തദ്ദേശ തിരഞ്ഞെടുപ്പിന് കച്ചമുറുക്കി കോണ്‍ഗ്രസ്, കോര്‍പ്പറേഷനില്‍ ശബരിയെ ഇറക്കിയത് കെസി വേണുഗോപാലിന്റെ തന്ത്രം, ചരിത്രത്തില്‍ ആദ്യമായി എല്ലാ വാര്‍ഡുകളിലും സഹായമെത്തിച്ചു

കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോണ്‍ഗ്രസ് പാര്‍ട്ടി അതിനൂതനവും കൃത്യവുമായ ഒരുക്കങ്ങളുമായി മുന്നേറുകയാണ്. വോട്ടര്‍ പട്ടികയുടെ തയ്യാറെടുപ്പ്
 

 തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോണ്‍ഗ്രസ് പാര്‍ട്ടി അതിനൂതനവും കൃത്യവുമായ ഒരുക്കങ്ങളുമായി മുന്നേറുകയാണ്. വോട്ടര്‍ പട്ടികയുടെ തയ്യാറെടുപ്പ് മുതല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെ എല്ലാ ഘട്ടങ്ങളും എ ഐ സി സി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം വോട്ടര്‍ പട്ടികയാണെന്ന് തിരിച്ചറിഞ്ഞ്, എ.ഐ.സി.സി. ചരിത്രത്തിലാദ്യമായി വ്യാപകമായ സാമ്പത്തിക സഹായമെത്തിച്ചു. വാര്‍ഡ്, മണ്ഡലം പ്രസിഡന്റുമാര്‍ മുതല്‍ ബൂത്ത് ലെവല്‍ പ്രവര്‍ത്തകര്‍ വരെ എല്ലാവരെയും ഉള്‍പ്പെടുത്തി പേരുചേര്‍ക്കല്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. എഐസിസിയുടെ നീക്കത്തിന് പിന്നില്‍ കെ.സി. വേണുഗോപാലിന്റെ നേരിട്ടുള്ള ഇടപെടലും നിര്‍ദേശങ്ങളുമാണ്. നാല് മാസം മുന്‍പേ തുടങ്ങിയ ഈ പ്രവര്‍ത്തനങ്ങള്‍, കോണ്‍ഗ്രസിന്റെ അടിത്തറയെ ശക്തിപ്പെടുത്തി.

ജനപ്രീതിയുള്ള യുവ കോണ്‍ഗ്രസ് നേതാവ് ശബരീനാഥനെ പോലുള്ള മുഖങ്ങളെ മുന്‍നിരയിലിറക്കാന്‍ വേണുഗോപാല്‍ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ലക്ഷ്യമിട്ട് ശബരീനാഥന്‍ മാസങ്ങള്‍ക്ക് മുന്‍പേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സമാനമായി, എല്ലാ കോര്‍പ്പറേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും ജനകീയരായ യുവനേതാക്കളെ അണിനിരത്താന്‍ എ.ഐ.സി.സി. കെ.പി.സി.സി.ക്ക് കര്‍ശന നിര്‍ദേശം നല്‍കി. 

തിരഞ്ഞെടുപ്പിന് മുന്‍പേ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ് കളം നിറഞ്ഞുകഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 71 സ്ഥാനാര്‍ത്ഥികളേയും കൊല്ലം കോര്‍പ്പറേഷനില്‍ 13 സ്ഥാനാര്‍ത്ഥികളേയും നേരത്തെ തന്നെ നിശ്ചയിച്ചത് കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കും. ബാക്കിയുള്ള കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവിടങ്ങളിലെ പട്ടികകളും ഉടന്‍ പ്രഖ്യാപിക്കും.

സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ ജനപ്രീതിയുള്ള യുവനേതാക്കള്‍, വനിതകള്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുക. മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിന്റെ ഏകോപന ചുമതല ഏറ്റെടുക്കും.

കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ എഐസിസിയുടെ ആസൂത്രണവും നിര്‍ദ്ദേശവും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പുതിയ ഉന്മേഷത്തോടെ മുന്നോട്ട് നയിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാനുള്ള ശക്തമായ അടിത്തറ ഇതിനകം തന്നെ പാര്‍ട്ടി സൃഷ്ടിച്ചു കഴിഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ പുതിയ മുഖങ്ങളും പുതിയ പ്രതീക്ഷകളും അവതരിപ്പിച്ചുകൊണ്ട്, കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്കുള്ള യാത്രയിലാണ്.