അണികളുടെ ശബ്ദത്തിന് മുൻഗണന ; യുവത്വത്തെ മുന്നിൽ നിർത്തി സിപിഎമ്മിന്റെ ശൈലീമാറ്റം, തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വൻ സംഘടനാ നവീകരണം    

നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രപരമായ തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി മുന്നോട്ട് പോകുന്ന സിപിഎം കീഴ്ഘടകങ്ങളിലേക്കും തിരുത്തൽ വ്യാപിപ്പിക്കുകയാണ്.

 

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പി.ജയരാജനെയും എം.ബി.രാജേഷിനെയും പോലുളള നേതാക്കളെ ഉൾപ്പെടുത്തി സംഘടനാ നേതൃത്വം ശക്തിപ്പെടുത്തണമെന്ന് പാർട്ടിയുടെ എല്ലാ തലങ്ങളിൽ നിന്നും ആവശ്യമുയർന്നിരുന്നു.സൈബർ രംഗത്തെ പാർട്ടി അണികളും ഈ ആവശ്യം വ്യാപകമായി ഉന്നയിച്ചിരുന്നു.അങ്ങനെ താഴെത്തട്ട് മുതൽ ഉയർന്ന ആവശ്യത്തിന് ചെവികൊടുത്തുകൊണ്ടാണ് ഈ നേതാക്കളെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രപരമായ തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി മുന്നോട്ട് പോകുന്ന സിപിഎം കീഴ്ഘടകങ്ങളിലേക്കും തിരുത്തൽ വ്യാപിപ്പിക്കുകയാണ്.സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ കനത്ത പരാജയത്തിലേക്ക് നയിച്ച കാരണങ്ങളുടെ ഉത്തരവാദി എന്ന നിലയിൽ സംസ്ഥാന സെക്രട്ടറിയ്ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ച് മുന്നോട്ടുപോകുന്ന സിപിഎം സംഘടനാ തലത്തിൽ നവീകരണത്തിൻെറ പാതയിലാണ്.കോഴിക്കോട്ട് നടന്ന വിപുലീകൃത സംസ്ഥാന സമിതി കൈക്കൊണ്ട തീരുമാനങ്ങളും ആ ദിശയിലുളളതാണ്.

സംഘടനാ രംഗത്തും രാഷ്ട്രീയരംഗത്തും മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന നേതാക്കളെ ഉൾപ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് പുന:സംഘടിപ്പിരിക്കുന്നത്.മലബാർ മേഖലയിൽ പാർട്ടി അംഗങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുളള പി.ജയരാജനെയും രാഷ്ട്രീയ സംവാദ പരിപാടികളിൽ മികവ് തെളിയിച്ച എം.ബി.രാജേഷ്,തലസ്ഥാന ജില്ലയിലെ പാർട്ടിയുടെ ചാലകശക്തിയായ വി.ശിവൻകുട്ടി എന്നിവരെ ഉൾപ്പെടുത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുനസംഘടിപ്പിച്ചത്.സെക്രട്ടേറിയേറ്റിൽ ഇടംപിടിച്ച നേതാക്കളുടെ വ്യക്തിപരമായ മികവിനപ്പുറം അവരെ തിരഞ്ഞെടുത്ത രീതിയാണ് സിപിഎം മാറ്റത്തിന് തയാറായിരിക്കുന്നു എന്ന് വ്യക്തമാക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പി.ജയരാജനെയും എം.ബി.രാജേഷിനെയും പോലുളള നേതാക്കളെ ഉൾപ്പെടുത്തി സംഘടനാ നേതൃത്വം ശക്തിപ്പെടുത്തണമെന്ന് പാർട്ടിയുടെ എല്ലാ തലങ്ങളിൽ നിന്നും ആവശ്യമുയർന്നിരുന്നു.സൈബർ രംഗത്തെ പാർട്ടി അണികളും ഈ ആവശ്യം വ്യാപകമായി ഉന്നയിച്ചിരുന്നു.അങ്ങനെ താഴെത്തട്ട് മുതൽ ഉയർന്ന ആവശ്യത്തിന് ചെവികൊടുത്തുകൊണ്ടാണ് ഈ നേതാക്കളെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

