കുടുംബവഴക്ക് സോഷ്യല്‍ മീഡിയയിലിട്ട് അലക്കരുത്, ഉപദ്രവിക്കരുതെന്ന് കരഞ്ഞുപറയുന്ന അമൃതയ്ക്ക് പരിഹാസവും പുച്ഛവും അധിക്ഷേപവും, ഇതോ മലയാളികളുടെ സംസ്‌കാരം

ഗായിക അമൃത സുരേഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപവും പരിഹാസവും നിറയുന്നു. നടന്‍ ബാല വിവാഹശേഷം ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന അമൃതയുടെ വെളിപ്പെടുത്തല്‍ വീഡിയോ പുറത്തുവന്നശേഷമാണ് ഒരുവിഭാഗം എല്ലാ അതിരുകളും ഭേദിച്ച് അവരെ അധിക്ഷേപിക്കുന്നത്.

 
Amritha Suresh
കുടുംബവഴക്ക് സോഷ്യല്‍ മീഡിയയിലിട്ട് അലക്കുകയല്ല വേണ്ടതെന്നാണ് ഒരാളുടെ കമന്റ്. ഈ വീഡിയോ യൂട്യൂബിലിട്ട് പണമുണ്ടാക്കിക്കൂടെയെന്ന് മറ്റൊരാള്‍ പരിഹസിക്കുന്നു

കൊച്ചി: ഗായിക അമൃത സുരേഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപവും പരിഹാസവും നിറയുന്നു. നടന്‍ ബാല വിവാഹശേഷം ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന അമൃതയുടെ വെളിപ്പെടുത്തല്‍ വീഡിയോ പുറത്തുവന്നശേഷമാണ് ഒരുവിഭാഗം എല്ലാ അതിരുകളും ഭേദിച്ച് അവരെ അധിക്ഷേപിക്കുന്നത്. ഒരു വ്യക്തിയുടെ വേദന മനസിലാക്കാനോ അവര്‍ക്കൊപ്പം നില്‍ക്കാനോ കഴിയില്ലെന്ന് മാത്രമല്ല അവരെ ക്രൂരമായി അധിക്ഷേപിക്കുകയാണ് മലയാളികള്‍.

അമൃതയെ പരിഹസിക്കുകയും സംശയിക്കുകയും ചെയ്യുന്നവരില്‍ സ്ത്രീകളും ഉണ്ടെന്നതാണ് അതിശയകരം. മാധ്യമ വാര്‍ത്തകളുടെ ലിങ്കുകളിലും അമൃതയുടെ ഫേസ്ബുക്ക് പേജിലുമെല്ലാം അവരെ പരിഹസിക്കുന്നവരുടെ എണ്ണം അതിശയിപ്പിക്കുന്നതാണ്. മലയാളികളുടെ സംസ്‌കാര ശൂന്യത വെളിവാക്കുന്ന വാക്കുകളിലൂടെയാണ് പലരും അവരെ അധിക്ഷേപിക്കുന്നത്.

കുടുംബവഴക്ക് സോഷ്യല്‍ മീഡിയയിലിട്ട് അലക്കുകയല്ല വേണ്ടതെന്നാണ് ഒരാളുടെ കമന്റ്. ഈ വീഡിയോ യൂട്യൂബിലിട്ട് പണമുണ്ടാക്കിക്കൂടെയെന്ന് മറ്റൊരാള്‍ പരിഹസിക്കുന്നു. ഡ്രൈവര്‍ അമൃതയെ പിന്തുണച്ചത് ദ്വയാര്‍ത്ഥത്തോടെ പങ്കുവെച്ചത് ഒരു സ്ത്രീയാണ്. ഈ രീതിയില്‍ അമൃതയേയും അവരുടെ മകളേയും അധിക്ഷേപി്ക്കുന്നതില്‍ ലഹരി കണ്ടെത്തുകയാണ് ചിലര്‍.

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും അമൃത തയാറായില്ലെന്നും മകളെ തന്നില്‍ നിന്ന് അകറ്റുകയായിരുന്നുവെന്നും പലപ്പോഴായി ബാല ആരോപിച്ചതിന് മറുപടിയെന്നോണമാണ് മകള്‍ അവന്തികയും അമൃതയും വീഡിയോയുമായെത്തിയത്. ബാല പറയുന്നത് പച്ചക്കള്ളമാണെന്നും അച്ഛന്‍ അമ്മയെ മദ്യപിച്ച് ഉപദ്രവിക്കാറുണ്ടെന്നും വെളിപ്പെടുത്തി അവന്തിക പങ്കുവച്ച വിഡിയോ വൈറലായി.

ഇതോടെ അവന്തികയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. അമ്മ പഠിപ്പിച്ചു വിട്ട കാര്യങ്ങളാണ് അവന്തിക പറഞ്ഞതെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിനെത്തുടര്‍ന്നാണ് കാര്യങ്ങളില്‍ വ്യക്തത വരുത്തി അമൃത തന്നെ നേരിട്ടെത്തിയത്. ബാലയില്‍ നിന്ന് ശാരീരികമായും മാനസികമായും നേരിട്ട പീഡനം സഹിക്ക വയ്യാതെയാണ് ആ വീട് വിട്ട് ഇറങ്ങിയതെന്ന് അമൃത വെളിപ്പെടുത്തി. ഇതാദ്യമായാണ് വിവാഹമോചനത്തിന്റെ യഥാര്‍ഥ കാരണം അമൃത തുറന്നു പറയുന്നത്.