സിനിമ പൊട്ടല്‍ ആവര്‍ത്തിച്ചില്ല, നദികളില്‍ സുന്ദരി യമുന ഹിറ്റാകുമ്പോള്‍ രസകരമായ കമന്റുമായി ധ്യാന്‍

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തിയ നദികളില്‍ സുന്ദരി യമുന ഹിറ്റാകുമ്പോള്‍ സെല്‍ഫ് ട്രോളുമായി നായകന്‍. ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്. ബോംബ് നിര്‍വീര്യമായി എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പോസ്റ്റ് ചെയ്തത്.
 

കണ്ണൂര്‍: ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തിയ നദികളില്‍ സുന്ദരി യമുന ഹിറ്റാകുമ്പോള്‍ സെല്‍ഫ് ട്രോളുമായി നായകന്‍. ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്. ബോംബ് നിര്‍വീര്യമായി എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പോസ്റ്റ് ചെയ്തത്.

തുടര്‍ച്ചയായി സിനിമ പൊട്ടുന്നതില്‍ ആരാധകരില്‍ നിന്നും ട്രോളുകള്‍ ഏറ്റുവാങ്ങിയ നടന്റെ സെല്‍ഫ് ട്രോള്‍ ഏവരും ഏറ്റെടുക്കുകയും ചെയ്തു. സ്വയം സത്യസന്ധമായി വിലയിരുത്തുന്ന നടന്റെ ആര്‍ജവത്തിന് അവര്‍ കൈയ്യടിച്ചു. അടുത്തിടെ പല അഭിമുഖങ്ങളിലും നടന്‍ സെല്‍ഫ് ട്രോള്‍ നടത്തിയത് ആരാധകരെ രസിപ്പിച്ചിരുന്നു.

നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. കണ്ണൂരിലെ നാട്ടിന്‍പുറങ്ങളില്‍ ചിത്രീകരിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥ പറയുന്ന സിനിമയില്‍ കണ്ണനെ ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു.

സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.