ബിഎല്‍എം തട്ടിപ്പ്, ഏജന്റുമാര്‍ക്ക് വമ്പന്‍ കമ്മീഷന്‍, 10 ലക്ഷം രൂപ നിക്ഷേപിച്ച മുന്‍ സൈനികന് 2 ലക്ഷം രൂപ കമ്മീഷനും ജോലിയും, ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 28,000 രൂപ വരെ കീശയിലെത്തും

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റിയായ ബിഎല്‍എമ്മില്‍ ഏജന്റുമാര്‍ക്ക് കൈനിറയെ കമ്മീഷന്‍ നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍.

 

വിരമിച്ച സൈനികരേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയുമെല്ലാം ഏജന്റുമാരാക്കി ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റുകയും നിക്ഷേപം ആകര്‍ഷിക്കുകയുമായിരുന്നു.

കൊച്ചി: മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റിയായ ബിഎല്‍എമ്മില്‍ ഏജന്റുമാര്‍ക്ക് കൈനിറയെ കമ്മീഷന്‍ നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. വിരമിച്ച സൈനികരേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയുമെല്ലാം ഏജന്റുമാരാക്കി ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റുകയും നിക്ഷേപം ആകര്‍ഷിക്കുകയുമായിരുന്നു.

മുന്‍ സൈനികര്‍, സഹകരണ ബാങ്കിലെ മുന്‍ ജീവനക്കാര്‍, പ്രവാസികള്‍, സ്ത്രീകള്‍ എന്നിവരെയാണ് ബിഎല്‍എം പ്രധാനമായും ലക്ഷ്യമിട്ടത്. അവരുടെ വിശ്വാസ്യതയും സാമൂഹിക ശൃംഖലകളും ഉപയോഗിച്ച് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ചെയര്‍മാന്‍ പ്രേംകുമാര്‍ സ്വീകരിച്ച ഒരു തന്ത്രം. മുന്‍ പ്രതിരോധ ഉദ്യോഗസ്ഥരെ ഏജന്റുമാരായി നിയമിച്ച് നിക്ഷേപങ്ങളില്‍ കമ്മീഷന്‍ നല്‍കി സ്ഥാപനത്തിന്റെ അടിത്തറ വികസിപ്പിക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റി.

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ലഭിച്ച 10 ലക്ഷം രൂപ ബിഎല്‍എമ്മില്‍ നിക്ഷേപിച്ചെന്നാണ് ഒരു മുന്‍ സൈനികന്റെ വെളിപ്പെടുത്തല്‍. സ്വന്തം നിക്ഷേപത്തിന് 2 ലക്ഷം രൂപ കമ്മീഷനും ഏജന്റ് ജോലിയും ലഭിച്ചു. സര്‍ക്കിളിലുള്ള പലരെയും സൊസൈറ്റിയിലേക്ക് കൊണ്ടുവന്നു. ഞങ്ങള്‍ക്ക് പതിവായി നിക്ഷേപത്തിന്റെ ലാഭമെന്ന് കരുതിയ തുക ലഭിച്ചു. എന്നാല്‍, അത് യഥാര്‍ത്ഥത്തില്‍ പണം റൊട്ടേറ്റ് ചെയ്യുന്നതായിരുന്നെന്ന് തിരുവനന്തപുരം സ്വദേശി പറയുന്നു.

കമ്മീഷന്‍ കൂടാതെ ഏജന്റുമാര്‍ക്ക് നിക്ഷേപങ്ങളില്‍ പ്രതിമാസം 2% പലിശയും വാഗ്ദാനം ചെയ്തു. 2023 ഡിസംബര്‍ വരെ പേയ്മെന്റുകള്‍ പതിവായി നടത്തി. ഏജന്റുമാരെ കൊണ്ടുവരുന്നതിലും നിക്ഷേപം കൊണ്ടുവരുന്നതിലുമെല്ലാം കമ്മീഷന്‍ നല്‍കുക പതിവാണ്.

ബിഎല്‍എം നിക്ഷേപകരില്‍ ഭൂരിഭാഗവും പ്രതിരോധ ഉദ്യോഗസ്ഥരാണ്. ജനങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നു. പ്രേംകുമാര്‍ ആ വിശ്വാസ്യത സ്വന്തം സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചു. കാഞ്ചീപുരത്ത് 300 ഏക്കര്‍ വാങ്ങിയപ്പോള്‍ അത് ബിഎല്‍എമ്മിന്റെതാണെന്ന് ഞങ്ങള്‍ വിശ്വസിച്ചു. അവിടെ സന്ദര്‍ശിക്കുകയും ചെയ്തു. പിന്നീട് ബിഎല്‍എമ്മിന് പവര്‍ ഓഫ് അറ്റോര്‍ണി മാത്രമാണെന്നും അത് ഏതുസമയത്തും റദ്ദാക്കാമെന്നും യഥാര്‍ത്ഥ ഉടമ പ്രേംകുമാറിന്റെ ഭാര്യ പ്രഭയാണെന്നും അറിഞ്ഞെന്ന് സൈനികന്‍ വെളിപ്പെടുത്തി.

