മോദി സ്ഥാനം ഒഴിയുമ്പോള്‍ ഭരണം നഷ്ടമാകുമെന്ന ആശങ്ക, വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള ബിജെപി നീക്കം കേന്ദ്രഭരണം നിലനിര്‍ത്താനോ? 

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ രാജ്യം ഒരു വലിയ രാഷ്ട്രീയ വിവാദത്തിന്റെ നടുവിലാണ്.

 

പ്രതിപക്ഷം ഇതിനെ വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം എന്ന് വിശേഷിപ്പിക്കുകയും, കേന്ദ്രഭരണം നിലനിര്‍ത്താനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണെന്ന് ആരോപിക്കുകയും ചെയ്യുന്നു.

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ രാജ്യം ഒരു വലിയ രാഷ്ട്രീയ വിവാദത്തിന്റെ നടുവിലാണ്. 2023-ല്‍ പാസാക്കിയ വനിതാ സംവരണ നിയമം (നാരി ശക്തി വന്ദന്‍ അധിനിയമം) നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ (131ാമത് ഭേദഗതി, ഡിലിമിറ്റേഷന്‍ ബില്‍ 2026) ആണ് വിവാദത്തിന്റെ കാരണം.

പ്രതിപക്ഷം ഇതിനെ വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം എന്ന് വിശേഷിപ്പിക്കുകയും, കേന്ദ്രഭരണം നിലനിര്‍ത്താനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. മോദി സ്ഥാനം ഒഴിയുമ്പോള്‍ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നിന്ന് ഉയര്‍ന്നുവന്ന നീക്കമാണോ ഇതെന്നാണ് സംശയിക്കുന്നത്.

2023 സെപ്റ്റംബറില്‍ പാസാക്കിയ 106-ാമത് ഭരണഘടനാ ഭേദഗതി പ്രകാരം ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യാനുള്ളതാണ്. എന്നാല്‍ നിയമം നടപ്പാക്കാന്‍ ഡിലിമിറ്റേഷന്‍ (മണ്ഡല പുനര്‍നിര്‍ണയം) ആവശ്യമാണ്. 2026-നു ശേഷമുള്ള ആദ്യ സെന്‍സസിനു ശേഷം മാത്രമേ ഇത് സാധ്യമാകൂ എന്ന് 2023-ലെ നിയമം വ്യക്തമാക്കിയിരുന്നു. അതായത്, 2027-ലെ സെന്‍സസ് പൂര്‍ത്തിയാക്കി ഡിലിമിറ്റേഷന്‍ നടത്തി 2029-ലോ അതിനു ശേഷമോ മാത്രം നടപ്പാക്കാമെന്ന്.

ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ പുതിയ ബില്ലുകള്‍ അതിവേഗം കൊണ്ടുവരുന്നത് സംശയാസ്പദമാണ്. 2011ലെ സെന്‍സസ് ഡാറ്റ ഉപയോഗിച്ച് ഡിലിമിറ്റേഷന്‍ നടത്തി ലോക്സഭ സീറ്റുകള്‍ 543-ല്‍ നിന്ന് 850-ആക്കി ഉയര്‍ത്താനാണ് നീക്കം. ഇതിലൂടെ 273 സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യാമെന്നും 2029 തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാമെന്നുമാണ് സര്‍ക്കാരിന്റെ വാദം.

പുതിയ സീറ്റുകള്‍ സൃഷ്ടിക്കുന്നതിലൂടെ നിലവിലെ എംപിമാര്‍ക്ക് തങ്ങളുടെ മണ്ഡലങ്ങള്‍ നഷ്ടപ്പെടുത്താതെ വനിതാ സംവരണം നടപ്പാക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയല്ലെന്നും ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു.

ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ ദക്ഷിണ സംസ്ഥാനങ്ങള്‍ (കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര) ജനസംഖ്യ കുറവുള്ളതിനാല്‍ പുതിയ സീറ്റുകളിലും കുറവ് ലഭിക്കും. ഉത്തരേന്ത്യ (യുപി, ബിഹാര്‍) ജനസംഖ്യ കൂടുതലുള്ളതിനാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. 2011ലെ സെന്‍സസ് ഉപയോഗിച്ചാല്‍ ഈ അന്തരം കൂടുതല്‍ വ്യക്തമാകും. ഇത് ഫെഡറല്‍ ഘടനയെ ബലഹീനമാക്കുമെന്ന് എം.കെ. സ്റ്റാലിന്‍, സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി തുടങ്ങിയവര്‍ ആരോപിക്കുന്നു.

ഉത്തരേന്ത്യയിലാണ് ബിജെപിയുടെ ശക്തി. പുതിയ മണ്ഡലങ്ങള്‍ അവിടെ ലഭിച്ചാല്‍ 2029-ല്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്താമെന്ന് പ്രതിപക്ഷം പറയുന്നു. ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ബിജെപിയുടെ ആയുധമാണ് എന്ന് ജയറാം രമേശിനെ പോലുള്ള നേതാക്കളും ആരോപിക്കുന്നു.

2029ലെ തിരഞ്ഞെടുപ്പിന് മുമ്പ് ലോക്സഭയുടെ മുഖഛായ മാറ്റുന്ന ഈ നീക്കം ഇന്ത്യന്‍ ഫെഡറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിയെ രൂപപ്പെടുത്തും. അടുത്ത തെരഞ്ഞെടുപ്പില്‍ മോദി ആകില്ല ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഭരണമാറ്റത്തിന് ഏറെ സാധ്യതയുണ്ടുതാനും. എന്നാല്‍, മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതോടെ ഭൂരിഭാഗവും ബിജെപിക്ക് അനുകൂലമായി മാറും.