അടിമുടി ഉലച്ച വിവാദങ്ങള്‍ക്കിടയിലും പാര്‍ട്ടിയെ കൈവിടാതെ ചേലക്കര, സിപിഎമ്മിന് അഭിമാനവിജയം, മാധ്യമങ്ങളെയും തള്ളി ജനങ്ങള്‍

കടുത്ത വിവാദങ്ങള്‍ ഉയര്‍ന്നുവന്ന വേളയില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും ആത്മവിശ്വാസമുണ്ടാക്കുന്നതാണ്.

 

പാലക്കാട്ടെ പ്രചരണ തന്ത്രം പൂര്‍ണമായും വിജയം കണ്ടില്ലെങ്കിലും പാര്‍ട്ടി വോട്ടോ സ്ഥാനാര്‍ത്ഥിയോ ഇല്ലാതിരുന്നിട്ടും അവിടെ വോട്ടുയര്‍ത്താന്‍ കഴിഞ്ഞു എന്നത് നേട്ടമായി വിലയിരുത്താം.

തൃശൂര്‍: കടുത്ത വിവാദങ്ങള്‍ ഉയര്‍ന്നുവന്ന വേളയില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും ആത്മവിശ്വാസമുണ്ടാക്കുന്നതാണ്. ചേലക്കരയില്‍ മണ്ഡലം നിലനിര്‍ത്താന്‍ സാധിച്ചതും പാലക്കാട് വോട്ടുയര്‍ത്താന്‍ കഴിഞ്ഞതും ഇടതുമുന്നണിക്ക് എടുത്തുപറയാവുന്നതാണ്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാല്‍ എല്‍ഡിഎഫിന് നഷ്ടക്കണക്ക് നിരത്താമെങ്കിലും വിവാദകാലത്തെ തെരഞ്ഞെടുപ്പില്‍ വലിയ തകര്‍ച്ച നേരിട്ടില്ലെന്നതാകും മുന്നണിയുടെ ആശ്വാസം.

പാലക്കാട് കോണ്‍ഗ്രസ് വിമത നേതാവ് പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ഒരു പരീക്ഷണമായിരിക്കാം സിപിഎം കണക്കുകൂട്ടിയിരിക്കുക. പാലക്കാട്ടെ പ്രചരണ തന്ത്രം പൂര്‍ണമായും വിജയം കണ്ടില്ലെങ്കിലും പാര്‍ട്ടി വോട്ടോ സ്ഥാനാര്‍ത്ഥിയോ ഇല്ലാതിരുന്നിട്ടും അവിടെ വോട്ടുയര്‍ത്താന്‍ കഴിഞ്ഞു എന്നത് നേട്ടമായി വിലയിരുത്താം. ബിജെപിയുടെ പതിനായിരത്തില്‍ അധികം വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിച്ചിരിക്കാമെന്നും അത് റെക്കോര്‍ഡ് വിജയത്തിന് കാരണമായെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ചേലക്കരയായിരുന്നു സിപിഎം യഥാര്‍ത്ഥ പരീക്ഷണം നേരിട്ടത്. മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും ജയിച്ചതോടെ ഒഴിവുന്ന മണ്ഡലത്തില്‍ മുന്‍ എംഎല്‍എ യുആര്‍ പ്രദീപ് സ്ഥാനാര്‍ത്ഥിയായെത്തിയപ്പോള്‍ ജയം എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും ജാതി രാഷ്ട്രീയവും രാധാകൃഷ്ണനെ മാറ്റിയത് മണ്ഡലത്തോടുള്ള വെല്ലുവിളിയാണെന്നമട്ടില്‍ യുഡിഎഫ് പ്രചരണം നടത്തിയതും എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെതിരായ മാധ്യമങ്ങളുടെ കൂട്ടായ ആക്രമണവും ചേലക്കരയില്‍ വിലപ്പോയില്ല. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമയി ബന്ധപ്പെട്ട് സിപിഎം നേതാവ് പിപി ദിവ്യയെ അറസ്റ്റ് ചെയ്തതും ജാമ്യം നിഷേധിക്കപ്പെട്ടതുമെല്ലാം ആഴ്ചകളോളം പ്രധാന ചര്‍ച്ചാ വിഷയമായ വേളയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട വിജയമാണ് ഇടതുമുന്നണിക്ക് ലഭിച്ചതെന്നുപറയാം.

ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ഇപി ജയരാജന്റേതെന്ന പേരില്‍ ആത്മകഥാ വിവാദവും സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. തെരഞ്ഞെടുപ്പ് ദിനം മുഴുവന്‍ ജയരാജന്‍ വിഷയം മാത്രം എല്ലാ മാധ്യമങ്ങളും ചര്‍ച്ച ചെയ്തത് ചേലക്കരയില്‍ നേട്ടമാകുമെന്നായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, വിവാദങ്ങളും ഭരണവിരുദ്ധ വികാരവുമെല്ലാം അസ്ഥാനത്താക്കി പ്രതീക്ഷിച്ച വിജയം നേടിയെടുക്കാന്‍ കഴിഞ്ഞതോടെ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാന്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും സാധിക്കും.