ഒരു ബാരല്‍ ക്രൂഡ് ഓയിലില്‍നിന്നും കിട്ടും 75 ലിറ്റര്‍ പെട്രോളും 50 ലിറ്റര്‍ ഡീസലും, 70 രൂപയ്ക്ക് വിറ്റാല്‍ പോലും സര്‍ക്കാരിന് ലാഭം, കണക്കുകള്‍ ഇങ്ങനെ
യുഎസ് ഇസ്രായേല്‍ സഖ്യം ഇറാനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.
രാജ്യാന്തര വിപണിയില്‍ ഒരു ബാരല്‍ എന്നാല്‍ 159 ആണ്. ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന ഈ കറുത്ത ദ്രാവകം നേരിട്ട് നമുക്ക് ഉപയോഗിക്കാന്‍ കഴിയില്ല.
ന്യൂഡല്‍ഹി: യുഎസ് ഇസ്രായേല്‍ സഖ്യം ഇറാനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ബാരലന് 100 ഡോളറിന് മുകളിലെത്തിയതോടെ പെട്രോളിനും ഡീസലിനും എല്‍പിജിക്കുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വിലകൂട്ടി. എന്നാല്‍, ക്രൂഡ് വില കുറയുമ്പോള്‍ ഇവ കുറയ്ക്കാനും തയ്യാറാകുന്നില്ല. സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗം ആയതിനാല്‍ വമ്പന്‍ ലാഭമാണ് കമ്പനികള്‍ കൊയ്യുന്നത്. വിലകൂട്ടുന്നതുമൂലം സാധാരണക്കാരുടെ ജീവിത ബഡ്ജറ്റ് താളംതെറ്റുകയും ചെയ്യുന്നു.
രാജ്യാന്തര വിപണിയില്‍ ഒരു ബാരല്‍ എന്നാല്‍ 159 ലിറ്റര്‍ ആണ്. ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന ഈ കറുത്ത ദ്രാവകം നേരിട്ട് നമുക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഇത് എണ്ണശുദ്ധീകരണ ശാലകളില്‍ എത്തിച്ച് പല താപനിലകളില്‍ തിളപ്പിച്ചാണ് നാം കാണുന്ന വിവിധ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത്.
ഇന്നത്തെ വിപണി നിലവാരം അനുസരിച്ച് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് ഏതാണ്ട് എണ്‍പത്തിമൂന്ന് യുഎസ് ഡോളര്‍ ആണ്. ഇന്നത്തെ ഡോളര്‍ നിരക്ക് കണക്കാക്കിയാല്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ ഇന്ത്യന്‍ വില ഏതാണ്ട് 7,875 രൂപ വരും. അതായത് ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണയ്ക്ക് ഇന്ത്യ കൊടുക്കുന്ന വില വെറും നാല്‍പ്പത്തിയൊന്‍പത് രൂപ അന്‍പത് പൈസ മാത്രമാണ്.
ഒരു ബാരല്‍ എണ്ണയില്‍ നിന്ന് എന്തൊക്കെ ഉണ്ടാക്കാം
എണ്ണ ശുദ്ധീകരിക്കുന്ന പ്രക്രിയയിലൂടെ ഒരു ബാരല്‍ അസംസ്‌കൃത എണ്ണ തിളപ്പിക്കുമ്പോള്‍ ഏതാണ്ട് നൂറ്റിയറുപത്തിയെട്ട് മുതല്‍ നൂറ്റിയെഴുപത് ലിറ്റര്‍ വരെ ആകെ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.
പെട്രോള്‍: ഏതാണ്ട് എഴുപത്തിയഞ്ച് ലിറ്റര്‍
ഡീസല്‍: ഏതാണ്ട് അന്‍പത് ലിറ്റര്‍
വിമാന ഇന്ധനം അല്ലെങ്കില്‍ മണ്ണെണ്ണ: ഏതാണ്ട് പതിനാറ് ലിറ്റര്‍
പാചക വാതകം: ഏതാണ്ട് ആറ് ലിറ്റര്‍
മറ്റുല്‍പ്പന്നങ്ങള്‍: പ്ലാസ്റ്റിക് തരികള്‍, ടാര്‍, ലൂബ്രിക്കന്റുകള്‍, വാസിലിന്‍ തുടങ്ങിയവ ഏതാണ്ട് ഇരുപത് ലിറ്റര്‍
ഒരു ലിറ്റര്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കാനും റിഫൈനറി നടത്താനുമുള്ള ചെലവ് ലിറ്ററിന് ഏകദേശം എട്ട് മുതല്‍ പത്ത് രൂപ വരെയാണ്. അതായത് എണ്ണവിലയും ശുദ്ധീകരണ ചെലവും ചേര്‍ത്ത് ആകെ ചെലവ് ഏകദേശം അന്‍പത്തിയൊന്‍പത് രൂപ വരും.
ഇനി കമ്പനികള്‍ ഇത് പമ്പുകളിലേക്ക് വില്‍ക്കുന്ന അടിസ്ഥാന വില നികുതികള്‍ ഇല്ലാതെ ലിറ്ററിന് ശരാശരി 58 മുതല്‍ 62 രൂപ വരെയുള്ള നിരക്കിലാണ്. ഉപോല്‍പ്പന്നങ്ങളായ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍, ടാര്‍, പാചകവാതകം എന്നിവയില്‍ നിന്നും കമ്പനികള്‍ക്ക് മികച്ച വരുമാനം വേറെയും ലഭിക്കുന്നുണ്ട്.
വിപണിയിലെ വ്യതിയാനങ്ങള്‍ അനുസരിച്ച് എല്ലാ ചെലവുകളും കഴിഞ്ഞ് ഒരു ബാരല്‍ എണ്ണ ശുദ്ധീകരിച്ച് വില്‍ക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്ന അറ്റാദായം ഒരു ബാരലിന് അഞ്ഞൂറ് രൂപ മുതല്‍ എണ്ണൂറ് രൂപ വരെയാണ്. അതായത് ലിറ്ററിന് ഏകദേശം മൂന്ന് മുതല്‍ അഞ്ച് രൂപ വരെ കമ്പനികള്‍ ലാഭമെടുക്കുന്നു. ക്രൂഡ് വില കുറയുമ്പോള്‍ അതിനനുസരിച്ച് ലാഭവും കൂടും.
ശുദ്ധീകരണ ചെലവ് അടക്കം 59 രൂപയ്ക്ക് കിട്ടുന്ന എണ്ണ എന്തുകൊണ്ട് നമുക്ക് നൂറ് രൂപയ്ക്ക് മുകളില്‍ വില്‍ക്കുന്നു എന്നത് പ്രധാന ചോദ്യമാണ്. അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഭീമമായ നികുതികളാണ്. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടി, സംസ്ഥാന സര്‍ക്കാരിന്റെ വാല്യൂ ആഡഡ് ടാക്‌സ്, സെസ്സ്, പമ്പ് ഉടമകളുടെ കമ്മീഷന്‍ എന്നിവ ചേരുമ്പോഴാണ് വില ഇരട്ടിയാകുന്നത്. സര്‍ക്കാരുകള്‍ നികുതി കുറച്ചാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ 70 രൂപയ്‌ക്കെങ്കിലും ജനങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കും.