ചീപ്പ്‌നെസിന്റെ അതിരുകള്‍ ഭേദിക്കുന്നത്, പണത്തോടുള്ള അത്യാര്‍ത്തിയിലെടുത്ത ചിത്രം, നുണയും വ്യാജ പ്രചാരണവും, ധുരന്ധര്‍ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധ്രുവ് റാത്തി

പ്രശസ്ത യൂട്യൂബര്‍ ധ്രുവ് റാത്തി, രണ്‍വീര്‍ സിംഗിനെ നായകനാക്കി അദിത്യ ധാര്‍ സംവിധാനം ചെയ്ത ബോളിവുഡ് സിനിമ 'ധുരന്ധര്‍'നെ രൂക്ഷമായി വിമര്‍ശിച്ചു.

 

വീഡിയോ പ്രഖ്യാപിക്കുന്ന ട്വീറ്റില്‍ റാത്തി സിനിമയെ യുട്യൂബിലൂടെ 'നശിപ്പിക്കും' എന്ന് വാഗ്ദാനം ചെയ്തിരുന്നു. അദിത്യ ധാറോ സിനിമയുടെ അണിയറപ്രവര്‍ത്തകരോ ഈ വിമര്‍ശനത്തോട് പ്രതികരിച്ചിട്ടില്ല.

ന്യൂഡല്‍ഹി: പ്രശസ്ത യൂട്യൂബര്‍ ധ്രുവ് റാത്തി, രണ്‍വീര്‍ സിംഗിനെ നായകനാക്കി അദിത്യ ധാര്‍ സംവിധാനം ചെയ്ത ബോളിവുഡ് സിനിമ 'ധുരന്ധര്‍'നെ രൂക്ഷമായി വിമര്‍ശിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ 'റിയാലിറ്റി ഓഫ് ധുരന്ധര്‍' എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ഈ ചിത്രം 'നുണയും വ്യാജ പ്രചാരണവുമുള്ള' അപകടകരമായ സിനിമയാണെന്ന് റാത്തി ആരോപിച്ചു. യാഥാര്‍ത്ഥ്യമെന്ന രീതിയില്‍ നിര്‍മിച്ചിരിക്കുന്നതാണ് ഇതിനെ കൂടുതല്‍ അപകടകരമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യാഥാര്‍ത്ഥ്യമെന്ന നിലയില്‍ നിര്‍മിച്ച പ്രചാരണം കൂടുതല്‍ അപകടകരമാണ്. 'ദി താജ് സ്റ്റോറി', 'ദി ബംഗാള്‍ ഫയല്‍സ്' തുടങ്ങിയ മോശമായി നിര്‍മിച്ച സിനിമകള്‍ അത്ര അപകടകരമല്ല, കാരണം അവ അങ്ങിനെ ആയിരുന്നില്ല. എന്നാല്‍ ധുരന്ധര്‍ സംഭവകഥയാണെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെന്നും റാത്തി വീഡിയോയില്‍ വാദിച്ചു.

സിനിമയെ 'വെറും സിനിമ മാത്രം' എന്ന് വിശേഷിപ്പിച്ച് പ്രതിരോധിക്കുന്നവരെ റാത്തി തള്ളിക്കളഞ്ഞു. 'ധുരന്ധര്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് ആവര്‍ത്തിച്ച് കാണിക്കുന്നു. ട്രെയിലറില്‍ തന്നെ ഇത് പറയുന്നു. 26/11 ആക്രമണത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങളും ഭീകരരുടെയും അവരുടെ ഹാന്‍ഡ്ലേഴ്സിന്റെയും യഥാര്‍ത്ഥ ഓഡിയോ റെക്കോര്‍ഡിങ്ങുകളും ഉപയോഗിച്ചിരിക്കുന്നു. പാകിസ്താനിലെ ല്യാരി മേഖലയിലെ യഥാര്‍ത്ഥ ഗ്യാങ്‌സ്റ്റേഴ്സിനെയും പോലീസിനെയും അടിസ്ഥാനമാക്കിയുള്ള കഥാപാത്രങ്ങളുണ്ട്,' അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സിനിമയെ പത്താന്‍, ടൈഗര്‍ പോലുള്ള മറ്റ് ചാര ത്രില്ലറുകളെക്കാള്‍ വിശ്വസനീയമാക്കുന്നുവെന്നും റാത്തി വാദിച്ചു.

വീഡിയോ പ്രഖ്യാപിക്കുന്ന ട്വീറ്റില്‍ റാത്തി സിനിമയെ യുട്യൂബിലൂടെ 'നശിപ്പിക്കും' എന്ന് വാഗ്ദാനം ചെയ്തിരുന്നു. അദിത്യ ധാറോ സിനിമയുടെ അണിയറപ്രവര്‍ത്തകരോ ഈ വിമര്‍ശനത്തോട് പ്രതികരിച്ചിട്ടില്ല.

നേരത്തെ, നവംബറില്‍ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രത്തിലെ അതിക്രൂരമായ പീഡനദൃശ്യങ്ങള്‍ക്കെതിരെ റാത്തി രംഗത്തെത്തിയിരുന്നു. ബോളിവുഡില്‍ ആദിത്യ ധാര്‍ ചീപ്പ്‌നസിന്റെ അതിര് ഭേദിച്ചിരിക്കുന്നു എന്നായിരുന്നു അന്നത്തെ വിമര്‍ശനം. ട്രെയിലറിലെ അത്യധികം ക്രൂരത, പീഡനം എന്നിവ ഐസിസ് തീവ്രവാദികളുടെ ശിരഛേദം വീഡിയോകള്‍ കാണുന്നതിന് തുല്യമാണ്. ഇതിനെ 'വിനോദം' എന്ന് വിളിക്കുന്നു,' എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പണത്തിനോടുള്ള അദ്ദേഹത്തിന്റെ ആര്‍ത്തി ഇത്രത്തോളം അനിയന്ത്രിതമാണ്. യുവതലമുറയുടെ മനസ്സുകളെ വിഷലിപ്തമാക്കുകയും ക്രൂരതയോട് സംവേദനരാഹിത്യം വളര്‍ത്തുകയും ചെയ്യുന്നെന്നും റാത്തി പറയുകയുണ്ടായി.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ചാര ത്രില്ലറാണ് സിനിമയെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. പാകിസ്താനിലെ ഗ്യാങ്ങുകളില്‍ ഒളിഞ്ഞിരുന്ന് ഭീകര ശൃംഖലയെ അകത്ത് നിന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ഇന്ത്യന്‍ ചാരന്റെ കഥയാണ് ചിത്രം പറയുന്നത്. രണ്‍വീര്‍ സിംഗിനൊപ്പം അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാള്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബര്‍ 5ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കകം ലോകവ്യാപകമായി ഏകദേശം 800 കോടി രൂപയോളം കളക്ഷന്‍ നേടി വമ്പന്‍ വിജയമായി മാറിയിരിക്കുകയാണ്.