ബിഎല്‍എമ്മില്‍ 1.6 കോടി രൂപ നിക്ഷേപിച്ച സോണിയ മോള്‍ സെബാസ്റ്റ്യന്‍ ഇപ്പോള്‍ മറ്റൊരു പരാതിക്കാരിയാണ്. 2022-ല്‍ സൊസൈറ്റിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്തു. 2024-ല്‍ സ്ഥാനം ഒഴിഞ്ഞു. എന്നാല്‍, നിക്ഷേപം തിരിച്ചുകിട്ടിയില്ലെന്ന് സോണിയ പറയുന്നു.

പണം തിരിച്ചുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ 2027-ല്‍ മാത്രമേ നിക്ഷേപം മെച്യൂര്‍ ആകൂ എന്ന് പറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും സൊസൈറ്റിയുടെ ഓഫീസുകള്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അംഗങ്ങള്‍ക്ക് പോലും അറിയില്ല. മുമ്പ് ചെന്നൈയിലെ കോയമ്പേടില്‍ ഓഫീസുണ്ടായിരുന്നു. ഇപ്പോള്‍ ബിഎല്‍എം പ്രധാനമായും തമിഴ്‌നാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും, വരും മാസങ്ങളില്‍ 20 ശാഖകള്‍ കൂടി തുറക്കാന്‍ പദ്ധതിയിടുന്നതായും അവര്‍ പറഞ്ഞു.

ഏജന്റുമാര്‍ സാധാരണയായി അംഗങ്ങളുടെ വീടുകളില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ നേരിട്ട് പണവും ചെക്കും ശേഖരിക്കുകയായിരുന്നു. ഓരോ 1 ലക്ഷം നിക്ഷേപത്തിനും 28,000 രൂപ കമ്മീഷന്‍ വാഗ്ദാനം ചെയ്തുവെന്നാണ് സോണിയ പറയുന്നത്. സൊസൈറ്റിയുടെ സ്വത്തുക്കളില്‍ ഏകദേശം 75% പണയപ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് ഫണ്ടോ റിസര്‍വ് ഫണ്ടോ ഇല്ലെന്നും അവര്‍ ആരോപിച്ചു.

മാധ്യമങ്ങളെ ഉപയോഗിച്ചാണ് ബിഎല്‍എം വിശ്വാസ്യത കെട്ടിപ്പടുത്തത്. സൊസൈറ്റിയുടെ പൊതുചിത്രം സംരക്ഷിക്കാനും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പരിശോധന ഒഴിവാക്കാനുമായിരുന്നു മാധ്യമങ്ങളെ ഉപയോഗിച്ചത്. ദൃശ്യതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ സൊസൈറ്റി പതിവായി മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കിയതായി ബിഎല്‍എമ്മുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

രണ്ട് ആഴ്ച മുമ്പ് പണം പിന്‍വലിച്ചവര്‍ക്ക് തിരികെ ലഭിച്ചു. എന്നാല്‍, മറ്റ് അംഗങ്ങള്‍ക്ക് നിക്ഷേപം പിന്‍വലിക്കാമെന്ന ഉറപ്പില്ല. പ്രേംകുമാര്‍ ഈ കേസ് തനിക്ക് അനുകൂലമായി ഉപയോഗിക്കാന്‍ ശ്രമിച്ചേക്കാം. അദ്ദേഹത്തിന് ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടേണ്ടിവരും. കോടതി ശക്തമായി ഇടപെട്ടാലല്ലാതെ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കില്ലെന്നും അവര്‍ പറയുന്നു.

പ്രേംകുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ച് അവരോടൊപ്പം ഫോട്ടോകള്‍ എടുത്ത് നിക്ഷേപകരുടെ ഇടയില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചതായും ആരോപണമുണ്ട്. ബിസിനസുകളിലും നിക്ഷേപിക്കാന്‍ അനുവദിക്കുന്ന സൊസൈറ്റി ബൈലോകളിലെ ഭേദഗതികള്‍ മാനേജ്മെന്റ് ചൂഷണം ചെയ്ത് അവസരമുണ്ടാക്കി.

ഇപ്പോഴത്തെ കേസുകള്‍ ബിഎല്‍എമ്മിന്റെ തട്ടിപ്പിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും കൂടുതല്‍ പുറത്തുവരാനുണ്ടെന്നുമാണ് സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ പറയുന്നത്. ഉന്നതര്‍ ഉള്‍പ്പെട്ട കേസ് ആയതുകൊണ്ടുതന്നെ ക്രൈംബ്രാഞ്ച് ഏതു രീതിയിലാണ് ഇത് കൈകാര്യം ചെയ്യുകയെന്ന ആകാംഷയിലാണ് നിക്ഷേപര്‍.