നേരത്തെ പാർട്ടിയെ കൈയ്യടക്കി വെച്ചിരിക്കുന്ന നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങളായിരുന്നു പാർട്ടി ഘടകങ്ങളിലേക്ക് നേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ മാനദണ്ഡമായിരുന്നത്.ആ ശൈലിയിൽ നിന്നുളള പ്രകടമായ വഴിമാറ്റമാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് പുന:സംഘടനയിൽ തെളിയുന്നത്.സംസ്ഥാന സമിതിയിലേക്ക് പുതുതായി ഇടംപിടിച്ചവരുടെ പട്ടിക പരിശോധിച്ചാലും പാർട്ടിയുടെ സംഘടനാ തലത്തിൽ മാറ്റം കൊണ്ടുവരാനുളള ബോധപൂർവ്വമായ ശ്രമം കാണാം.സംസ്ഥാന സമിതിയിലേക്ക് കൊണ്ടുവന്ന 9 പേരിൽ എൻ.പ്രഭാ വർമ്മ ഒഴികെ ബാക്കി എല്ലാവരും യുവജന മുഖമാണ്. ഒരുകാലത്ത് വിദ്യാർത്ഥി സംഘടനയിലെ തീപ്പൊരി നേതാവായിരുന്ന എൻ.സുകന്യയുടെ സംസ്ഥാന സമിതിയിലേക്ക് ഉളള കടന്നുവരവാണ് ഏറ്റവും ശ്രദ്ധേയം.

നേതൃബാഹുല്യം ഏറെയുളള കണ്ണൂരിൽ ഏറെക്കാലമായി തഴയപ്പെട്ട് കിടന്നിരുന്ന എൻ.സുകന്യയ്ക്ക് ഇത് അർഹതയ്ക്കുളള അംഗീകാരമാണ്.ടെലിവിഷൻ ചർച്ചകളിലെ സിപിഎമ്മിൻെറ മുഖവും പാർട്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പുകളിൽ പടവെട്ടി പലവട്ടം തോൽക്കുകയും ചെയ്തിട്ടുളള ജെയ്ക്.സി.തോമസും സംസ്ഥാന സമിതിയിലെത്തിയിട്ടുണ്ട്.കോട്ടയത്തെ പാർട്ടിയിലെ തലതൊട്ടപ്പൻെറ ആലിംഗനത്തിൽ ഞെരിഞ്ഞമർന്നിരുന്ന ജെയ്ക്കിന് ഇതൊരു രക്ഷപ്പെടൽ കൂടിയാണ്.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എം.ശിവപ്രസാദ്,സെക്രട്ടറി പി.എസ്. സഞ്ജീവ്, അഖിലേന്ത്യാ പ്രസിഡൻറ് ആദർശ് എം.സജി എന്നിവരും ചെറിയ കാലയളവ് കൊണ്ടുതന്നെ സംസ്ഥാന സമിതിയിൽ ഇടംപിടിച്ചു.പാർട്ടിയിൽ യുവരക്തം വേണമെന്ന കേന്ദ്ര നേതൃത്വത്തിൻെറ നിഷ്കർഷയാണ് ഇവർക്കെല്ലാം സംസ്ഥാന സമിതിയിലേക്ക് വഴിയൊരുക്കിയത്.ജനകീയ നേതാക്കളായ സുരേഷ് കുറുപ്പിനെയും ടി. ശശിധരനെയും പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.പഴയ തെറ്റുകൾ തിരുത്തുകയാണ് സിപിഎം ഇതിലൂടെ ചെയ്യുന്നത്. തൃശൂരിലെ യുവനേതാവ് വൈശാഖനെ തിരികെയത്തിച്ചതും പുതിയ തീരുമാനങ്ങളുടെ ചുവടുപിടിച്ചാണന്നതിൽ സംശയമില്ല.ചാനൽ ചർച്ചകളിലെ സ്ഥിരം മുഖമായ എറണാകുളത്ത് നിന്നുളള ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.എസ്.അരുൺകുമാറും നേതൃത്വത്തിൻെറ സജീവ ശ്രദ്ധയിലുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം നടന്ന ഡിവൈഎഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ ഡോ.ചിന്താ ജെറോം സംസ്ഥാന പ്രസിഡൻറായി വന്നതും സിപിഎമ്മിൽ നടക്കുന്ന മാറ്റത്തിൻെറ തെളിവാണ്.പാർട്ടി അണികളും സൈബർ പോരാളികളും ഉന്നയിച്ച കടുത്ത എതിർപ്പിനെ മറികടന്നാണ് വനിതാ നേതാവായ ചിന്താ ജെറോമിനെ യുവജന പ്രസ്ഥാനത്തിൻെറ തലപ്പത്തേക്ക് കൊണ്ടുവന്നത്.ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡൻറായി വനിതാ നേതാവിനെ നിയോഗിക്കുന്നത് ഡി.വൈ.എഫ്.ഐയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്.സിപിഎം കേന്ദ്ര നേതൃത്വത്തിൻെറ ഇടപെടലാണ് ഈ മാറ്റത്തിന് പിന്നിലും.ഡി.വൈ.എഫ്.ഐ നേതൃത്വത്തിലേക്ക് വനിതകളെ കൊണ്ടുവരുന്നതിന് തുടക്കം കുറിച്ചത് കണ്ണൂരിൽ നിന്നാണ്.

