മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ പടപ്പുറപ്പാട്, അണികള്‍ക്കിടയില്‍ രോഷം പുകയുന്നു, ബ്രാഞ്ചു സമ്മേളനങ്ങളില്‍ രൂക്ഷമായ വാക്തര്‍ക്കം, സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനം
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും പാര്‍ട്ടിയും നിലപാടില്‍ അണികള്‍ക്കിടയില്‍ രോഷം പുകയുന്നു. ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുന്ന കാലമായതിനാല്‍ പാര്‍ട്ടിയുടെ നിലപാട് ഒരുതലത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം. മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ആഭ്യന്തര വകുപ്പ് സിപിഎമ്മിനെ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്നും തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയാകുമെന്നും അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
എഡിജിപി അജിത് കുമാറിനെതിരായ പിവി അന്‍വര്‍ എംഎല്‍എയുടേയും പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രി കൈക്കൊണ്ട നിലപാടിന് പാര്‍ട്ടി പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. അജിത് കുമാറിനെതിരെ യാതൊരു നടപടിയും കൈക്കൊള്ളാത്ത ആഭ്യന്തരവകുപ്പ് അന്‍വറിനെ തിരുത്താനും ആരോപണങ്ങളില്‍ നിന്നും പിന്മാറാനും ആവശ്യപ്പെട്ടത് അണികള്‍ക്കിടയില്‍ ചേരിതിരിവിന് ഇടയാക്കിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിനെ പിന്തുണച്ചിരുന്നവര്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ രോഷം പ്രകടിപ്പിച്ചു. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹതയാര്‍ന്ന നീക്കം നടത്തിയെന്ന് വ്യക്തമായിട്ടും അദ്ദേഹത്തെ മാറ്റി നിര്‍ത്താതെയാണ് അന്വേഷണം നടത്തുന്നത്. ആര്‍എസ്എസ്സിനോട് സന്ധിയില്ലാത്ത പോരാട്ടമെന്ന് പറയുമ്പോഴും ഇത്തരം നിലപാടുകള്‍ ആര്‍ക്കുവേണ്ടിയാണെന്ന് പാര്‍ട്ടി അംഗങ്ങള്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉന്നയിക്കുന്നു.
ആഭ്യന്തര മന്ത്രിസ്ഥാനം മുഖ്യമന്ത്രി ഒഴിയണമെന്ന ആവശ്യവും ശക്തമാണ്. പോലീസുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ കടുംപിടുത്തം പാര്‍ട്ടിയേയും സര്‍ക്കാരിനേയും തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലും അണികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, അന്‍വര്‍ ഉയര്‍ത്തിയ ആരോപണത്തില്‍ സിപിഎമ്മിന്റെ നിലപാട് എത്രമാത്രം ഫലപ്രദമാകുമെന്നത് കണ്ടറിയേണ്ടതാണ്.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും അതുകൊണ്ടുതന്നെ പരസ്യ പ്രതികരണം ഒഴിവാക്കണമെന്നുമാണ് സിപിഎമ്മിന്റെ നിര്‍ദ്ദേശം. ഇതേതുടര്‍ന്ന് അന്‍വര്‍ പരസ്യമായി പ്രതികരണം നടത്തില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്‍വറിന്റെ ആരോപണങ്ങളും അതേറ്റുപിടിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനവും സിപിഎം അണികളില്‍ ചാഞ്ചാട്ടമുണ്ടാക്കിയിട്ടുണ്ടെന്നുവേണം കരുതാന്‍. വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണായകമാകും.