ബിഹാര്‍ തെരഞ്ഞെടുപ്പ് രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെന്ന് ധ്രുവ് റാഠി, തെളിവുകള്‍ നിരത്തി ഇലക്ഷന്‍ കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും വെല്ലുവിളി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യ കണ്ട ഏറ്റവും വലിയ തിരിമറിയാണെന്ന് പ്രശസ്ത യൂട്യൂബറും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ധ്രുവ് റാഠി.

 

ആദ്യ ഘട്ട വോട്ടെടുപ്പിന് ആറ് ദിവസം മുമ്പും രണ്ടാം ഘട്ടത്തിന് നാല് ദിവസം മുമ്പും സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം നിക്ഷേപിച്ചു.

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യ കണ്ട ഏറ്റവും വലിയ തിരിമറിയാണെന്ന് പ്രശസ്ത യൂട്യൂബറും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ധ്രുവ് റാഠി. തന്റെ പുതിയ വീഡിയോയില്‍ ''വോട്ട് മോഷണം'' എന്നത് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം മാത്രമല്ല, വമ്പന്‍ സത്യമാണെന്ന് ആറ് പ്രധാന തെളിവുകള്‍ നിരത്തി ധ്രുവ് റാഠി പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെയും മോദി സര്‍ക്കാരിനെയും അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

ബിഹാറില്‍ എനിക്ക് വ്യക്തിപരമായ താല്‍പ്പര്യമൊന്നുമില്ല. പുതിയ പാര്‍ട്ടിയായി വരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയില്‍ ചെറിയൊരു കൗതുകം മാത്രമുണ്ടായിരുന്നു എന്ന് വ്യക്തമാക്കിയ ധ്രുവ്, താന്‍ നല്‍കുന്ന ആറ് തെളിവുകളും തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോ സര്‍ക്കാരോ തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു.

1. നിയമവിരുദ്ധ സാമ്പത്തിക പ്രലോഭനം
 
ആദ്യ ഘട്ട വോട്ടെടുപ്പിന് ആറ് ദിവസം മുമ്പും രണ്ടാം ഘട്ടത്തിന് നാല് ദിവസം മുമ്പും സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം നിക്ഷേപിച്ചു. ചെറുകിട ബിസിനസ് ആരംഭിക്കാനുള്ള സഹായമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സമയക്രമം വളരെ സംശയകരമാണെന്ന് ധ്രുവ്. മാത്രവുമല്ല, ആറ് മാസത്തിനകം 2 ലക്ഷം രൂപ വീതം നല്‍കുമെന്നും പ്രഖ്യാപിച്ചു. മോഡല്‍ കോഡ് ഓഫ് കണ്ടക്ട് നിലവില്‍ വന്നിട്ടും ഇത്തരം പ്രഖ്യാപനങ്ങള്‍ അനുവദിച്ചത് വ്യക്തമായ തിരിമറിയാണെന്ന് ധ്രുവ് ആരോപിക്കുന്നു. 2004-ല്‍ തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാരിനെയും 2024-ല്‍ ആന്ധ്രയിലെയും 2023-ല്‍ തെലങ്കാനയിലെയും സര്‍ക്കാരുകളെയും ഇതേ കാരണത്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിട്ടുണ്ട്.

2. വ്യാജ വോട്ടര്‍മാര്‍

ഡല്‍ഹി, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്തവര്‍ ബിഹാറിലും വോട്ട് രേഖപ്പെടുത്തി. നാഗേന്ദ്ര കുമാര്‍, അജിത് ഝാ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ബിഹാറില്‍ മാത്രം 14.35 ലക്ഷം വ്യാജ വോട്ടര്‍മാരുണ്ടെന്ന് അന്വേഷണ വെബ്‌സൈറ്റ് കണ്ടെത്തിയിരുന്നു. വ്യാജ വോട്ടര്‍മാരെ കണ്ടെത്താന്‍ സോഫ്റ്റ്വെയര്‍ ഉണ്ടായിട്ടും കമ്മീഷന്‍ നിഷ്‌ക്രിയമാണെന്നും ധ്രുവ് ചൂണ്ടിക്കാട്ടി.

3. പ്രത്യേക ട്രെയിനുകളില്‍ വ്യാജ വോട്ടര്‍മാരെ എത്തിച്ചു

ഹരിയാണയില്‍ നിന്ന് ബിഹാറിലേക്ക് തെരഞ്ഞെടുപ്പ് ദിവസം നാല് പ്രത്യേക ട്രെയിനുകള്‍ ഓടി. യാത്രാച്ചെലവ് ബിജെപിയോ മോദി സര്‍ക്കാരോ വഹിച്ചുവെന്ന് യാത്രക്കാര്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇത് തെരഞ്ഞെടുപ്പ് നിയമപ്രകാരം കടുത്ത അഴിമതിയാണ്. എന്നിട്ടും കമ്മീഷന്‍ നടപടിയെടുത്തില്ല.

4. സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവെച്ചു

ഒരേ വ്യക്തി രണ്ടിടങ്ങളില്‍ വോട്ട് ചെയ്തുവെന്ന പരാതികള്‍ക്ക് തെളിവാകുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇനി ആര്‍ടിഐ വഴി ലഭിക്കില്ല. പുതിയ നിയമപ്രകാരം 45 ദിവസത്തിനകം ദൃശ്യങ്ങള്‍ നശിപ്പിക്കും. അമ്മമാരുടെയും സഹോദരിമാരുടെയും ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് ശരിയാണോ? എന്നാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിന്റെ ന്യായം.

5. പ്രതിപക്ഷ വോട്ടര്‍മാരെ ഒഴിവാക്കി

തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയില്‍ നിന്ന് 47 ലക്ഷം പേരെ ഒഴിവാക്കി. ഇതില്‍ 24.7 ലക്ഷം മുസ്ലിം വോട്ടര്‍മാരും ദലിത് വോട്ടര്‍മാരും ഉള്‍പ്പെടുന്നു. പ്രതിപക്ഷ ശക്തി കൂടുതലുള്ള സീമാഞ്ചല്‍ മേഖലയിലാണ് ഏറെയും വോട്ടര്‍മാരെ ഒഴിവാക്കിയത്.

6. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയ നിലപാട്

എത്ര സമര്‍ത്ഥമായാണ് കമ്മീഷന്‍ ബിജെപിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നത്. ബിജെപിക്ക് സൗകര്യപ്രദമായ ദിവസങ്ങളിലാണ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നിശ്ചയിക്കുന്നത്. പശ്ചിമ ബംഗാളില്‍ 8 ഘട്ടമായി വോട്ടെടുപ്പ് നടത്തി. ഇത് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഈ സംസ്ഥാനത്ത് ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായകരമായി. ബിജെപി നേതാക്കളുടെ മോഡല്‍ കോഡ് ലംഘനങ്ങള്‍ക്ക് ഒരിക്കലും കമ്മീഷന്‍ നടപടി എടുത്തിട്ടില്ലെന്നും ധ്രുവ് റാഠി പറഞ്ഞു.

ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കേണ്ടതാണ് എന്നാണ് ധ്രുവ് റാഠിയുടെ ആവശ്യം. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഇത് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.