കണ്ണൂർ ജില്ലാ പ്രസിഡൻറായി കെ.അനുശ്രീയെ നിയോഗിച്ച് കൊണ്ടായിരുന്നു തുടക്കം.തൃശൂരിൽ നിന്നുളള ഗ്രീഷ്മ അജയഘോഷ്, കണ്ണൂരിൽ നിന്നുളള അഫ്സൽ, കാസർകോട് നിന്നുളള രതീഷ് വെളളാട്ട് തുടങ്ങിയവരും ഡിവൈഎഫ്ഐ നേതൃത്വത്തിലെ യുവമുഖങ്ങളാണ്.കഴിഞ്ഞയാഴ്ച ആലപ്പുഴയിൽ സമാപിച്ച കർഷക സംഘത്തിൻെറ സംസ്ഥാന സമിതിയെ നിശ്ചയിച്ചതിലും സിപിഎമ്മിൻെറ ശൈലീമാറ്റം പൊസിറ്റീവായി പ്രതിഫലിച്ചിട്ടുണ്ട്.ഒരുപിടി ചെറുപ്പക്കാരെ കർഷക സംഘത്തിൻെറ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതാണ് ശ്രദ്ധേയമായത്. 

യുവനേതാക്കളായ ഇടുക്കിയിൽ നിന്നുളള പ്രത്യുഷ് സി.ജി, മലപ്പുറത്ത് നിന്നുളള അബ്ദുളളാ നവാസ്, ആലപ്പുഴയിൽ നിന്നുളള മനു.സി.പുളിക്കൽ, കൊല്ലത്ത് നിന്നുളള ബിജു   തിരുവനന്തപുരത്ത് നിന്നുളള ഐ.സാജു എന്നിവരാണ് കർഷക സംഘത്തിൻെറ സംസ്ഥാന സമിതിയിൽ എത്തിയത്.ഡി.വൈ.എഫ്.ഐയുടെ നേതാവായിരുന്ന പ്രത്യുഷ് സി.ജി മികച്ച സംഘാടകനായി അറിയപ്പെടുന്നയാളാണ്.ചെറുകിട തേയില കർഷകരെ സംഘടിപ്പിച്ച് സഹകരണ സംഘം രൂപീകരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കി വിപണിയിൽ എത്തിക്കുന്നതിന് സജീവമായ നേതൃത്വം കൊടുക്കുന്ന നേതാവ് കൂടിയാണ് പ്രത്യുഷ് മലപ്പുറത്തെ ഇടത് യുവജന - വിദ്യാർത്ഥി രംഗത്തെ ചുറുചുറുക്കുളള നേതാവാണ് അബ്ദുളള നവാസ്.നിരവധി വിദ്യാർത്ഥി യുവജന സമരങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുളള അബ്ദുളള നവാസും മികച്ച ട്രാക്ക് റെക്കോഡുളള നേതാവാണ്.

മലപ്പുറത്തെ സിപിഎമ്മിലെ വിഭാഗീയ ചേരിതിരിവിൽ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട അബ്ദുളള നവാസിൻെറ തിരിച്ചുവരവാണിത്.ആലപ്പുഴയിൽ നിന്നുളള സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ മനു.സി.പുളിക്കൽ അടുത്ത ജില്ലാ സെക്രട്ടേറിയായി പരിഗണിക്കപ്പെടുന്ന നേതാവാണ്.ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറായി തീരുമാനിച്ച ശേഷം അവസാന നിമിഷം വെട്ടിപ്പോയ മനുവിന് ഇപ്പോൾ ലഭിക്കുന്ന പരിഗണന ശുഭോദർക്കമാണ്.തിരുവനന്തപുരത്ത് നിന്ന് കർഷക സംഘം സംസ്ഥാന സമിതിയിൽ എത്തിയ ഐ.സാജുവും അതുല്യ സംഘാടകനാണ്. 

സംസ്ഥാനമാകെ ശ്രദ്ധനേടിയതും ഇടത് വിമർശകരുടെ പോലും അംഗീകാരം നേടിയതുമായ ഹൃദയപൂർവ്വം എന്ന പേരിലുളള ആശുപത്രികളിലെ ഭക്ഷണ വിതരണ പരിപാടി ആവിഷ്കരിച്ച് നടപ്പാക്കിയത് ഐ സാജു ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ്.തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ മാതൃകയാണ് ഇന്ന് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലേക്കും എത്തിയ ഭക്ഷണവിതരണ പരിപാടിയായി മാറിയത്..ആക്രി പെറുക്കി കിട്ടിയ പണം കൊണ്ട് ഡിവൈഎഫ്ഐക്ക് ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മിച്ചതും ഐ.സാജുവിൻെറ കാലത്താണ്. കർഷക സംഘത്തിൻെറ കണ്ണൂരിലെ ഏരിയാ സെക്രട്ടറിമാർ മാത്രമായ രാജീവൻ, പ്രശാന്തൻ എന്നിവരെയും യുവാക്കളാണെന്ന പരിഗണനയിൽ കർഷക സംഘത്തിൻെറ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി.ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമിതി അംഗങ്ങളായ ഇവരെ കർഷകസംഘത്തിൻെറ സംസ്ഥാന നേതൃത്വത്തിലേക്ക് പരിഗണിച്ചതും സിപിഎമ്മിലെ പുതിയ മാറ്റത്തിൻെറ സൂചനയാണ്.

