പി.വി അന്‍വര്‍ വെടിയുതിര്‍ക്കുന്നതാര്‍ക്കെതിരെ? പാലൂട്ടിയ കൈകള്‍ക്കു തന്നെ കടിക്കുന്ന അന്‍വറിനെ സി പി എം ഒതുക്കുമോയെന്ന ചോദ്യമുയരുകയാണ് 

എ.ഡി.ജി.പി എം. ആര്‍ അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ നിലമ്പൂര്‍ എം. എല്‍. എ പി.വി അന്‍വര്‍ കടുത്ത വിമര്‍ശനങ്ങളുമായി പരസ്യമായി രംഗത്തു വന്നത് സി.പി. എമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നു. ഒരുഭരണകക്ഷി എം. എല്‍. എ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ തലപ്പത്തിരിക്കുന്ന രണ്ടു പേര്‍ക്കെതിരെ അതീവഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നത് അസ്വാഭാവികമായ സംഭവവികാസമായാണ് വിലയിരുത്തപ്പെടുന്നത്.
 

കണ്ണൂര്‍: എ.ഡി.ജി.പി എം. ആര്‍ അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ നിലമ്പൂര്‍ എം. എല്‍. എ പി.വി അന്‍വര്‍ കടുത്ത വിമര്‍ശനങ്ങളുമായി പരസ്യമായി രംഗത്തു വന്നത് സി.പി. എമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നു. ഒരുഭരണകക്ഷി എം. എല്‍. എ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ തലപ്പത്തിരിക്കുന്ന രണ്ടു പേര്‍ക്കെതിരെ അതീവഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നത് അസ്വാഭാവികമായ സംഭവവികാസമായാണ് വിലയിരുത്തപ്പെടുന്നത്. എഡിജിപി എം ആര്‍ അജിത്  കുമാര്‍ കൊലപാതകിയാണെന്നും  സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നുമാണ് അന്‍വര്‍ മധ്യമങ്ങളോട് ആരോപിച്ചത്. 

'അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണ്. ഡാന്‍സാഫ് (ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്) പ്രവര്‍ത്തിക്കുന്നത് സ്വര്‍ണ്ണക്കടത്ത് ലോബിയുമായി ചേര്‍ന്നാണ്. പത്തനംതിട്ട എസ്പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നത്.  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, എ.ഡി.ജി.പി എം. ആര്‍ അജിത് കുമാര്‍,  പത്തനംതിട്ട എസ്.പിി സുജിത് ദാസ്, ഡാന്‍സാഫ് കസ്റ്റംസ് ഇവരെല്ലാം ചേര്‍ന്ന പവര്‍ ഗ്രൂപ്പുണ്ടെന്നായിരുന്നു അന്‍വറിന്റെ ആരോപണം.

Also read: അജിത് കുമാർ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ; പി.വി .അൻവറിന്റെ ആരോപണം ഗുരുതരമെന്ന് കെ. സുരേന്ദ്രൻ

സുജിത് ദാസ് മുന്‍പ് കസ്റ്റംസില്‍ ഉദ്യോഗസ്ഥനായിരുന്നു. ദുബായില്‍ നിന്ന് വരുന്ന സ്വര്‍ണം വരുമ്പോ സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കണ്ടെത്തിയാലും കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന്  പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം ഇവര്‍ കൈക്കലാക്കും. ഇതാണ് രീതിയെന്ന് അന്‍വര്‍ ആരോപിച്ചു.

സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ കൊലപാതകം ചെയ്യിച്ചു. കോഴിക്കോട് മാമി എന്നൊരാളെ ഒരു വര്‍ഷം മുന്‍പ് കാണാതായിട്ടുണ്ട്. കൊന്നുകളഞ്ഞു എന്നാണ് കരുതുന്നത്. എടവണ്ണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബിജുവിന്റെ ഫോണ്‍ ചോര്‍ത്തിയിരുന്നു. ഇതിന് പിന്നിലും താത്പര്യങ്ങളുണ്ടായിരുന്നു. അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണ്. ഇയാള്‍ കൊന്നിട്ടുണ്ട്, കൊല്ലിച്ചിട്ടുണ്ട്, ആത്മഹത്യ ചെയ്യിച്ചിട്ടുണ്ടെന്നും അന്‍വര്‍ വെളിപ്പെടുത്തി.

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ ഈ പാര്‍ടിയെയും ഗവണ്‍മെന്റിനേയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് എം ആര്‍ അജിത്കുമാറിന്റെ ഒപ്പമുള്ള കേരള പൊലീസിലെ ഒരു വിഭാഗം. എംഎല്‍എ നിയമസഭയിലുന്നയിച്ച വിഷയത്തില്‍ പൊലീസിന്റെ നിലപാടെന്താണെന്ന് ചോദിക്കുമ്പോള്‍ ഒരു  അടിസ്ഥാനവുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ പൊലീസാണോ നീതി നടപ്പിലാക്കുന്നത്. എം ആര്‍ അജിത് കുമാറാണോ ഗവണ്‍മെന്റിനെ സഹായിക്കുന്നത്. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി മുന്‍പാകെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്‍വര്‍ വ്യക്തമാക്കിയത്.

