ്. ഇതിനുപുറമെ, പുതിയ സംവിധാനങ്ങളെക്കുറിച്ച് ആധാരം എഴുത്ത് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിന് മുൻപ് തന്നെ മാറ്റങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചത് പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്.
അതിനിടെ, പദ്ധതിയെ പൂർണ്ണമായും സ്തംഭനത്തിലേക്ക് നയിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ഉടലെടുത്തിട്ടുണ്ട്. സർവേ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് ലഭിക്കേണ്ട പ്രതിഫല കുടിശ്ശിക നൽകാൻ വൈകുന്നതിൽഷേധിച്ച്, ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സർവേ നടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സോഫ്റ്റ്‌വെയർ തകരാറുകളും ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സാമ്പത്തിക കുടിശ്ശികയും ഒരുപോലെ അലട്ടുന്നതോടെ, കൃത്യസമയത്ത് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാമെന്ന സർക്കാരിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ്.