കൊച്ചിയിലെ നൃത്ത പരിപാടി, ദിവ്യ ഉണ്ണി എത്തിയതോടെ ഫീസ് 3,500 ആയി ഉയര്‍ന്നു, നടിയും സംഘവും കീശയിലാക്കിയത് 7 കോടിയിലേറെ രൂപ, കോര്‍പ്പറേഷന് ചില്ലിക്കാശ് നല്‍കിയില്ല

ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചിയില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയിലൂടെ സംഘാടകര്‍ 7 കോടിയിലേറെ രൂപ കീശയിലാക്കിയതായി റിപ്പോര്‍ട്ട്.

 

3500 രൂപയാണ് റജിസ്‌ട്രേഷന്‍ എങ്കിലും മേക്കപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കായി 5000 രൂപ വരെ നൃത്ത വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍നിന്നു വാങ്ങിയവരുമുണ്ട്.

കൊച്ചി: ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചിയില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയിലൂടെ സംഘാടകര്‍ 7 കോടിയിലേറെ രൂപ കീശയിലാക്കിയതായി റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതോടെ കൃത്യമായി എത്ര തുക സംഘാടകര്‍ പരിപാടിയിലൂടെ നേടിയെന്നത് വ്യക്തമാകും.

ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് കാര്യമായ മുടക്കുമുതലോ അധ്വാനമോ കൂടാതെയാണ് മൃദംഗവിഷന്‍ വമ്പന്‍ ലാഭം കൊയ്തത്. മറ്റൊരു നടിക്കു പകരം ദിവ്യ ഉണ്ണി എത്തിയതോടെ രജിസ്‌ട്രേഷന്‍ ഫീസ് 2,000 രൂപയില്‍ നിന്നും 3,500 രൂപയായി ഉയര്‍ന്നു. പരിപാടിയില്‍ പങ്കെടുത്തത് 11,600 പേരാണ്. രജിസ്‌ട്രേഷനിലൂടെ മാത്രം 4.60 കോടി രൂപയാണ് സംഘാടകര്‍ കീശലിയാക്കിയത്.

3500 രൂപയാണ് റജിസ്‌ട്രേഷന്‍ എങ്കിലും മേക്കപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കായി 5000 രൂപ വരെ നൃത്ത വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍നിന്നു വാങ്ങിയവരുമുണ്ട്. അങ്ങിനെവന്നാല്‍ രജിസ്‌ട്രേഷനിലൂടെ നേടിയ തുക ഇനിയും ഉയരും. ഇത് കൂടാതെയാണ് 390 രൂപയുടെ സാരിക്ക് 1,600 രൂപയാക്കിയത്. ഇതിലൂടെ മറ്റൊരു 1.4 കോടി രൂപയും ലഭിച്ചു.

ടിക്കറ്റ് ഇനത്തില്‍ എത്ര നേടി എന്നതിന് കണക്ക് പുറത്തുവിട്ടിട്ടില്ല. 20,000ത്തില്‍ അധികം കാണികള്‍ എത്തിയെന്നും ഇവരില്‍ നിന്നും 149, 249 നിരക്കില്‍ പണം ഈടാക്കിയെന്നും പറയപ്പെടുന്നു. സ്റ്റേഡിയത്തില്‍ കുട്ടികളെ എത്തിക്കാനെന്ന പേരില്‍ 250 രൂപ മുതല്‍ 350 രൂപവരെയും ഇടാക്കി.

സംഘാടകര്‍ കോടികള്‍ കൊയ്തപ്പോഴും വിനോദ നികുതി ഇളവ് നേടി കോര്‍പ്പറേഷന് ചില്ലിക്കാശ് നല്‍കിയില്ല. പരിപാടി നടത്തിപ്പിനു സംഘാടകര്‍ക്കു വരുന്ന ചെലവ് പ്രധാനമായും സ്റ്റേഡിയത്തിന്റെ വാടകയാണ്. 9 ലക്ഷം രൂപയാണ് സ്റ്റേഡിയം വാടക. ജിഎസ്ടി 1.62 ലക്ഷവും കൂടി ചേര്‍ത്താല്‍ ആകെ വാടക 10.62 ലക്ഷം രൂപ. ഡിപ്പോസിറ്റായി 5 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. മൃദംഗ വിഷന്‍ എന്ന കമ്പനി ഒസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് എന്ന കമ്പനിക്ക് പരിപാടി സംഘടിപ്പിക്കാനായി നല്‍കിയ തുകയാണ് മറ്റൊരു ചെലവ്. ഇതെല്ലാം കഴിഞ്ഞാലും കോടികള്‍ സംഘാടകരുടെ പോക്കറ്റില്‍ കിടക്കും.

കൊച്ചി മെട്രോയുടെ സേവനവും തങ്ങളുടെ നേട്ടത്തിനായി സംഘാടകര്‍ ഉപയോഗിച്ചിരുന്നു. നൃത്ത പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കും കൂടെയുള്ള ഒരാള്‍ക്കും മെട്രോയില്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് അനുവദിച്ചു. മെട്രോ അധികൃതരെ കൊണ്ട് പരിപാടിയെക്കുറിച്ച് പ്രതികരണം നടത്തിച്ച് ഇതും പ്രചാരണത്തിന് ഉപയോഗിച്ചു.

എംഎല്‍എയുടെ അപകടമാണ് സംഭവത്തിന് പിന്നിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അല്ലായിരുന്നെങ്കില്‍ നടിയും സംഘാടകരും ചേര്‍ന്ന് കോടികള്‍ കീശയിലാക്കിയ ഗിന്നസ് തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിയില്ലെന്ന് ഉറപ്പാണ്.