അന്‍വറിന്റെ തുറന്നടിക്കല്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് പരസ്യമായി പ്രതിരോധിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് സി.പി. എമ്മിന് സൃഷ്ടിച്ചിരിക്കുന്നത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുമെന്ന എല്‍.ഡി. എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്റെ ഒഴുക്കന്‍ മട്ടിലുളള പ്രതികരണമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. അത്യന്തം ഗുരുതരമായആരോപണങ്ങളാണ് അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒരു ഭരണകക്ഷി എം. എല്‍. എ തന്നെ ഇത്തരം ആരോപണങ്ങളുമായി രംഗത്തുവന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ വ്യക്തമായ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണ് അന്‍വറിന്റെ ഹാലിളക്കമെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുസ്‌ലിം ലീഗിലെ ചില നേതാക്കളുമായിഅന്‍വറിനുളള ബന്ധമാണ് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നത്. രണ്ടുവട്ടം നിലമ്പൂര്‍ എം. എല്‍. എയായിരുന്ന പി.വി അന്‍വര്‍ മന്ത്രിസഭാ പുന:സംഘടനത്തയില്‍ മന്ത്രിപദവി കിട്ടുമെന്ന് മോഹിച്ചിരുന്നു. വി. അബ്ദുറഹ്മാനെ മാറ്റി തന്നെ മന്ത്രിയാക്കണമെന്ന് അന്‍വര്‍ സി.പി. എം നേതൃത്വത്തിനോട് ആവശ്യപ്പെട്ടുവെങ്കിലും അന്‍വറിന്റെ മോശം ഇമേജുകാരണം പരിഗണിച്ചില്ല. അന്‍വര്‍ തുടച്ചയായി വിവാദങ്ങളില്‍ ചാടുന്നത് രാഷ്ട്രീയ സദാചാരം പാലിക്കാത്തതുമാണ് പാര്‍ട്ടിയെ പുറകോട്ടടിപ്പിച്ചത്. 

Also read: പാര്‍ട്ടിയില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ ആത്മകഥയുമായി ഇ.പിയെത്തുമോ ? സി.പി. എം നേതൃത്വത്തിന് തലവേദനയായി ഉന്നത നേതാവ്തനിക്കെതിരെയുളള ആരോപണങ്ങളില്‍ തിരിച്ചടിക്കാന്‍ കണ്ണൂരിലെ കരുത്തന്‍ കളത്തിലിറങ്ങുന്നു

ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചു കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റു പിടിച്ചെടുത്ത അന്‍വറിന് വീണ്ടും മത്‌സരിക്കാനും സി.പി. എം അവസരം നല്‍കില്ലെന്ന സംസാരവും പാര്‍ട്ടിക്കുളളിലുണ്ട്. ഇതോടെയാണ് മറുകണ്ടം ചാടാനുളള പദ്ധതിക്ക് അന്‍വര്‍ രൂപം നല്‍കിയത്. നിലമ്പൂര്‍ സീറ്റില്‍ യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്‌സരിച്ചാല്‍ മുസ്‌ലിം ലീഗ് പിന്‍തുണ നല്‍കുമെന്ന വിവരവും അണിയറയില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ആദ്യം മലപ്പുറം എസ്.പിക്കെതിരെ ആരോപണവുമായി അന്‍വര്‍ പരസ്യമായി രംഗത്തു വന്നത്. 

ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തരായ എ.ഡി.ജി.പിക്കും പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും വെടിയുതിര്‍ത്തു  കഴിഞ്ഞു. അടുത്തത് മുഖ്യമന്ത്രിക്കെതിരെ തന്നെയാകുമെന്ന കണക്കുകൂട്ടലിലാണ് സി.പി. എം. അതുകൊണ്ടു തന്നെ പാര്‍ട്ടി പാലൂട്ടിവളര്‍ത്തുകയും അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയും ചെയ്തിരുന്ന സര്‍ക്കാരും സി.പി. എമ്മും പുനര്‍വിചിന്തനത്തിന്റെ പാതയിലാണ്.അന്‍വറിനെതിരെ ജനവാസ കേന്ദ്രത്തില്‍ തടയണ കെട്ടി അമ്യൂസ്‌മെന്റ് പാര്‍ക്കുണ്ടാക്കിയതടക്കമുളള കേസുകള്‍ വരും നാളുകളില്‍ കൂടുതല്‍ ശക്തമായേക്കും.