പാർട്ടിയുടെയും വർഗ ബഹുജന സംഘടനകളുടെയും നേതസമിതികളുടെ പുനസംഘടനയിൽ മാത്രമല്ല പ്രവർത്തകരെ പാർട്ടിയിൽ നിന്ന് അകറ്റുന്ന കാര്യങ്ങളിലും സിപിഎം തിരുത്തൽ വരുത്തിയിട്ടുണ്ട്.പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ വരിക്കാരെ ചേർക്കുന്നതിൽ ചെലുത്തിയിരുന്ന സമ്മർദ്ദം അവസാനിപ്പിക്കാനുളള തീരുമാനമാണ് ഇതിൽ ശ്രദ്ധേയം.കൃത്യമായ ഇടവേളകളിൽ ദേശാഭിമാനി വാർഷിക വരിക്കാരെ കണ്ടെത്താനുളള കാമ്പയിൻ വരുന്നത് ബ്രാഞ്ച്, ലോക്കൽ തലത്തിലുളള പ്രവർത്തകർക്ക് വലിയ സമ്മർദ്ദമായിരുന്നു.2850രൂപ ഒന്നിച്ചടച്ച് ദേശാഭിമാനി വരിക്കാരാകാൻ കഴിയുന്നവരെ കണ്ടെത്താൻ പ്രയാസമായതോടെ പാർട്ടി അംഗത്വം ഉപേക്ഷിച്ച് പോകുന്ന പ്രവണത ശക്തമാണ്.ഇത് കണക്കിലെടുത്ത് ദേശാഭിമാനിയുടെ അച്ചടിച്ച് വിതരണം ചെയ്യുന്ന പത്രം പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഓൺലൈൻ പതിപ്പിന് പ്രചാരം നൽകാനാണ് പുതിയ തീരുമാനം.

പത്രത്തിന് ഒപ്പം ഓൺലൈൻ ചാനലായി കൂടി വികസിപ്പിക്കാനാണ് വിപുലീകൃത സംസ്ഥാന സമിതിയുടെ തീരുമാനം.എല്ലാ വർഗബഹുജന സംഘടനകൾക്കും മുഖമാസിക ഉളളതോടെ പ്രസിദ്ധീകരണങ്ങളുടെ വലിയ ബാഹുല്യം അനുഭവപ്പെടുന്നുണ്ട്.ഇതും അവസാനിപ്പിക്കാനാണ് തീരുമാനം.പോഷക സംഘടനകളുടെ മുഖമാസികകൾ ഓൺലൈൻ പതിപ്പുകളായി മാറ്റാനാണ് വിപുലീകൃത സംസ്ഥാന സമിതിയിലെ തീരുമാനം.താഴെത്തട്ടിലുളള പ്രവർത്തകരുടെ ജോലി ഭാരം കുറയ്ക്കുന്നതിനുളള നടപടികളും സിപിഎം സ്വീകരിച്ചിട്ടുണ്ട്.

പാർട്ടിയുടെയും വർഗ ബഹുജന സംഘടനകളുടെയും പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ അടിത്തട്ടിലെ പ്രവർത്തകർ അമിതമായ ജോലിഭാരമാണ് അനുഭവിക്കുന്നത്.ഇതിന് അന്ത്യം കുറിക്കുന്നതിൻെറ ഭാഗമായി എല്ലാവരും എല്ലാ പരിപാടിയിലും പങ്കെടുക്കുന്ന രീതി അവസാനിപ്പിക്കും.ഓരോ സംഘടനയുടെയും പരിപാടികളിൽ അതാത് മേഖലയിൽ പ്രവർത്തിക്കുന്നവരെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്നാണ് പുതിയ തീരുമാനം.ജനകീയ അടിത്തറ വീണ്ടെടുക്കാനും ജനങ്ങളുടെ അതൃപ്തി പരിഹരിക്കാനും പാർട്ടി താഴെത്തട്ടിലേക്ക് നേരിട്ടിറങ്ങുന്ന ഈ തിരുത്തൽ നടപടികൾ സിപിഎമ്മിനെ സഹായിക്കും എന്നാണ് പ്രതീക്ഷ.