കെജ്രിവാളിനേയും സിസോദിയയേയും കുടുക്കി മാസങ്ങളോളം ജയിലിലിട്ടതെന്തിന്? മദ്യനയ അഴിമതിയില്‍ ബിജെപി തന്ത്രം പാളി, ഡല്‍ഹി പിടിച്ചെടുക്കാന്‍ നടത്തിയ നീക്കമോ?, സിബിഐയ്ക്ക് വമ്പന്‍ തിരിച്ചടി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 23 പ്രതികളെയും ഡല്‍ഹി കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും കനത്ത തിരിച്ചടി.

 

റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ജിതേന്ദര്‍ സിങാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. സിബിഐയുടെ അന്വേഷണത്തിലെ പാളിച്ചകളും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയ കോടതി, കേസ് തുടരാന്‍ പോലും അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി.

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 23 പ്രതികളെയും ഡല്‍ഹി കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും കനത്ത തിരിച്ചടിയായി.

റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ജിതേന്ദര്‍ സിങാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. സിബിഐയുടെ അന്വേഷണത്തിലെ പാളിച്ചകളും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയ കോടതി, കേസ് തുടരാന്‍ പോലും അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി.

ഡല്‍ഹി സര്‍ക്കാര്‍ 2021-22-ല്‍ നടപ്പാക്കിയ മദ്യനയമാണ് അഴിമതിക്കേസിന്റെ കേന്ദ്രബിന്ദു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപ്പാക്കിയ നയം, മദ്യവ്യാപാരത്തെ പൂര്‍ണമായും സ്വകാര്യവത്കരിക്കുകയും സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിച്ചത്. ലൈസന്‍സ് ഫീസ് കുറയ്ക്കുക, ലാഭമാര്‍ജിന്‍ നിശ്ചയിക്കുക തുടങ്ങിയ നടപടികള്‍ വഴി സ്വകാര്യ കമ്പനികള്‍ക്ക് അനുകൂലമായി നയം രൂപീകരിച്ചുവെന്നും ഇതിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നും ആരോപണമുയര്‍ന്നു.

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയുടെ പരാതിയെ തുടര്‍ന്ന് 2022 ഓഗസ്റ്റില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. നയരൂപീകരണത്തിന്റെ തുടക്കത്തില്‍ തന്നെ ഗൂഢാലോചന നടന്നുവെന്നും ചില മദ്യലൈസന്‍സികള്‍ക്ക് അനുകൂലമായി നയത്തില്‍ വെള്ളം ചേര്‍ത്തെന്നും സിബിഐ ആരോപിച്ചു. എന്നാല്‍, ഈ നയം 2022-ല്‍ തന്നെ പിന്‍വലിക്കപ്പെട്ടു.

കേസിന്റെ അന്വേഷണത്തിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടി ഇടപെട്ട് പ്രതികള്‍ക്കെതിരെ നീക്കം കടുപ്പിച്ചു. പ്രതികളില്‍ ചിലരെ 'സൗത്ത് ഗ്രൂപ്പ്' എന്ന് വിശേഷിപ്പിച്ച് തെലുങ്കാന നേതാവ് കെ. കവിതയടക്കമുള്ളവരെ ഉള്‍പ്പെടുത്തി. എന്നാല്‍, അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതികള്‍ ബെയില്‍ തേടിയിരുന്നു.

മനീഷ് സിസോദിയയെ 2023 ഫെബ്രുവരിയിലാണ് സിബിഐ ആദ്യം അറസ്റ്റ് ചെയ്തത്. നയരൂപീകരണത്തിലും നടപ്പാക്കലിലും പ്രധാന പങ്കുവഹിച്ചുവെന്നായിരുന്നു ആരോപണം. അദ്ദേഹം ഏകദേശം 530 ദിവസം ജയിലില്‍ കഴിഞ്ഞു. അരവിന്ദ് കേജ്രിവാളിനെ 2024 മാര്‍ച്ചിലും അറസ്റ്റ് ചെയ്തു. അദ്ദേഹം രണ്ട് ഘട്ടങ്ങളിലായി ഏകദേശം 156 ദിവസം ജയിലിലായിരുന്നു.

ഇരുവരും ബെയില്‍ തേടി ഒന്നിലധികം തവണ കോടതിയെ സമീപിച്ചെങ്കിലും, തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടി ബെയില്‍ നിഷേധിക്കപ്പെട്ടു. സിബിഐയും ഇഡിയും സമര്‍പ്പിച്ച ചാര്‍ജ്ഷീറ്റുകളില്‍ ഗൂഢാലോചനയും അഴിമതിയും തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളില്ലെന്ന് പിന്നീട് കോടതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികളെ മാസങ്ങളോളം ജയിലിലിട്ടത്, അന്വേഷണത്തിന്റെ ഭാഗമായി തെളിവുകള്‍ ശേഖരിക്കാനും സാക്ഷികളെ സംരക്ഷിക്കാനുമായിരുന്നുവെന്ന് സിബിഐ വാദിച്ചു. എന്നാല്‍, കോടതി വിധിയില്‍ ഇത് 'അടിസ്ഥാനരഹിതമായ ഗൂഢാലോചനാ സിദ്ധാന്തം' മാത്രമാണെന്ന് വ്യക്തമാക്കി. തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ ജയിലിലിട്ടത് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ ചോദ്യചിഹ്നമായി.

വിധിന്യായത്തില്‍ സിബിഐയുടെ അന്വേഷണത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനും കോടതി നിര്‍ദ്ദേശിച്ചു. ഇത് സിബിഐയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.

ഡല്‍ഹി ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമായിരുന്നു കേസിന് പിന്നിലെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം ശരിവെക്കുന്നതാണ് കോടതി വിധി. ആപ്പ് നേതാക്കള്‍ ബിജെപിയെ 'രാഷ്ട്രീയ ഗൂഢാലോചന'യ്ക്ക് കുറ്റപ്പെടുത്തി, കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചു.

വിധി ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന് തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള കേസുകള്‍ വഴി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

വിധി ഇഡി കേസിനും തിരിച്ചടിയാകും, കാരണം ഇഡി കേസ് സിബിഐയുടെ അന്വേഷണത്തെ ആശ്രയിച്ചാണ്. ആപ്പിന് രാഷ്ട്രീയമായി വലിയ ഉത്തേജനമാകും കോടതി വിധി. പ്രത്യേകിച്ച് ഭാവി തിരഞ്ഞെടുപ്പുകളില്‍. കോടതി വിധി ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ആപ്പ് പറയുന്നു. സംഭവം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണരീതികളെ ചോദ്യം ചെയ്യുന്നതാണ്, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ഇത് ഉയര്‍ത്തിക്കാട്ടുന്നു.